Tuesday, July 31, 2012

പ്രാര്‍ത്ഥനയ്ക്ക് നന്ദി പറഞ്ഞ് സ്വാതികൃഷ്ണ ആശുപത്രി വി


കൊച്ചി: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്വാതികൃഷ്ണ ആശുപത്രി വിട്ടു. എറണാകുളം അമൃതാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്വാതി ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. തന്റെ രോഗം ഭേദമാകാന്‍ പ്രാര്‍ത്ഥിച്ചവരോട് നന്ദിയുണ്ടെന്ന് സ്വാതി പറഞ്ഞു. തുടര്‍ചികിത്സയ്ക്കായി ആശുപത്രിയ്ക്കടുത്ത് വാടകവീട്ടില്‍ തങ്ങുകയാണ് സ്വാതിയും കുടുംബവും.

സ്വാതികൃഷ്‌ണ ഇന്ന്‌ ആശുപത്രിവിടും


കൊച്ചി: കരള്‍മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ്‌ സുഖംപ്രാപിച്ചുവരുന്ന സ്വാതികൃഷ്‌ണ ഇന്ന്‌ ആശുപത്രിവിടും. തുടര്‍ ചികിത്സയുടെ സൗകര്യാര്‍ഥം മൂന്നുമാസത്തോളം ആശുപത്രിക്കു സമീപം തന്നെ വാടകക്കെടുത്ത വീട്ടിലായിരിക്കും താമസം. എങ്കിലും ആശുപത്രിയിലേതുപോലെ കഴിയണമെന്നതാണ്‌ ഡോക്‌ടര്‍മാരുടെ നിര്‍ദേശം. അണുബാധയുണ്ടാകാതെ സൂക്ഷിക്കണം.അധികം സന്ദര്‍ശകര്‍ പാടില്ല. പ്രത്യേക മുറിയില്‍ പ്രത്യേകമായി തയാറാക്കുന്ന ഭക്ഷണ സാധനങ്ങള്‍ മാത്രമേ കഴിക്കാവൂ.
ഇന്നലെ വരെ ആശുപത്രിയില്‍ തയാര്‍ ചെയ്‌ത ഭക്ഷണം മാത്രമാണ്‌ കൊടുത്തത്‌. പച്ചക്കറികളും പയര്‍വര്‍ഗങ്ങളും കൂടുതലായി കൊടുക്കണം. പാലും പഴവും ആരോഗ്യം വീണ്ടെടുക്കാന്‍ അത്യാവശ്യമാണ്‌. അണുവിമുക്‌തമായ വസ്‌ത്രങ്ങളാണ്‌ വീട്ടിലും ഉപയോഗിക്കേണ്ടത്‌. വളരെവേഗമാണ്‌ സ്വാതിയുടെ ആരോഗ്യനില പുരോഗമിക്കുന്നതെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. 
പ്രതിമാസം പതിനായിരം രൂപയ്‌ക്കാണ്‌ ആശുപത്രിയുടെ സമീപത്തുതന്നെ സ്വാതിക്കുതാമസിക്കാന്‍ വീടുലഭിച്ചത്‌. പ്രതിമാസം ചികിത്സ ചെലവിന്‌ ഇനിയും നല്ല ചെലവുവരും. ഇന്ന്‌ ആശുപത്രിവിട്ടാലും, 6ന്‌ വീണ്ടും ആശുപത്രിയിലെത്തെണം. പ്രത്യേക പരിശോധനകളും പുരോഗതിയും വിലയിരുത്താനാണിത്‌. ഇതുപോലെ മൂന്നുമാസവും നിശ്‌ചിത ദിവസം ആശുപത്രിയിലെത്തി പരിശോധനകള്‍ക്ക്‌ വിധേയയാകണം. കഴിഞ്ഞ 8-നാണ്‌ മഞ്ഞപിത്തം കടുത്ത്‌ കരള്‍ പ്രവര്‍ത്തനരഹിതമായി സ്വാതിയെ അമൃതയില്‍ പ്രവേശിപ്പിച്ചത്‌. ഒരാഴ്‌ചയോളം അബോധാവസ്‌ഥയില്‍ കിടന്നു. 13ന്‌ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞു.
ജൂണ്‍ 25-നാണ്‌ സ്വാതി കൃഷ്‌ണയ്‌ക്ക് പനിയും മഞ്ഞപിത്ത ലക്ഷണവും കണ്ടത്‌. കൈപ്പട്ടൂര്‍ ഹെല്‍ത്ത്‌ സെന്ററിലാണ്‌ ആദ്യം ചികിത്സ തേടിയത്‌. പിന്നീട്‌ പച്ചമരുന്ന്‌ ചികിത്സ ഉള്‍പ്പെടെ നിരവധി ആശുപത്രികളില്‍ വ്യത്യസ്‌ത മരുന്നുകള്‍ കഴിച്ചു.

Saturday, July 28, 2012

കൂട്ടുകാരെ കാണാന്‍ കൊതിച്ചു സ്വാതി


Newspaper Editionകൊച്ചി: മോളേ. . . സ്‌കൂളിലെ സിജി മാഷ് വിളിക്കുന്നു എന്നു പറഞ്ഞ് അച്ഛന്‍ കൃഷ്ണന്‍കുട്ടി തന്റെ കൈയിലെ ഫോണ്‍ പതിയെ സ്വാതിയുടെ ചെവിയുടെ അടുത്തേയ്ക്ക് അടുപ്പിച്ചു. ഫോണില്‍ മുഖം ചേര്‍ത്തുവെച്ച് പതിഞ്ഞ സ്വരത്തില്‍ സ്വാതി പറഞ്ഞു. ''മാഷേ. . . എനിക്ക് എല്ലാം ഭേദമാകാറായിട്ടോ. . . എനിക്ക് കൂട്ടുകാരെ കാണാന്‍ കൊതിയായി മാഷേ. അതു കൊണ്ട് ഞാന്‍ അടുത്ത മാസമങ്ങു വരും. ഇനിയും വൈകിയാല്‍ പഠിക്കാന്‍ ഏറെ ഉണ്ടാകും''. മകളുടെ ഈ വാക്കുകള്‍ കേട്ട് അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞു. കൈകളില്‍ നിന്ന് വഴുതിപ്പോയ മൊബൈല്‍ താങ്ങി നിര്‍ത്താന്‍ കൃഷ്ണന്‍കുട്ടി ഏറെ പാടുപെട്ടു. 
സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെടുമെന്ന് തോന്നിയ ദിവസങ്ങള്‍. പ്രാര്‍ത്ഥനയ്ക്ക് പോലും ശക്തിയുണ്ടോയെന്ന് സംശയം തോന്നിയ നിമിഷങ്ങള്‍. ആ കാലഘട്ടമെല്ലാം വെറും ഓര്‍മകളാക്കിയ ഒരച്ഛന്റെ പുത്തന്‍ പ്രതീക്ഷയാണിപ്പോള്‍ ഈ മകള്‍. തന്റെ ജീവിതത്തിന്റെ വിലപ്പെട്ട എട്ടു ദിവസങ്ങള്‍ അഗാധ നിദ്രയ്ക്ക് പകുത്തു നല്‍കിയതറിയാതെ, മൂന്നാഴ്ചയോളം നീളുന്ന ആസ്​പത്രി വാസത്തിന് ഒരാഴ്ചയ്ക്കകം വിടപറയാന്‍ തയ്യാറെടുക്കുകയാണ് സ്വാതി. 
ആസ്​പത്രി വിട്ടാലും മാസങ്ങളോളം ചികിത്സ തുടരേണ്ടതിനാല്‍ ആസ്​പത്രിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടെടുത്തു കഴിഞ്ഞു കൃഷ്ണന്‍കുട്ടി. ഇനി അവിടെ താമസിച്ചായിരിക്കും മകളെ തുടര്‍ ചെക്കപ്പുകള്‍ക്കായി കൊണ്ടുപോവുക. പഠിത്തം മുടങ്ങാതിരിക്കാനായി വീട്ടില്‍ വന്നു പഠിപ്പിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. അതിസങ്കീര്‍ണമായ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം ആദ്യമായി സ്വാതിയുടെ ചിത്രം ആസ്​പത്രി അധികൃതര്‍ പുറത്തുവിട്ടു. കണ്ണുകളില്‍ പഴയ കുസൃതിയും തിളക്കവും. ഏറെ സന്തോഷവതിയായാണ് സ്വാതി കാണപ്പെട്ടത്. 
ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. ഭക്ഷണം കഴിക്കുന്നുണ്ട്. സംസാരശേഷിയില്‍ പുരോഗതി വരാനുണ്ട്. കടപ്പാടുകള്‍ പറഞ്ഞാല്‍ തീരില്ലെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു. 
സ്വാതികൃഷ്ണയുടെ ശസ്ത്രക്രിയയ്ക്ക് ഒരു ദിവസം മുമ്പ് അമൃത ആസ്​പത്രി ഗസ്റ്റ് ഹൗസിലെ 725-ാം നമ്പര്‍ മുറിയില്‍ അനിയനോട് കൃഷ്ണന്‍ കുട്ടി ചോദിച്ചു, ''ഇനി നമ്മള്‍ എന്താണ് ചെയ്യുക'' ? പോലീസ് കോണ്‍സ്റ്റബിളായ അനിയന്‍ സന്തോഷ് ഉടനെ തിരുവനന്തപുരത്തിന് പോകാം എന്നു പറഞ്ഞു. നേരെ പോയത് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക്. പിന്നീട് കാര്യങ്ങള്‍ വേഗത്തിലായിരുന്നു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മാധ്യമങ്ങള്‍, കരള്‍ പകുത്തുനല്‍കിയ ഇളയമ്മ റെയ്‌നി. . . ആര്‍ക്കൊക്കെ നന്ദി പറയണമെന്ന് കൃഷ്ണന്‍കുട്ടിക്കറിയില്ല. 
സ്വാതികൃഷ്ണയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സഹായിച്ച വഴികളെ ഓര്‍ത്തെടുക്കുകയാണ് ഈ അച്ഛന്‍. ഒരു നാടിന്റെ കരളലിഞ്ഞ പ്രാര്‍ത്ഥനകളില്‍ ദൈവത്തിന്റെ കരങ്ങള്‍ അവളെ സ്​പര്‍ശിച്ചു. അപ്പോള്‍ ശാസ്ത്രത്തിന് പോലും അത്ഭുതമായി സ്വാതികൃഷ്ണ വീണ്ടും ജീവിതത്തിലേക്ക് പിച്ചവെച്ചു. ''വല്ലാത്ത കടല്‍ നീന്തിക്കടന്ന അവസ്ഥയാണ്'' - കൃഷ്ണന്‍കുട്ടി പറഞ്ഞു. ആറു ദിവസത്തോളം അബോധാവസ്ഥയിലായിരുന്ന സ്വാതിയെ ജൂലായ് 13-നാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. അമ്മ രാജിയും അച്ഛന്‍ കൃഷ്ണന്‍ കുട്ടിയുമാണ് സ്വാതികൃഷ്ണയ്ക്ക് കൂട്ടിരിക്കുന്നത്. കരള്‍ ദാതാവ് റെയ്‌നി ആസ്​പത്രി ഗസ്റ്റ് ഹൗസില്‍ സുഖം പ്രാപിച്ചുവരുന്നു.

ഒരു ഫീനിക്സ് പക്ഷിയെ പോലെ അവള്‍ ഉയിര്‍ത്തെഴുനേറ്റു


കൊച്ചി: കരുണ കാട്ടിയ ലോകത്തെ കവിള്‍ നിറഞ്ഞ ചിരിയോടെ സ്വാതി നോക്കി. കണ്ടു നിന്നവരുടെ മനസു നിറഞ്ഞു. അറിയാവുന്ന ഭാഷയില്‍ സകലരോടും നന്ദി. 
കരള്‍മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക്‌ വിധേയയായി അമൃതാ ആശുപത്രിയില്‍ കഴിയുന്ന സ്വാതിയുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടു. നമുക്കിടയിലേക്ക്‌ അവള്‍ വീണ്ടും വരികയാണ്‌. 
സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങി. ഒരാഴ്‌ചയ്‌ക്കകം ഐ.സി.യുവില്‍ നിന്നു മുറിയിലേക്കു മാറ്റാനാകും. കാലിലെ നീര്‌ മാറിയിട്ടുണ്ട്‌. എങ്കിലും നടക്കുമ്പോള്‍ വേച്ചുപോകുന്നു. ഇടയ്‌ക്ക് അച്‌ഛന്റെയും അമ്മയുടെയും കൈപിടിക്കും ബാല്യത്തിലെന്ന പോലെ. കൈയ്‌ക്ക് വിറയല്‍ ഉണ്ട്‌. കരളിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ തുടരുന്നു. സംസാര ശേഷിയില്‍ പുരോഗതി കൈവരിക്കാനുണ്ടെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചു.
സംസാരം നന്നായി തെളിഞ്ഞിട്ടില്ലെങ്കിലും ഇന്നലെ അധ്യാപകരെയും സഹപാഠികളെയും സ്വാതി ഫോണില്‍ വിളിച്ചു. 'നിങ്ങള്‍ക്കൊക്കെ എത്ര മാര്‍ക്കു കിട്ടി?' എന്നു മാത്രമാണ്‌ അവള്‍ക്ക്‌ അറിയാനുണ്ടായിരുന്നത്‌. 'സ്വാതിക്കു കിട്ടിയ മാര്‍ക്കു തന്നെയാണ്‌ ഞങ്ങള്‍ക്കും' കൂട്ടുകാരികളെല്ലാം ഒരേ മറുപടിയാണു പറഞ്ഞത്‌. ഒരു മാസം കഴിഞ്ഞ്‌ യൂണിഫോമിട്ടു സ്‌കൂളില്‍ പോകുന്നതും കാത്തിരിക്കുകയാണ്‌ സ്വാതി.

Friday, July 27, 2012

മന്ത്രി അനൂപ്‌ ജേക്കബിന് സ്വീകരണം നല്‍കി.

ജനമൈത്രി പോലീസ് ബീറ്റ് II ആഭുമുഖ്യത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ വന്ന ബഹുമാനപ്പെട്ട ഭകഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ്‌ ജേക്കബിനെ എം.കെ.എം സ്കൂളിലേക്ക് സ്വീകരിച്ചാനയിക്കുന്നു. പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌, വൈസ് പ്രസിഡണ്ട്‌ അന്നമ്മ ഡോമി ,പിറവം രാജാധിരാജ സെന്‍റ് മേരീസ്‌ കത്തീഡ്രല്‍ ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, സ്കൂള്‍ മാനേജര്‍ പി സി ചിന്നക്കുട്ടി, ഹെഡ്മാസ്റ്റര്‍ കെ വി ബാബു,പി ടി എ പ്രസിഡണ്ട്‌ എം.ഒ.വര്‍ഗീസ്‌,ശ്രീമതി ഐഷ മാധവ് എന്നിവര്‍ സമീപം .
ജനമൈത്രി പോലീസ് ബീറ്റ് II ആഭുമുഖ്യത്തില്‍ എം കെ എം സ്കൂളില്‍ നടത്തിയ സെമിനാര്‍ ബഹുമാനപ്പെട്ട ഭകഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ്‌ ജേക്കബ്‌ ഉദ്ഘാടനം ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌,വൈസ് പ്രസിഡണ്ട്‌ അന്നമ്മ ഡോമി ,പിറവം രാജാധിരാജ സെന്‍റ് മേരീസ്‌ കത്തീഡ്രല്‍ ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, സ്കൂള്‍ മാനേജര്‍ പി സി ചിന്നക്കുട്ടി, ഹെഡ്മാസ്റ്റര്‍ കെ വി ബാബു, പി ടി എ പ്രസിഡണ്ട്‌ എം.ഒ.വര്‍ഗീസ്‌, ശ്രീമതി ഐഷ മാധവ് എന്നിവര്‍ സമീപം .

Tuesday, July 24, 2012

സ്വാതികൃഷ്ണയെ മുറിയിലേക്ക് മാറ്റി

കൊച്ചി; അടിയന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായി അമൃത ആസ്​പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സ്വാതികൃഷ്ണയെ റൂമിലേക്ക് മാറ്റി. ട്രാന്‍സ്​പ്ലാന്റ് വാര്‍ഡിലുള്ള മുറിയിലേക്കാണ് തിങ്കളാഴ്ച രാത്രിയോടെ സ്വാതിയെ മാറ്റിയത്. സ്വാതിയുടെ നില തൃപ്തികരമാണ്. കരള്‍സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലാബ് പരിശോധനകളുടെയും ഡോപ്ലര്‍ സ്‌കാന്‍ എന്നിവയുടെയും ഫലം തൃപ്തികരമാണ്. ഭക്ഷണവുമായി പൊരുത്തപ്പെട്ടുവരുന്നതായും ആസ്​പത്രി അധികൃതര്‍ അറിയിച്ചു. 
മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് അബോധാവസ്ഥയിലായിരുന്ന സ്വാതികൃഷ്ണയെ ജൂലായ് 13-നാണ് അടിയന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. അവയവദാനം സംബന്ധിച്ച നിയമ സങ്കീര്‍ണതകള്‍ക്കു ശേഷം ഇളയമ്മ റെയ്‌നി തന്റെ കരള്‍ സ്വാതിക്ക് പകുത്ത് നല്‍കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ കാലുകള്‍ അനങ്ങുകയും കണ്ണുകള്‍ ചിമ്മുകയും ചെയ്തിരുന്നു. പിന്നീട് നാലുദിവസത്തിനുശേഷം സ്വാതി ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തിരുന്നു. 
സ്വാതിയെ മുറിയിലേക്ക് മാറ്റിയെങ്കിലും അണുബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ മുന്‍കരുതല്‍ എടുത്തിട്ടുള്ളതായി ആസ്​പത്രി മെഡിക്കല്‍ ടീം അറിയിച്ചു. അടുത്ത രണ്ടു ബന്ധുക്കളെ മാത്രമേ മുറിയില്‍ ഇരിക്കാന്‍ അനുവദിച്ചിട്ടുള്ളു. മറ്റ് സന്ദര്‍ശകരെ ആരെയും മുറിയില്‍ കയറ്റില്ല. സ്വാതിക്ക് കരള്‍ നല്‍കിയ റെയ്‌നിയെ മന്ത്രി പി.ജെ. ജോസഫ് സന്ദര്‍ശിച്ചു.

Monday, July 23, 2012

Sunday, July 22, 2012

സ്വാതി ചിരിച്ചു, കൈപൊക്കി റ്റാറ്റ പറഞ്ഞു

മോഹന്‍ലാല്‍ സ്വതിയ്ക്ക് കരള്‍ പകുത്തു നല്‍കിയ റെയിനിയെ അനുമോദിക്കുന്നു.   
പിറവം: ഒരു മാസത്തോളം നീണ്ട ഇരുണ്ട നാളുകള്‍ക്കൊടുവില്‍ പൊന്നുമോള്‍ 'കുഞ്ഞി' ചിരിച്ച് തലയാട്ടിയപ്പോള്‍ അച്ഛന്റെ മനസ്സില്‍ ആശ്വാസം. കരള്‍ മാറ്റിവയ്ക്കല്‍ കഴിഞ്ഞ് അതിവേഗം ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന സ്വാതിയെ ശനിയാഴ്ചയാണ് അച്ഛന്‍ കൃഷ്ണന്‍കുട്ടി അടുത്തു ചെന്ന് കണ്ടത്.

രാവിലെ 11മണിയോടെയാണ് അമൃത ആസ്​പത്രിയിലെ തീവ്രപരിചരണവിഭാഗത്തിന്റെ ഒറ്റപ്പെട്ട മുറിയിലേയ്ക്ക് വിളിച്ച് മകളെ കാണിച്ചത്. അച്ഛന്റെ വിളി കേട്ട് കണ്ണ്തുറന്ന സ്വാതി ചിരിച്ചു. മറുപടിയായി തലയനക്കി, ചുണ്ടനക്കി, നേര്‍ത്ത ശബ്ദത്തില്‍, വായിക്കാന്‍ എന്തെങ്കിലും വേണമെന്നാവശ്യപ്പെട്ടു. മിനിറ്റുകള്‍ മാത്രം നീണ്ട കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ അച്ഛന്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മകള്‍ കൈപൊക്കി റ്റാറ്റ നല്‍കി.

സ്വാതിക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം കുറഞ്ഞ അളവില്‍ കൊടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ചെറിയ കഷണം ദോശയും കഴിച്ചുവെന്ന് അച്ഛന്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലെ നേഴ്‌സുമാര്‍ സ്വാതിയെ കൊണ്ട് കൈകാലുകള്‍ അനക്കിക്കുന്നുണ്ട്. ശനിയാഴ്ച ഏതാനും അടി നടത്തിക്കുകയും ചെയ്തു.

അതിനിടെ സ്വാതിക്ക് കരള്‍ പകുത്ത് നല്‍കിയ ഇളയമ്മ റെയ്‌നിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും അവര്‍ നാട്ടിലേയ്ക്ക് ഉടനെ മടങ്ങുന്നില്ല. ആസ്​പത്രി ഗസ്റ്റ്ഹൗസില്‍ താമസിക്കുന്ന റെയ്‌നി ആഗസ്ത് മൂന്നിന് അടുത്ത ചെക്ക്അപ്പ് കൂടി കഴിഞ്ഞിട്ടേ നാട്ടിലേയ്ക്ക് മടങ്ങുന്നുള്ളൂ. ഇടുക്കി തൊടുപുഴ ചെപ്പുകുളത്താണ് റെയ്‌നിയുടെ വീട്. ചെപ്പുകുളത്തെ വീട്ടിലേയ്ക്കുള്ള യാത്ര ദുഷ്‌കരമാണ്. ആസ്​പത്രിയില്‍ ചേച്ചിയും സ്വാതിയുടെ അമ്മയുമായ രാജിയാണ് റെയ്‌നിക്ക് കൂട്ട്.

ഗസ്റ്റ് ഹൗസിലേക്ക് മാറിയ റെയ്‌നിയെ കാണാന്‍ ശനിയാഴ്ച മക്കളെത്തിയിരുന്നു. പത്തില്‍ പഠിക്കുന്ന മകള്‍ രേഷ്മയും, ആറില്‍ പഠിക്കുന്ന മകന്‍ ബേസിലും അമ്മയെ കണ്ടിട്ട് പത്ത് ദിവസത്തോളമായിരുന്നു.

മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനിലയും ശനിയാഴ്ച റെയ്‌നിയെ കാണാനെത്തിയിരുന്നു. റെയ്‌നിയെയും സ്വാതിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടിയേയും കണ്ട് അവര്‍ വിവരങ്ങള്‍ തിരക്കി.

അവയവദാനത്തിന് സന്നദ്ധനെന്ന് മോഹന്‍ലാല്‍.

കൊച്ചി: അവയവദാനത്തിന് സന്നദ്ധനാണെന്ന് നടന്‍ മോഹന്‍ലാല്‍. കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന അവയവദാന ബോധവല്‍ക്കരണ ഡോക്യുമെന്ററിയുടെ പ്രകാശനത്തിനിടെയാണ് മോഹന്‍ലാല്‍ അവയവദാന സന്നദ്ധത അറിയിച്ചത്.അവയവദാനത്തിന്റെ പ്രാധാന്യം സാധാരണക്കാരിലെത്തിക്കുകയാണ് ഒരു കനിവിന്റെ ഓര്‍മയ്ക്കായ് എന്ന ഡോക്യുമെന്ററിയുടെ ലക്ഷ്യം. മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവം ദാനം ചെയ്ത അരുണ്‍ ജോര്‍ജിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഡോക്യുമെന്ററി നിര്‍മിച്ചത്.സ്വാതീകൃഷ്ണയുടെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ.സുധീന്ദ്രനെയും സ്വാതിക്ക് കരള്‍ ദാനം ചെയ്ത ഇളയമ്മയെയും ചടങ്ങില്‍ ആദരിച്ചു.

Thursday, July 19, 2012

സ്വാതി കൃഷ്ണയ്ക്ക് പഠനം നഷ്ടമാവുകയില്ല.അദ്ധ്യാപകര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്ലാസ് എടുക്കും.

രള്‍ മാറ്റ ശസ്ത്രക്രിയക്കു വിധേയയായി അമൃത ഹോസ്പ്പിറ്റലില്‍  കഴിയുന്ന സ്വാതി കൃഷ്ണയ്ക്ക് എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്ലാസ്സ്‌ എടുക്കും ഇതിനായി സ്വാതിയ്ക്ക് ലാപ്‌ ടോപ്പും ഇന്റര്‍നെറ്റ്‌ കണക്ഷനും നല്‍കും.ഒരാഴ്ചയ്ക്കുള്ളില്‍ ICU വില്‍ നിന്നും മാറ്റുമെങ്കിലും ദീര്‍ഘ നാളുകള്‍ ഹോസ്പ്പിറ്റല്‍ ഹോസ്റ്റലില്‍ കഴിയേണ്ടിവരും. ഇതിനെത്തുടര്‍ന്ന് പഠനം നഷ്ട മാകാതിരിക്കുന്നതിനായാണ് ആധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ക്ലാസ് എടുക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ എ.എ ഒനാന്‍കുഞ്ഞു പറഞ്ഞു.ക്ലാസിലെ നോട്ടുകള്‍ ഇ-മെയില്‍ മുഖേന അയക്കുകയും പാഠങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പറഞ്ഞു കൊടുക്കുകയും ചെയ്യും.എസ്  എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ച സ്വാതി കവയത്രി കൂടിയാണ്. 

സ്വാതി ആവശ്യപ്പെട്ടു; ചോക്‌ലേറ്റും പുസ്തകങ്ങളുമെത്തി

Mathrubhumiകൊച്ചി: 'അച്ചായീ... എനിക്ക് കിറ്റ്കാറ്റ് വേണം'. അമൃത ആസ്​പത്രിയിലെ ഐ.സി.യു.വിലുള്ള ഇന്റര്‍കോമിലൂടെ സ്വാതി അച്ഛനോട് ദിവസങ്ങള്‍ക്കുശേഷം ആദ്യമായി സംസാരിച്ചപ്പോള്‍ ആവശ്യപ്പെട്ടത് ഇതായിരുന്നു. പതിഞ്ഞതാണെങ്കിലും വ്യക്തമായ ശബ്ദത്തില്‍ മകളുടെ ആവശ്യം കേട്ടപ്പോള്‍ അച്ഛന്‍ കൃഷ്ണന്‍കുട്ടിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഉടന്‍ മകളുടെ ഇഷ്ടപ്പെട്ട ചോക്‌ലേറ്റ് വാങ്ങിയെത്തി.

ബുധനാഴ്ച രാത്രി 7.30-ഓടെയായിരുന്നു കൃഷ്ണന്‍കുട്ടിക്ക് മകളുമായി സംസാരിക്കാന്‍ അവസരം ഒരുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ഇളയച്ഛന്‍ സതീഷുമായും കുട്ടി സംസാരിച്ചു. വായിക്കാന്‍ പുസ്തകങ്ങളും സ്വാതി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കുറച്ച് പുസ്തകങ്ങളും സ്വാതിയുടെ അടുത്ത് എത്തിച്ചു.

സ്വാതിയുടെ നിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചാം ദിവസം ചെറിയ രീതിയിലുള്ള വ്യായാമവും സ്വാതി ചെയ്തുതുടങ്ങി. ശ്വാസോച്ഛ്വാസം സുഗമമായി നടത്താനുള്ള വ്യായാമവും മസ്സിലുകള്‍ക്ക് ശക്തി പകരാനുള്ള വ്യായാമവുമാണ് ചെയ്യുന്നത്. എട്ടുദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ സ്വാതി രണ്ടു ദിവസം മുന്‍പാണ് കണ്ണുതുറന്നത്. അതേസമയം ക്ഷീണം ഉള്ളതുകൊണ്ട് സ്വയം എഴുന്നേറ്റു നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. രണ്ടാഴ്ചയായി കുട്ടി ഭക്ഷണം കഴിച്ചിട്ട്. അതുകൊണ്ട് ഉയര്‍ന്ന പ്രോട്ടീനുള്ള ഭക്ഷണമാണ് നല്‍കുന്നത്. അണുബാധയെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണകാര്യത്തിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്. 
വെന്റിലേറ്ററില്‍ നിന്ന് സ്വാതിയെ ഇറക്കിയിട്ട് രണ്ടു ദിവസം പിന്നിട്ടു. മൂത്രത്തിന്റെ അളവ് സാധാരണ രീതിയിലാണ്. നെഞ്ചിന്റെ എക്‌സ്‌റേ എടുത്തതില്‍ പ്രശ്‌നങ്ങളില്ല. കരളിന്റെ പ്രവര്‍ത്തനത്തിലും ഡോക്ടര്‍മാര്‍ തൃപ്തി രേഖപ്പെടുത്തി. സ്വാതിയുടെ മസ്തിഷ്‌ക പ്രവര്‍ത്തനത്തിലും പുരോഗതിയുണ്ട്. നല്ല രീതിയില്‍ പ്രതികരിക്കുകയും അല്പം സംസാരിക്കുകയും ചെയ്യുന്നുണ്ട്. ചലനശേഷിയും മെച്ചപ്പെട്ടുവരുന്നതായി ആസ്​പത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സ്വാതിക്ക് കരള്‍ ദാനം ചെയ്ത ഇളയമ്മ റെയ്‌നി ജോയിയെ വാര്‍ഡിലേക്ക് മാറ്റി. റെയ്‌നിക്ക് വെള്ളിയാഴ്ച ആസ്​പത്രി വിടാന്‍ കഴിയും.

Wednesday, July 18, 2012

സ്വാതിയുടെ നില തൃപ്തികരം; ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിച്ചു


കൊച്ചി: പ്രാര്‍ത്ഥനകള്‍ക്കും പ്രതീക്ഷകള്‍ക്കും ഉണര്‍വ് പകര്‍ന്ന് സ്വാതിയുടെ നില അതിവേഗം മെച്ചപ്പെടുന്നു. ചൊവ്വാഴ്ച സ്വാതി ആവശ്യപ്പെട്ട പ്രകാരം നാരങ്ങാനീര് നല്‍കി. തുടര്‍ന്ന് ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങള്‍ കൊടുത്തുതുടങ്ങി. സംസാരിച്ചു തുടങ്ങിയ സ്വാതി ഇടയ്ക്ക് എന്തെങ്കിലും പുസ്തകം വായിക്കാന്‍ കിട്ടണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.
കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം അമൃത ആസ്പത്രിയില്‍ കഴിയുന്ന സ്വാതികൃഷ്ണയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. എങ്കിലും അണുബാധയ്ക്കുള്ള സാധ്യത ഇപ്പോഴുമുണ്ട്.ശസ്ത്രക്രിയ കഴിഞ്ഞ് നാല് ദിവസം പിന്നിടുമ്പോള്‍ കരളിന്റെ പ്രവര്‍ത്തനം തൃപ്തികരമാണ്. വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയ സ്വാതി ശ്വാസോച്ഛ്വാസം നടത്തുന്നത് സാധാരണ നിലയിലാണ്. പനിയില്ല. നെഞ്ചിന്റെ എക്‌സ്‌റെ എടുത്തതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. കരളില്‍ രക്തസഞ്ചാരം സാധാരണ നിലയിലാണ്. മസ്തിഷ്‌ക പ്രവര്‍ത്തനത്തില്‍ നല്ല പുരോഗതിയുണ്ട്. നല്ല രീതിയില്‍ പ്രതികരിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. കരള്‍ ദാതാവായ റെയ്‌നിയും ആസ്പത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ചൊവ്വാഴ്ച രാവിലെ റെയ്‌നിയെ വാര്‍ഡിലേക്ക് മാറ്റി. റെയ്‌നിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ട്യൂബുകള്‍ നീക്കം ചെയ്തിട്ടുണ്ട്. സാധാരണ നിലയില്‍ ഭക്ഷണം കഴിച്ചു തുടങ്ങി. റെയ്‌നിക്ക് വെള്ളിയാഴ്ചയോടെ ആസ്പത്രിവിടാനാകുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

Tuesday, July 17, 2012

സ്വാതീകിരണം


തെളിയുന്നു വീണ്ടും സ്വാതിനക്ഷത്രംകൊച്ചി . ഒരു നാടിന്റെ മുഴുവന്‍ കരളുരുകുന്ന പ്രാര്‍ഥനകള്‍ വെറുതെയാവുന്നില്ല; എട്ടു ദിവസത്തെ അബോധാവസ്ഥയില്‍ നിന്നു പുതിയ കരളിന്റെ തുടിപ്പുമായി സ്വാതി കൃഷ്ണ (16) ബോധത്തിലേക്കു മിഴി തുറന്നു; അമ്മയെയും അച്ഛനെയും വിളിച്ചു, പ്രിയപ്പെട്ട അധ്യാപകനെ അന്വേഷിച്ചു, സംഭാഷണങ്ങളോടു പ്രതികരിച്ചു, ചലനശേഷിയും വീണ്ടുകിട്ടി.
സ്വാതിയുടെ ബോധം തെളിഞ്ഞതോടെ ആശങ്കയുടെ കടമ്പ കടന്ന സന്തോഷത്തിലാണ് ഉറ്റവരും ഡോക്ടര്‍മാരും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ ഇന്നലെ രാവിലെ വെന്റിലേറ്ററില്‍ നിന്നു മാറ്റി. വച്ചുപിടിപ്പിച്ച കരളിലേക്കുള്ള രക്തസഞ്ചാരവും മറ്റു പ്രവര്‍ത്തനങ്ങളും തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചയോടെയാണ് സ്വാതിക്കു ബോധം വീണ്ടുകിട്ടിയത്.  തുടര്‍ന്ന് അമ്മ രാജിയെ വീണ്ടും ഐസിയുവിലെത്തിച്ച് മകളോടു സംസാരിപ്പിച്ചു.
രാജി  പറഞ്ഞതിനോടെല്ലാം സ്വാതി തലയാട്ടി പ്രതികരിച്ചു. സ്കൂളിലെ പ്രിയപ്പെട്ട അധ്യാപകരും  സഹപാഠികളും ആശുപത്രിയില്‍ എത്തിയപ്പോള്‍ ഐസിയുവിലുള്ള സ്പീക്കര്‍ ഫോണിലേക്കു വിളിച്ച് സ്വാതിയോട് സംസാരിച്ചു. അച്ഛന്‍ കൃഷ്ണന്‍കുട്ടിയും വൈകിട്ട് സ്വാതിയെക്കണ്ടു സംസാരിച്ചു. എങ്കിലും മയക്കം പൂര്‍ണമായി വിട്ടുമാറിയിട്ടില്ല. അണുബാധ ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ മരുന്നുകള്‍ നല്‍കുന്നുണ്ട്.

സ്വാതി: സുമനസ്സുകളുടെ പ്രാര്‍ഥനയും സഹായവും മാതൃകയാകുന്നു

Newspaper Editionപിറവം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ കൊച്ചു കവയിത്രി സ്വാതികൃഷ്ണയ്ക്കായി നാട്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിനുതന്നെ മാതൃകയാകുന്നു.

സുമനസ്സുകളുടെ പ്രാര്‍ഥനയും സഹായപ്രവാഹവുമാണ് സ്വാതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. രോഗം മൂര്‍ഛിച്ച് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സ്വാതിയെ ആസ്​പത്രിയിലാക്കിയതുമുതല്‍ ചികിത്സാച്ചെലവുകള്‍ കണ്ടെത്തിയത് എടയ്ക്കാട്ടുവയല്‍ ഗ്രാമമാണ്. ചികിത്സാസഹായ സമിതിയംഗങ്ങള്‍ സ്വന്തം പോക്കറ്റില്‍നിന്നും, തികയാത്തത് വായ്പ വാങ്ങിയുമാണ് ആദ്യദിവസം ചെലവുകള്‍ നടത്തിയത്.
സ്വാതി പഠിക്കുന്ന പിറവം എംകെഎം സ്‌കൂളിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് സമാഹരിച്ച ആറരലക്ഷം രൂപ ശസ്ത്രക്രിയ നടന്ന അന്നുതന്നെ കിട്ടിയത് വലിയ പ്രയോജനംചെയ്തു. എടയ്ക്കാട്ടുവയലിലെ, സ്വാതികൃഷ്ണ ചികിത്സാ സഹായസമിതി ഞായറാഴ്ച ഒറ്റദിവസംകൊണ്ട് പഞ്ചായത്തില്‍നിന്നും 17ലക്ഷമാണ് സമാഹരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജയകുമാര്‍ രക്ഷാധികാരിയായുള്ള സമിതി തിങ്കളാഴ്ച രാവിലെ ആ പണം ബാങ്കിലടച്ചു.
നില മെച്ചപ്പെട്ട സ്വാതി, എംകെഎമ്മിലെ തന്റെ ചില അധ്യാപകരെ തിരക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ ഏതാനും അധ്യാപകരും കുട്ടികളും ആസ്​പത്രിയിലെത്തി. അധ്യാപകരായ സിജി എബ്രഹാം, മേരി ജോസഫ്, ബെന്നി വി. വര്‍ഗീസ് എന്നിവരും സ്വാതിയുടെ ചികിത്സയ്ക്ക് പണം സമാഹരിക്കാന്‍ മുന്നിട്ടിറങ്ങിയ ചങ്ങാതിമാരായ ഷാന ഷാജി, ബേസില്‍ സണ്ണി എന്നിവരുമാണ് ആസ്​പത്രിയിലെത്തിയത്. ഇവരില്‍ സ്വാതിയെ പഠിപ്പിക്കുന്ന സിജി എബ്രഹാമിന്റെയും മേരി ജോസഫിന്റെയും ശബ്ദം ഐസിയുവിലെ ഇന്റര്‍കോമിലൂടെ സ്വാതി കേട്ടു. ശബ്ദം തിരിച്ചറിഞ്ഞ സ്വാതി ആശാവഹമായ രീതിയില്‍ പ്രതികരിച്ചുവെന്ന് അധ്യാപകന്‍ ബെന്നി വി. വര്‍ഗീസ് പറഞ്ഞു.
അതിനിടെ, എംകെഎമ്മില്‍നിന്നുള്ള രണ്ടാംഗഡു, രണ്ടരലക്ഷം രൂപ സ്വാതിക്ക് കരള്‍ പകുത്തുനല്‍കി മാതൃക കാണിച്ച ഇളയമ്മ റെയ്‌നി ജോയിക്ക് കൈമാറി. ആസ്​പത്രി ഐസിയുവില്‍വച്ചാണ് തുകയ്ക്കുള്ള ചെക്ക് റെയ്‌നിക്ക് നല്‍കിയത്.

Monday, July 16, 2012

സ്വാതിക്ക് ബോധം തെളിഞ്ഞു - അദ്ധ്യാപകരുമായി സംസാരിച്ചു.

സ്വാതിയ്ക്ക് കരള്‍ പകുത്തു നല്‍കിയ ചെറിയമ്മ റെയ്നിയെ  എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകര്‍ ICU വില്‍ സന്തര്ശിച്ചപ്പോള്‍.
കൊച്ചി: രള്‍മാറ്റല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ്‌ 48 മണിക്കൂറിനുള്ളില്‍ സ്വാതിക്ക് ബോധം തെളിഞ്ഞു.സ്വാതി സംസാരിച്ചു. തന്റെ അദ്ധ്യാപകരെ കാണണമെന്ന് പറഞ്ഞു.ഇതിനെ തുടര്‍ന്ന് അദ്ധ്യാപകരയ സിജി അബ്രഹാം,ബെന്നി.വി.വര്‍ഗീസ്‌ മേരി ജോസഫ്‌ ,വിദ്യാര്‍ത്ഥികളായ ബേസില്‍.ടി.സണ്ണി, ഷാന ഷാജി, എന്നിവര്‍ ഹോസ്പ്പിറ്റലില്‍ എത്തി. അദ്ധ്യാപകരുടെ ശബ്ദം ഇന്റെര്‍ക്കോമിലൂടെ സ്വാതിയെ കേള്‍പ്പിച്ചു.എന്‍.എസ്.എസിന്‍റെ പ്രാര്‍ത്ഥനാ ഗാനം മൊബൈലില്‍ ഇന്റര്‍ക്കൊമിലൂടെ കേള്‍പ്പിച്ചു. സ്വാതിയ്ക്ക്  കരള്‍ പകുത്തു നല്‍കിയ ചെറിയമ്മ റെയ്നിയ്ക്ക് എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ രണ്ടര ലക്ഷം രൂപ നല്‍കി.രണ്ടര ലക്ഷം രൂപയുടെ ചെക്ക് ഹോസ്പ്പിറ്റലില്‍ വച്ച് അദ്ധ്യാപകര്‍ റെയ്നിയ്ക്ക് കൈമാറി. റെയ്നിയുടെയും ഭര്‍ത്താവിന്റെയും നല്ല മനസാണ് സ്വാതിയുടെ ജീവന്‍ രക്ഷിക്കാന്‍ തുണയായത്.

മരിക്കാത്ത മനസാക്ഷി; മാതൃകയാകേണ്ട ഇടപെടല്‍

ഇന്നത്തെ മംഗളം പത്രം 

'കുഞ്ഞി'യെന്ന് അമ്മ വിളിച്ചു; സ്വാതി കണ്ണു തുറന്നു

കൊച്ചി .കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ സ്വാതി കൃഷ്ണയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. ഒരാഴ്ചയായി പൂര്‍ണ അബോധാവസ്ഥയില്‍ കഴിയുന്ന സ്വാതിയുടെ ബോധം വീണ്ടുകിട്ടുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 
ഇന്നലെ അമ്മ രാജിയെ ട്രാന്‍സ്പ്ളാന്റ് ഐസിയുവില്‍ കയറ്റി സ്വാതിയെ വിളിപ്പിച്ചു. അബോധാവസ്ഥയിലും അമ്മയുടെ ശബ്ദം കേട്ടു സ്വാതി കണ്ണു തുറന്നുനോക്കി. ഇതു ശരീരത്തിന്റെ പ്രതികരണശേഷിയും ബോധവും വീണ്ടുകിട്ടുന്നതിന്റെ സൂചനയായാണു വിലയിരുത്തുന്നത്. 
വച്ചുപിടിപ്പിച്ച കരളിന്റെ സ്കാനിങ്ങില്‍ പ്രശ്നങ്ങളില്ല. കുട്ടിയുടെ രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയിലാണ്. നെഞ്ചിന്റെ എക്സ്റേയും തൃപ്തികരം. ഇന്നലെ രാവിലെ മുതല്‍ ശബ്ദങ്ങളോടു സ്വാതി ചെറുതായി പ്രതികരിച്ചു തുടങ്ങി. തുടര്‍ന്നാണ് ഏറ്റവും പരിചിതമായ അമ്മയുടെ ശബ്ദം കേള്‍പ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ചെല്ലപ്പേരായ 'കുഞ്ഞിയെന്ന് അമ്മ വിളിച്ചതും സ്വാതി കണ്ണു തുറന്നടച്ചു. 
അമ്മ സ്വാതിയുടെ കൈകളില്‍ പിടിച്ചപ്പോഴും പ്രതികരണം വ്യക്തമായിരുന്നു. കുട്ടിയുടെ ഓര്‍മശക്തിയും ബോധവും മടങ്ങിവരുകയാണെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇന്നലെ വൈകുന്നേരത്തോടെ സ്ഥിതി കുറച്ചുകൂടി മെച്ചപ്പെട്ടു. വെന്റിലേറ്ററിന്റെ സഹായം ഇല്ലാതെതന്നെ സ്വാതി ശ്വസിച്ചു തുടങ്ങിയിട്ടുണ്ട്. സ്വാതി കൃഷ്ണയുടെ കുടുംബത്തിനു മാതാ അമൃതാനന്ദമയി മഠം നാലു ലക്ഷം രൂപ സഹായം നല്‍കും. 
വിദേശ പര്യടനം നടത്തുന്ന മാതാ അമൃതാനന്ദമയിയുടെ നിര്‍ദേശപ്രകാരമാണിതെന്നു മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരി അറിയിച്ചു. ശസ്ത്രക്രിയയ്ക്കായി മാത്രം അമൃത ആശുപത്രിയില്‍ 14 ലക്ഷം രൂപയാണു കെട്ടിവച്ചത്. സ്വാതി പഠിക്കുന്ന പിറവം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്വരൂപിച്ച തുക കൊണ്ടാണു സ്വാതിയുടെ നിര്‍ധന കുടുംബം ഭാരിച്ച ചെലവു നിര്‍വഹിച്ചത്. 
ഫേസ് ബുക്കിലൂടെയും മറ്റും നടത്തിയ പ്രചാരണത്തിലൂടെയും വിദ്യാര്‍ഥികളില്‍നിന്നുമായി ശേഖരിച്ച 6.5 ലക്ഷം രൂപ സ്കൂള്‍ അധികൃതര്‍ കൈമാറി. സ്കൂളിന്റെ മേല്‍നോട്ടത്തില്‍ എസ്ബിടി പിറവം ശാഖയില്‍ 57025993917 നമ്പറില്‍ അക്കൌണ്ട് ആരംഭിച്ചു. സ്വാതിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടി ആറു ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട്. എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ വീടുകള്‍ സന്ദര്‍ശിച്ചു സഹായനിധി ശേഖരിച്ചു.

Sunday, July 15, 2012

സ്വാതിയുടെ കരള്‍ പ്രവര്‍ത്തിച്ചുതുടങ്ങികൊച്ചി: കരളുരുകിക്കഴിഞ്ഞ അച്ഛന്റെയും അമ്മയുടെയും, കരള്‍ പകുത്തു നല്‍കിയ ഇളയമ്മയുടെയും ഒരു ഗ്രാമത്തിന്റെയും പ്രാര്‍ത്ഥന ദൈവം കേട്ടു. മാസങ്ങളായി പ്രാര്‍ത്ഥനകള്‍ ഒരു മാലയായി ദൈവത്തിന് മുന്നിലെത്തിയപ്പോള്‍ സ്വാതിയുടെ കാലുകള്‍ അനങ്ങി, കണ്ണുകള്‍ ചിമ്മി. എട്ട് മണിക്കൂറോളം ആകാംക്ഷ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയ്ക്ക് ശേഷവും അമൃത ആസ്പത്രയിലെ കരള്‍ മാറ്റിവയ്ക്കല്‍ ഐ.സി.യു. വില്‍ ജീവിതത്തിലേക്ക് തിരിച്ചുവരവിന് മുമ്പുള്ള ചെറിയ മയക്കത്തിലാണ് സ്വാതി കൃഷ്ണ.

ചെറിയമ്മയല്ല, റെയ്‌ന ഇനി സ്വാതിയുടെ കരളല്ലയോ...കൊച്ചി: ആറുദിവസമായി അബോധാവസ്‌ഥയിലായിരുന്ന സ്വാതി കൃഷ്‌ണയുടെ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയം. ശസ്‌ത്രക്രിയ പ്രതീക്ഷ പകരുന്നതായി ഡോക്‌ടര്‍മാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു കരള്‍ പ്രവര്‍ത്തനരഹിതമായ സ്വാതി കൃഷ്‌ണയ്‌ക്ക് ഒമ്പതുമണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണു മാതൃസഹോദരി റെയ്‌നയുടെ കരള്‍ മുറിച്ചുനല്‍കിയത്‌. 
വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് മൂന്നിനു തുടങ്ങിയ ശസ്‌ത്രക്രിയയില്‍ ചെറിയമ്മയുടെ കരള്‍ മുറിച്ചെടുത്ത ഉടന്‍ ലൈവ്‌ ഓപ്പറേഷനിലൂടെ സ്വാതിയുടെ ശരീരത്തില്‍ തുന്നിച്ചേര്‍ത്തു. രാത്രി 11.30-ന്‌ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

Saturday, July 14, 2012

ഫേസ് ബുക്ക്‌ സുഹൃത്തുക്കളെ നന്ദി... നന്ദി... നന്ദി...

ഫേസ് ബുക്കിലൂടെയും ബ്ലോഗിലൂടെയും സ്വാതിയുടെ രോഗവിവരം അറിഞ്ഞു അനേകം പേരാണ് സഹായഹസ്തവുമായി വന്നത്.കേരളത്തില്‍ ആദ്യമായിട്ടായിരിക്കും ഫേസ് ബുക്ക്‌ വഴി ഇത്ര വലിയ സഹായം ലഭിക്കുന്നത്.അക്കൌണ്ടില്‍ ഏകദേശം ഫേസ് ബുക്കിലൂടെ മാത്രം 400000/-(4 ലക്ഷം) രൂപയ്ക്കുമേല്‍ ലഭിച്ചിരിക്കുന്നു. എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.
സാമ്പത്തിക സഹായത്തിലുപരി ഓപ്പറേഷന് വേണ്ട സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതിനായും ഫേസ് ബുക്ക്‌ സുഹൃത്തുക്കള്‍ സഹായിച്ചു.തിരുവനന്തപുരം സെക്രട്ടറിയെറ്റിലെ SBT ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ സാറിനെ നന്ദിയോടെ ഓര്‍ക്കുന്നു. ആരോഗ്യവകുപ്പിന്റെ ഓഫീസില്‍ അദ്ദേഹം നിരന്തരം ബന്ധപ്പെട്ടു.വില്ലേജ് ഓഫീസില്‍ നിന്നുള്ള പേപ്പറുകള്‍ പെട്ടന്ന് ലഭിക്കുന്നതിനായി സഹായം ചെയ്തു തന്ന കണ്ണൂര്‍ സീനിയര്‍ തഹസിധാര്‍ റെയ്നിമോള്‍,കോടതിയിലൂടെയുള്ള നിയമ സഹായം വാഗ്ദാനം ചെയ്യുകയും, പേപ്പറുകള്‍ തയാറാക്കുവാന്‍ സഹായിക്കുകയും ചെയ്ത Adv മനു പ്രഭു,സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. രാജസിംഹം,നിയമപരമായ അനുമതി ലഭിക്കില്ലന്നു ഉറപ്പായപ്പോള്‍ 11 /07 /2012 ബുധനാഴ്ച രാതി 8 മണിയ്ക്ക് മംഗളം പത്രത്തിലെ ജെബി പോളിനെ വിളിച്ചു പറയുകയും,ഓഫീസില്‍ നിന്നും ഇറങ്ങിയ ജെബി പോള്‍ തിരിച്ചു ഓഫീസില്‍ ചെല്ലുകയും,വളരെ പ്രാധാന്യത്തില്‍ പിറ്റേ ദിവസത്തെ മംഗളം പത്രത്തില്‍ ഒന്നാം പേജില്‍ ന്യൂസ്‌ കൊടുക്കുകയും ചെയ്തു.എല്ലാ വഴിയും അടഞ്ഞു നിന്നപ്പോള്‍ പത്ര വാര്‍ത്ത വന്നത് കൊണ്ട് മാത്രം ഒരു ദിവസം കൊണ്ട് 45 പേപ്പറുകള്‍ പല വകുപ്പുകളില്‍ നിന്നായി റെഡി ആയി.
മംഗളം വാര്‍ത്തയെ തുടര്‍ന്ന് മലയാള മനോരമ ചാനലും,ഇന്ത്യ വിഷന്‍ ചാനലും വന്‍ പ്രാധാന്യത്തില്‍ വാര്‍ത്ത കൊടുത്ത് സഹായിച്ചു.വ്യാഴാഴ്ച എല്ലാ മാദ്യമങ്ങളും സ്വാതിയുടെ അവസ്ഥ വന്‍ പ്രാധാന്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.സഹായം അഭ്യര്‍ഥിച്ചു ഇട്ട പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു സഹായിച്ചവര്‍ക്കും വിദേശ മലയാളികള്‍ക്കും പ്രത്യേകം നന്ദി. എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും മാത്രം ചേര്‍ന്ന് അഞ്ചു ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്.കുട്ടികളെയും അവരുടെ രക്ഷ കര്‍ത്താക്കളെയും നന്ദിയോടെ സ്മരിക്കുന്നു.സ്വാതിയുടെ ഓപ്പറേഷന് മാത്രം 20 ലക്ഷത്തോളം രൂപ ചിലവുണ്ട്. കൂടാതെ ആയുഷ്ക്കാലം മുഴുവന്‍ മാസം 8000 ത്തോളം രൂപയുടെ മരുന്ന് ആവശ്യമായി വരും.തുടര്‍ ചികത്സയ്ക്കും ഭീമമായ തുക കണ്ടത്തെണ്ടിയിരിക്കുന്നു.

മെഡിക്കല്‍ ബോര്‍ഡ്‌ മിഴിതുറന്നു; സ്വാതിക്ക്‌ കരള്‍ ശസ്‌ത്രക്രിയ


കൊച്ചി: ചെറിയമ്മ പകുത്തുനല്‍കിയ കരളുമായി സ്വാതിമോള്‍ കണ്ണുതുറക്കുന്നതും കാത്തിരിക്കുകയാണ്‌ എല്ലാവരും. 

മഞ്ഞപ്പിത്തം ബാധിച്ച്‌ കരള്‍ പ്രവര്‍ത്തനരഹിതമായ സ്വാതി കൃഷ്‌ണയ്‌ക്ക് കരള്‍ മാറ്റിവയ്‌ക്കാന്‍ ഇന്നലെ രാവിലെ മെഡിക്കല്‍ ബോര്‍ഡ്‌ അനുമതി നല്‍കി. മെഡിക്കല്‍ ബോര്‍ഡ്‌ ശിപാര്‍ശയ്‌ക്ക് ആരോഗ്യവകുപ്പ്‌ സെക്രട്ടറി അംഗീകാരം നല്‍കിയതോടെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നരയോടെ ശസ്‌ത്രക്രിയ ആരംഭിച്ചു. 12 മണിക്കൂര്‍ നീളുന്ന ശസ്‌ത്രക്രിയ ഇന്നു പുലര്‍ച്ചെവരെയുണ്ടാകും. ഉദരരോഗ വിഭാഗം മേധാവി ഡോ. സുധീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഡോ. ബാലഗോപാല മേനോന്‍, ഡോ. ദിനേശ്‌ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ്‌ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തുന്നത്‌. സ്വാതിയുടെ മാതാവ്‌ രാജിയുടെ സഹോദരി റീനി ജോയിയുടെ കരളിന്റെ ഭാഗമാണ്‌ സ്വാതിക്കു മാറ്റിവയ്‌ക്കുന്നത്‌.

സര്‍ക്കാരിന്റെ കരളലിഞ്ഞു, സ്വാതിക്ക് ശസ്ത്രക്രിയ

 
അമ്മ രാജിയുടെ സഹോദരി റെയ്നി ജോയ് ദാനംചെയ്ത കരള്‍ സ്വാതിക്കു വച്ചുപിടിപ്പിക്കുന്നതിനുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയ രാത്രി വൈകിയും തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്കു മൂന്നോടെ ആരംഭിച്ച ശസ്ത്രക്രിയ പൂര്‍ത്തിയാകാന്‍ 16 മണിക്കൂര്‍ വരെ വേണ്ടിവരും. എടയ്ക്കാട്ടുവയല്‍ വട്ടപ്പാറ മങ്കടമൂഴില്‍ കൃഷ്ണന്‍കുട്ടിയുടെയും രാജിയുടെയും മകളായ സ്വാതി (16) കടുത്ത മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയാവുന്നത്. ആദ്യം അമ്മ രാജി കരള്‍ പകുത്തു നല്‍കാന്‍ തയാറായെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ കരള്‍ ദാനം സാധ്യമല്ലെന്നു വന്നതോടെയാണ് ചെറിയമ്മ റെയ്നി ദാനത്തിനു തയാറായത്.കൊച്ചി . ഒടുവില്‍ സര്‍ക്കാരിന്റെ കരളലിഞ്ഞു. നിയമക്കുരുക്കിന്റെ നൂലാമാലകള്‍ അഴിച്ചുമാറ്റി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് അടിയന്തര അനുമതി നല്‍കിയതോടെ സ്വാതികൃഷ്ണയുടെ ജീവന്‍ രക്ഷിക്കാനുള്ള ശസ്ത്രക്രിയ അമൃത ആശുപത്രിയില്‍ ആരംഭിച്ചു.

സ്വാതിക്ക് ശസ്ത്രക്രിയ; മനമുരുകി പ്രാര്‍ത്ഥനയോടെ നാട്


പിറവം: ആസ്പത്രിയിലെ ശസ്ത്രക്രിയാമേശയ്ക്കുമേല്‍ സ്വാതി തളര്‍ന്നുകിടക്കുമ്പോള്‍ മനമുരുകുന്ന പ്രാര്‍ത്ഥനകളിലായിരുന്നു സ്വന്തം നാട്.ഉറവവറ്റാത്ത കാരുണ്യത്തിന്റെ ചെറുതും വലുതുമായ സഹായങ്ങള്‍ക്കൊടുവിലാണ് ശസ്ത്രക്രിയയ്ക്ക് മുന്നിലുള്ള കടമ്പകള്‍ നീങ്ങിയത്. തുടര്‍ന്ന് എറണാകുളത്ത് ശസ്ത്രക്രിയ നടന്നു. ശസ്ത്രക്രിയ വിജയകരമായോ എന്നതുസംബന്ധിച്ച വിവരങ്ങള്‍ ശനിയാഴ്ചയേ അറിയാനാകൂ.
അവയവദാനം സംബന്ധിച്ച നിയമ സങ്കീര്‍ണതകള്‍ മൂലം ശസ്ത്രക്രിയ വൈകിയ സ്വാതിയുടെ അവസ്ഥ വെള്ളിയാഴ്ച മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഇടപെട്ടാണ് ശസ്ത്രക്രിയയ്ക്ക് വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കൂടിയ അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കി.

സ്നേഹദാനത്തില്‍ സ്വാതിക്ക് ശസ്ത്രക്രിയ


കൊച്ചി/പിറവം: ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാണാമറയത്തുള്ള നൂറുകണക്കിനാളുകളുടെയും സ്നേഹം കണ്ണിചേര്‍ന്നപ്പോള്‍ സ്വാതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു. മഞ്ഞപ്പിത്തം മൂര്‍ഛിച്ച് ജീവന്‍ അപകടത്തിലായ ഈ പതിനേഴുകാരിയുടെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വെള്ളിയാഴ്ച പകല്‍ മൂന്നോടെ ഇടപ്പള്ളി അമൃതാ ആശുപത്രിയില്‍ തുടങ്ങി.

കരള്‍ മാറി ജീവിതത്തിലേക്ക് ഉണരാന്‍ സ്വാതി...


കൊച്ചി: മഞ്ഞപ്പിത്തം മൂലം കരള്‍ തകര്‍ന്ന സ്വാതി കൃഷ്ണ എന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ മനുഷ്യ സ്നേഹത്തിന്റെ ആര്‍ദ്രതയില്‍ ഒരു നാട് മൊത്തം അണിനിരന്നപ്പോള്‍ നിയമത്തിനും കരളലിഞ്ഞു. നാട്ടുകാരുടെയും കൂട്ടുകാരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നടുവില്‍ സ്വാതികൃഷ്ണ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഇന്നലെ വൈകിട്ട് നാലിന് തുടങ്ങിയ ശസ്ത്രക്രിയ പൂര്‍ത്തിയാകാന്‍ ഏകദേശം പന്ത്രണ്ട് മണിക്കൂറാണ് നിശ്ചയിച്ചിരിക്കുന്നത്.

സ്വാതികൃഷ്ണയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങി

കൊച്ചി: സ്വാതി കൃഷ്ണയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തുടങ്ങി. കരളിന്റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സ്വാതിക്ക് ശസ്ത്രിക്രിയ നടത്താന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം രാവിലെ അനുമതി നല്‍കിരുന്നു.  നിയമക്കുരുക്കു മൂലം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകി സ്വാതിയുടെ ജീവന്‍ അപകടാവസ്ഥയിലാവുന്നതിനെപ്പറ്റിയുള്ള  വാര്‍ത്തയെ തുടര്‍ന്ന്  ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെയാണ് മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേര്‍ന്നത് .

Friday, July 13, 2012

സ്വാതിയുടെ ജീവനായി കൂട്ടപ്രാര്‍ഥന: മെഡിക്കല്‍ ബോര്‍ഡ്‌ ഇന്ന്‌; അനുമതി കിട്ടിയാല്‍ ഇന്നുതന്നെ ശസ്‌ത്രക്രിയ


 കൊച്ചി : വെന്റിലേറ്ററില്‍ കഴിയുന്ന പ്ലസ്‌ടു വിദ്യാര്‍ഥിനി സ്വാതി കൃഷ്‌ണയ്‌ക്ക് കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ ഇന്ന്‌ മെഡിക്കല്‍ ബോര്‍ഡ്‌ യോഗം തീരുമാനമെടുക്കും. 
അനുമതി കിട്ടിയില്ലെങ്കില്‍ സ്വാതിയുടെ ജീവന്‍ അപകടത്തിലാകുമെന്ന്‌ ഡോക്‌ടര്‍മാര്‍ സൂചിപ്പിച്ചു. പതിവ്‌ ബോര്‍ഡ്‌ യോഗം ഈമാസം അവസാനമാണെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഇന്നു രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ ബോര്‍ഡ്‌ യോഗം ചേരും. മെഡിക്കല്‍ കോളജ്‌ സൂപ്രണ്ട്‌ ഡോ. റംലാ ബീവിയാണ്‌ ബോര്‍ഡ്‌ അധ്യക്ഷ. 

ഉത്തരവിന്റെ കാരുണ്യം കാത്ത് ഒരു പെണ്‍കുട്ടിയുടെ ജീവന്‍

Malayalam News Portal  covering middle east news,gulf news,dubai news,uae news,gulf news uae,gulf news bahrain,gulfnews,arab news,gulf kerala news,gulf news malayalam,gulf malayalee news
Malayalam News Portal  covering middle east news,gulf news,dubai news,uae news,gulf news uae,gulf news bahrain,gulfnews,arab news,gulf kerala news,gulf news malayalam,gulf malayalee news
ഒരൊറ്റ സര്‍ക്കാര്‍ ഉത്തരവിന്റെ കാരുണ്യം കാത്ത് ഒരു പെണ്‍കുട്ടിയുടെ ജീവന്‍. കരളിന്റെ പ്രവര്‍ത്തനം നിലച്ച് പൂര്‍ണ അബോധാവസ്ഥയിലായ എറണാകുളം സ്വദേശി സ്വാതി കൃഷ്ണയുടെ ജീവനാണ് കരള്‍ മാറ്റിവയ്ക്കാനുളള സര്‍ക്കാരനുവാദത്തിന് കാത്തിരിക്കുന്നത്.

മകള്‍ ജീവിച്ചുകാണാനുളള ഒരച്ഛന്റെ അടങ്ങാത്ത മോഹം. പതിനാറുകാരിയായ സ്വാതിയുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. കരള്‍ മാറ്റിവെയ്ക്കുക മാത്രമാണൊരു പരിഹാരം. അതിന് പക്ഷെ, സര്‍ക്കാരിന്റെ കരളലിയണം. അമ്മയുടെ കരള്‍ ചേരും. അമ്മ ആരോഗ്യവതിയല്ലാത്തതിനാല്‍ അത് പ്രായോഗികമല്ല. പിന്നെ ചേരുന്നത് അമ്മയുടെ സഹോദരിയുടെ കരള്‍. ഡോക്ടര്‍മാര്‍ തയാറാണ്. അമ്മയുടെ സഹോദരിയും. പക്ഷെ, നിയമം അനുവദിക്കുന്നില്ല. നിമിഷങ്ങളെണ്ണി കഴിയുന്ന സ്വാതിക്ക് കരള്‍ മാറ്റിവെയ്ക്കണമെങ്കില്‍ ഈ മാസം അവസാനം ചേരുന്ന ആലപ്പുഴ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് അനുവദിക്കണം. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം കാത്തിരുന്നാല്‍ സ്വാതി മരണത്തിലേക്ക് നടന്നുപോയെന്നിരിക്കാം. സ്വാതിയുടെ അച്ഛനും ബന്ധുക്കളും മുട്ടാത്ത വാതിലുകളില്ല. കരളിന്റെ പ്രവര്‍ത്തനം നിലച്ചതോടെ അവയവങ്ങളോരോന്നായി കടുത്ത രോഗാവസ്ഥയിലേക്ക് നീങ്ങി. തലച്ചോറില്‍ നീര് കെട്ടി. മൂന്ന് ദിവസമായി അബോധാവസ്ഥയില്‍. ശ്വാസോച്ഛ്വാസം വെന്റിലേറ്റിലൂടെ.
അധികൃതരുടെ കരളലിഞ്ഞാല്‍ സ്വാതി ജീവിതത്തിലേക്ക് തിരിച്ചുവരും. അതുണ്ടാവാനുളള പ്രാര്‍ഥനയിലാണ് ബന്ധുക്കള്‍ക്കൊപ്പം, ഒരു നാടും, ഡോക്ടര്‍മാരും.

സ്വാതിയുടെ കരള്‍ മാറ്റിവെക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്‌ അനുമതി നല്‍കി‍

പിറവം: മഞ്ഞപ്പിത്തം മൂര്‍ച്‌ഛിച്ച്‌ അതീവഗുരുതരാവസ്‌ഥയില്‍ കൊച്ചി അമൃതാ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കൊച്ചി സ്വദേശി സ്വാതി കൃഷ്‌ണയുടെ കരള്‍ മാറ്റിവെക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്‌ അനുമതി നല്‍കി. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ ഇന്ന്‌ കോട്ടയം മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ്‌ അടിയന്തര യോഗമാണ്‌ കരള്‍ മാറ്റിവെയ്‌ക്കാന്‍ അനുമതി നല്‍കിയത്‌. അയവയദാനം സംബന്ധിച്ച നിയമക്കുരുക്കുകളില്‍പ്പെട്ട്‌ സ്വാതിയുടെ ജീവന്‍ അപകടത്തിലായ സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. അവയവം ദാനം ചെയ്യുന്നത്‌ കരള്‍ പകുത്ത്‌ നല്‍കാന്‍ സ്വാതിയുടെ ഇളയമ്മ റെയ്‌നി തയാറായി മുന്നോട്ടുവന്നിരുന്നു. എടക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ വട്ടപ്പാറ മാങ്ങാടത്ത്‌ മുഴിയില്‍ കൃഷ്‌ണന്‍കുട്ടിയുടെയും രാജിയുടെയും രണ്ട് പെണ്‍മക്കളില്‍ ഇളയതാണ്‌ സ്വാതി. പിറവം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌ടു കൊമേഴ്‌സ് വിദ്യാര്‍ഥിനിയാണ്‌. മാതാപിതാക്കളല്ലാതെ മൂന്നാമതൊരാള്‍ അവയവദാനം നല്‍കുമ്പോള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി വേണമായിരുന്നു. 

കരള്‍ മാറ്റി വെക്കാന്‍ സ്വാതി. പ്രാര്‍ത്ഥനയോടെ ഒരു ഗ്രാമം.


ഈ ജീവന്‍ കേഴുന്നു... കൈയൊപ്പുകള്‍ക്കായി...


കൊച്ചി: ഇടപ്പള്ളി അമൃത ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലെ നനുത്ത തണുപ്പില്‍ സ്വാതികൃഷ്ണ അബോധാവസ്ഥയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് അഞ്ച് ദിനരാത്രം പിന്നിട്ടു. കൂട്ടിന് ആയിരങ്ങളുടെ പ്രാര്‍ത്ഥനയുണ്ടെങ്കിലും പിന്നിടുന്ന ഓരോ നിമിഷവും അവള്‍ക്ക് നിര്‍ണായകമാണ്.
സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഒരു ഒപ്പു വേണം ഈ പെണ്‍കുട്ടിയുടെ ജീവതാളം നിലനിറുത്താന്‍. അതിനുള്ള നെട്ടോട്ടത്തിലാണ് സ്വാതിയുടെ ബന്ധുക്കളും അധ്യാപകരും സഹപാഠികളും. രണ്ട് ജില്ലകളിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പിന്നിട്ട് ഔദ്യോഗിക രേഖകള്‍ സംഘടിപ്പിക്കാനുള്ള നെട്ടോട്ടം. പ്രവര്‍ത്തനം നിലച്ച കരള്‍ എത്രയും വേഗം മാറ്റിവച്ചെങ്കിലേ ഇനി അവള്‍ക്ക് ജീവിക്കാന്‍ കഴിയൂ. അതിന് 20 ലക്ഷത്തോളം രൂപ വേണം. ഒരു രൂപയ്ക്ക് ഗതിയില്ലാത്ത കുടുംബത്തിന് ഇപ്പോള്‍ പണം ഒരു പ്രശ്നമേയല്ല. സമയത്തിനൊത്തുയര്‍ന്ന നാട്ടുകാര്‍ അതെല്ലാം സ്വരുക്കൂട്ടി. ഏഴ് ലക്ഷം രൂപ അവര്‍ ഏതാനും ദിവസം കൊണ്ട് സ്വരൂപിച്ചു. പുറമേ, കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഫേസ് ബുക്ക് വഴി ബാങ്ക് അക്കൌണ്ടിലേക്ക് വന്നത് രണ്ട് ലക്ഷത്തോളം രൂപയാണ്.

Thursday, July 12, 2012

കഠിനനിയമങ്ങളേ 'കരളലിവു' കാട്ടൂ; സ്വാതിമോള്‍ ഇനിയും ജീവിച്ചോട്ടെ...‍


 കൊച്ചി: കരള്‍ പകുത്തുനല്‍കാന്‍ തയാറായി അമ്മയും ചിറ്റയും അരികെ, എത്രയും വേഗം ശസ്‌ത്രക്രിയ നടത്തി വിലപ്പെട്ടൊരു പ്രാണന്‍ പിടിച്ചുനിര്‍ത്താന്‍ ഡോക്‌ടര്‍മാര്‍ തയാര്‍...കരളിനു ഗുരുതര തകരാര്‍ ബാധിച്ചു വെന്റിലേറ്ററിന്റെ സഹായത്തോടെ കഷ്‌ടിച്ചു ജീവതാളം നിലനിര്‍ത്തുന്ന സ്വാതിക്കു മുന്നില്‍ ഇനി തുറക്കേണ്ടത്‌ അധികൃതരുടെ കനിവിന്റെ വാതായനങ്ങള്‍ മാത്രം.
പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥിനിയും എടയ്‌ക്കാട്ടുവയല്‍ വട്ടപ്പാറ മങ്കടത്തുമൂഴിയില്‍ കൃഷ്‌ണന്‍കുട്ടിയുടെ മകളുമായ സ്വാതി കൃഷ്‌ണയുടെ ജീവനാണു സാങ്കേതികനിയമങ്ങളുടെ നൂലാമാലയില്‍ കുരുങ്ങിപ്പിടയുന്നത്‌. മഞ്ഞപ്പിത്തംബാധിച്ചു ഗുരുതരാവസ്‌ഥയില്‍ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ചികിത്സയിലാണു സ്വാതി. ഒരാഴ്‌ചയായി എറണാകുളം പി.വി.എസ്‌.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്വാതിയെ രോഗം മൂര്‍ഛിച്ചതോടെയാണ്‌ അമൃതയില്‍ പ്രവേശിപ്പിച്ചത്‌. കരള്‍മാറ്റ ശസ്‌ത്രക്രിയ മാത്രമാണു പ്രതിവിധിയെന്നു ഡോക്‌ടര്‍മാര്‍ പറയുന്നു.
സ്വാതിക്ക്‌ അമ്മയുടെ കരള്‍ മാറ്റിവയ്‌ക്കാനാണ്‌ ആദ്യം തീരുമാനിച്ചത്‌. അമ്മയുടെ ആരോഗ്യസ്‌ഥിതിയും മോശമായതിനാല്‍, അമ്മയുടെ അനുജത്തിയുടെ കരള്‍ മാറ്റിവയ്‌ക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. എന്നാല്‍, സാങ്കേതികതടസങ്ങളില്‍പ്പെട്ട്‌ ശസ്‌ത്രക്രിയ നടത്താന്‍ കഴിഞ്ഞിട്ടില്ല.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡാണ്‌ ഇതുസംബന്ധിച്ച്‌ ആരോഗ്യവകുപ്പിനു റിപ്പോര്‍ട്ട്‌ നല്‍കേണ്ടത്‌. ഉത്തരവില്‍ ഒപ്പുവയ്‌ക്കേണ്ടത്‌ ആരോഗ്യവകുപ്പ്‌ സെക്രട്ടറിയും. മാസത്തില്‍ രണ്ടുതവണയാണ്‌ ബോര്‍ഡ്‌ മീറ്റിംഗ്‌. ഈമാസം ഒടുവിലാണ്‌ അടുത്ത മീറ്റിംഗ്‌ എന്നതിനാല്‍ അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല. തീരുമാനം വൈകുന്നതു സ്വാതിയുടെ സ്‌ഥിതി വഷളാക്കും. രണ്ടുദിവസത്തിനകം ശസ്‌ത്രക്രിയ നടന്നില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്ന്‌ ഡോക്‌ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.
എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയാണു സ്വാതി എസ്‌.എസ്‌.എല്‍.സി. വിജയിച്ചത്‌. സ്വാതിക്കുവേണ്ടി ഉറ്റവര്‍ക്കൊപ്പം സഹപാഠികളും അധ്യാപകരും പ്രാര്‍ഥനയിലാണ്‌- വൈകിയ വേളയിലെങ്കിലും അധികൃതരുടെ കണ്ണു തുറക്കാനായി.
മംഗളം പത്രം ഫസ്റ്റ് പേജ് ന്യൂസ്‌

Tuesday, July 10, 2012

ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനി സഹായം തേടുന്നു.


മഞ്ഞപിത്തം ബാധിച്ചു ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനി സഹായം തേടുന്നു.

പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്‌. ഒരാഴ്ചയായി എറണാകുളം പി വി എസ്‌ ഹോസ്പ്പിറ്റലില്‍ ചികല്‍സയില്‍ ആയിരുന്ന സ്വാതിയെ രോഗം മൂര്ചിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് അമൃതയില്‍ പ്രവേശിപ്പിച്ചത്. കരള്‍ മാറ്റല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ ഇനി കുട്ടി ജീവിതത്തിലേയ്ക്ക് തിരിച്ചു വരുകയുള്ളൂ.സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍ക്ക്, ഇതിനായി വരുന്ന 20 ലക്ഷത്തോളം തുക കണ്ടെത്തുന്നത് അസാധ്യമാണ്. സ്കൂള്‍ അധ്യാപകരും കുട്ടികളും ചേര്‍ന്ന് 5 ലക്ഷത്തോളം രൂപ സമാഹരിച്ചു. ഇനിയും 15 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്. അതിനായി സഹായമനസ്ക്കരായ ആളുകളുടെ കനിവിനായി കാത്തിരിക്കുകയാണ് മാതാപിതാക്കളും അദ്ധ്യാപകരും കൂട്ടുകാരും. ആശുപത്രികിടക്കയില്‍ അത്യാസന്നനിലയില്‍ കിടക്കുന്ന കൂട്ടുകാരിക്കുവേണ്ടി പ്രാര്‍ത്ഥനയോടെ ഇരിക്കുകയാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും. എടക്കാട്ടുവയല്‍ പഞ്ചായത്തില്‍ വട്ടപ്പാറ മങ്കടത്തുമൂഴിയില്‍ കൃഷ്ണന്‍കുട്ടിയുടെ മകളായ സ്വാതി കഴിഞ്ഞ എസ്‌ എസ്‌ എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്‌ നേടിയ കുട്ടിയാണ്.
സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.
MKM HSS  PIRAVOM
PRINCIPAL
Mob: 9446866504
STATE BANK OF TRAVANCORE  PIRAVOM A/c No: 57025993917
IFSE CODE SBTR 0000160
BRANCH CODE 70160

Monday, July 9, 2012

മഞ്ഞപിത്തം ബാധിച്ചു ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനി സഹായം തേടുന്നു.

പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി  സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി  അമൃത ഹോസ്പ്പിറ്റലില്‍  ഗുരുതരാവസ്ഥയില്‍ കഴിയുന്നത്‌. ഒരാഴ്ചയായി എറണാകുളം പി വി എസ്‌ ഹോസ്പ്പിറ്റലില്‍ ചികല്‍സയില്‍ ആയിരുന്ന സ്വാതിയെ രോഗം മൂര്ചിച്ചതിനെ തുടര്‍ന്ന്  ഇന്നലെയാണ് അമൃതയില്‍ പ്രവേശിപ്പിച്ചത്. കരള്‍ മാറ്റല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ ഇനി കുട്ടി ജീവിതത്തിലേയ്ക്ക് തിരിച്ചു വരുകയുള്ളൂ.സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍ക്ക്, ഇതിനായി വരുന്ന 20 ലക്ഷത്തോളം തുക കണ്ടെത്തുന്നത് അസാധ്യമാണ്. സ്കൂള്‍ അധ്യാപകരും കുട്ടികളും   ചേര്‍ന്ന് 5 ലക്ഷത്തോളം രൂപ സമാഹരിച്ചു. ഇനിയും 15 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്. അതിനായി സഹായമനസ്ക്കരായ ആളുകളുടെ കനിവിനായി കാത്തിരിക്കുകയാണ് മാതാപിതാക്കളും അദ്ധ്യാപകരും കൂട്ടുകാരും. ആശുപത്രികിടക്കയില്‍ അത്യാസന്നനിലയില്‍ കിടക്കുന്ന കൂട്ടുകാരിക്കുവേണ്ടി പ്രാര്‍ത്ഥനയോടെ ഇരിക്കുകയാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.
എടക്കാട്ടുവയല്‍ പഞ്ചായത്തില്‍ വട്ടപ്പാറ മങ്കടത്തുമൂഴിയില്‍ കൃഷ്ണന്‍കുട്ടിയുടെ മകളായ സ്വാതി കഴിഞ്ഞ എസ്‌ എസ്‌ എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്‌ നേടിയ കുട്ടിയാണ്.
സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. 
0485-2243069
Mob: 9446866504
SBT PIRAVOM Ac No: 57025993917

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌