Saturday, October 29, 2011

എംകെഎമ്മിലെ കുട്ടികള്‍ കിണര്‍വെള്ളം പരിശോധിച്ചു; കുടിവെള്ളത്തിന് നിലവാരമില്ലെന്ന് കണ്ടെത്തല്‍


പിറവം: പിറവം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍നിന്നായി 103 കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോള്‍ അതില്‍ 70 കിണറുകളിലെ വെള്ളം ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തി. കോളിഫോം ബാക്ടീരിയ ഉണ്ടോ എന്നറിയാന്‍ പരിശോധിച്ച ഒമ്പതുകിണറുകളില്‍ ഏഴെണ്ണത്തിലും അതിന്റെ സാന്നിധ്യം കണ്ടെത്തിയത് ആശങ്കയുണര്‍ത്തി.
യൂണിസെഫിന്റെ ജലായനം 2011 പദ്ധതിയുടെ ഭാഗമായാണ് എംകെഎമ്മിലെ നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ കുടിവെള്ള പരിശോധനക്കായി രംഗത്തിറങ്ങിയത്. നേരത്തെ എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ അധ്യാപകന്‍ ഷാജി വര്‍ഗീസിനും സ്‌കൂളിലെ വിദ്യാര്‍ഥികളായ റെയ്‌സണ്‍ കുര്യാക്കോസ്, ആതിരമോള്‍ എന്നിവര്‍ക്കും യൂണിസെഫ്പദ്ധതിയിന്‍കീഴില്‍, പരിശോധന നടത്താന്‍ പ്രത്യേക പരിശീലനം നല്‍കിയിരുന്നു. കുടിവെള്ള പരിശോധനക്കാവശ്യമായ പ്രത്യേക കിറ്റും ഉപകരണങ്ങളും യൂണിസെഫ്‌വഴി ലഭിച്ചു.
പൊതുകിണറുകളിലെ വെള്ളം സംഘം നേരിട്ട് സ്ഥലത്തെത്തി പരിശോധിച്ചു. അതേസമയം, വീടുകളില്‍നിന്നുള്ള വെള്ളം ശാസ്ത്രീയമായി സാമ്പിളെടുത്ത് സ്‌കൂള്‍ ലാബില്‍ കൊണ്ടുവന്ന് പരിശോധിക്കുകയായിരുന്നു.
പിറവത്തെ 62 കിണറുകളിലെ വെള്ളത്തിന് പി.എച്ച്.മൂല്യം കുറവാണെന്നുകണ്ടപ്പോള്‍ എട്ട് കിണറുകളില്‍ മൂല്യം കൂടുതലാണെന്നായിരുന്നു റിപ്പോര്‍ട്ട്. കക്കാട്, കളമ്പൂര്‍, പാഴൂര്‍ എന്നിവിടങ്ങളിലായി ഏഴ് കിണറുകളിലാണ് കോളിഫോം ബാക്ടീരിയ കണ്ടെത്തിയത്. വെള്ളത്തിന്റെ അമ്ല, ക്ഷാരഗുണങ്ങള്‍, ക്ലോറൈഡ്, ഫ്‌ളൂറൈഡ്, നൈട്രേറ്റ്, ഇരുമ്പിന്റെ അംശം എന്നിവയാണ് കുട്ടികള്‍ പരിശോധിച്ചത്. എടയ്ക്കാട്ടുവയല്‍, പാമ്പാക്കുട, കൂത്താട്ടുകുളം, മണീട് പഞ്ചായത്തുകളിലെ ഏതാനും കിണറുകളിലെ വെള്ളവും കുട്ടികള്‍ സാമ്പിളെടുത്ത് പരിശോധിച്ചു.
നേരത്തെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ഡോമി പരിശോധന ഉദ്ഘാടനംചെയ്തു. അംഗങ്ങളായ കെ.പി. സലിം, പി.കെ. പ്രസാദ്, സാലി കുര്യാക്കോസ്, ബിന്ദു ബാബു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.എ. ഓനാന്‍കുഞ്ഞ്, പിടിഎ വൈസ് പ്രസിഡന്റ് സാജു കുറ്റിവേലില്‍, വലിയപള്ളി ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷാജി വര്‍ഗീസ് സ്വാഗതവും മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബെന്നി വി. വര്‍ഗീസ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌