പിറവം . ജീവിതത്തിലേക്കുള്ള മടങ്ങിവരവിന്റെ പാതയില്‍ കണ്ണിമ ചിമ്മാതെ അവള്‍ക്കു കാവലിരുന്നതു മുപ്പത്തിമുക്കോടി ദൈവങ്ങളായിരുന്നു. അതേ ഈശ്വരന്മാരെ വഴിനീളെ കണ്ടുവണങ്ങി സ്വാതി കൃഷ്ണ ഇന്നലെ സ്വവസതിയില്‍ മടങ്ങിയെത്തി. കരള്‍ കവരാനെത്തിയ രോഗത്തെ നാടിന്റെ പിന്തുണയും പ്രാര്‍ഥനയും കൊണ്ടു ചെറുത്തുതോല്‍പ്പിച്ച സ്വാതി കൃഷ്ണ തിരിച്ചെത്തിയപ്പോള്‍ എടയ്ക്കാട്ടുവയല്‍ ഗ്രാമത്തിന് അത് ആത്മനിര്‍വൃതിയുടെ നിമിഷം.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു ശേഷം അമൃത ആശുപത്രിക്കു സമീപത്തെ വാടകവീട്ടില്‍ മൂന്നു മാസത്തോളമായി വിശ്രമത്തിലായിരുന്നു സ്വാതി. രാവിലെ 8.40-നു വാടക വീട്ടില്‍ നിന്ന് അച്ഛന്‍ കൃഷ്ണന്‍കുട്ടിക്കും അമ്മ രാജിക്കും ചേച്ചി ശ്രുതിക്കുമൊപ്പം യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അയല്‍വാസികള്‍ യാത്രാമംഗളം നേരാനെത്തിയിരുന്നു. ഒരു തീര്‍ഥയാത്രയ്ക്കു സമാനമായിരുന്നു മടക്കം. ആദ്യമിറങ്ങിയത് കലൂരിലെ അന്തോണീസ് പുണ്യവാളന്റെ പള്ളിയില്‍.
ഞായറാഴ്ച കുര്‍ബാനയ്ക്കിടെ എത്തിയ സ്വാതി മാസ്ക് ധരിച്ചാണു വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയത്. കയ്യില്‍ എരിഞ്ഞ മെഴുകുതിരി നാളങ്ങള്‍ക്കൊപ്പം സ്വാതിയുടെ മനസ്സില്‍ നിന്നുയര്‍ന്ന നിശ്ശബ്ദമായ ഒരായിരം നന്ദിവാക്കുകള്‍ മുഖം മറച്ച മാസ്കിനപ്പുറം വായിച്ചെടുക്കാമായിരുന്നു. പിന്നെ എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലേക്ക്. തിരക്കൊഴിഞ്ഞ നേരമായതിനാല്‍ മാസ്ക് മാറ്റി ക്ഷേത്രത്തിനുള്ളില്‍ കടന്നു തൊഴുതു. 'ഇതു സ്വാതി കൃഷ്ണയല്ലേയെന്നു ചോദിച്ചെത്തിയവര്‍ക്കു നേരെ കൃഷ്ണന്‍കുട്ടി പുഞ്ചിരിയോടെ തലയാട്ടി.
നവരാത്രി ആഘോഷത്തിന്റെ തിരക്കിലായ പിറവം വട്ടപ്പാറ പള്ളിക്കക്കാവ് ഭഗവതി ക്ഷേത്രത്തില്‍ എത്തുമ്പോള്‍ മുറ്റത്ത് രണ്ടോ മൂന്നോ പേര്‍ മാത്രം. നാടിന്റെ കൈവിട്ടു പോയെന്നു കരുതിയ കരള്‍ മടങ്ങിയെത്തിയ സന്തോഷത്തില്‍ അതിലൊരാള്‍ ഒാടിയെത്തി കൈപിടിച്ചു. 'നട അടയ്ക്കാറായി, വേഗം തൊഴുതോളൂ എന്ന പൂജാരിയുടെ അറിയിപ്പു കേട്ടതോടെ സ്വാതിയും സംഘവും ക്ഷേത്രത്തിനുള്ളിലേക്ക്. തന്നെ തിരികെ നാട്ടിലെത്തിച്ച ദേവിക്ക് നന്ദി പറഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ക്ഷേത്രഭാരവാഹികള്‍ കാണാനെത്തി. സ്വാതിക്കായി ഒട്ടേറെ പൂജകളാണ് ഇവിടെ ആളുകള്‍ അര്‍പ്പിച്ചതെന്ന് അവര്‍ അറിയിച്ചു.
സ്വാതി എന്നുമാത്രം പറഞ്ഞാല്‍ 'ആയില്യം നക്ഷത്രത്തിലെ സ്വാതി കൃഷ്ണയല്ലേ? എന്നു തിരിച്ചുചേദിക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ എത്തിയിരുന്നു. ക്ഷേത്രത്തില്‍ നിന്നു മങ്ങാട്ടുമൂഴിയില്‍ വീട്ടിലേക്ക്. ഇടയ്ക്ക് വട്ടപ്പാറയില്‍ ചികില്‍സാ സഹായസമിതി രൂപീകരിച്ചവരോടു നന്ദി പറയാന്‍ ഇറങ്ങി. 11.05നു വീട്ടിലെത്തുമ്പോള്‍ പടിവാതിലില്‍ അച്ഛന്റെ അമ്മ കമലാക്ഷി കാത്തിരിക്കുന്നു. പേരക്കുട്ടിക്ക് അമ്മൂമ്മയുടെ സ്നേഹചുംബനം. ടൈല്‍സ് വിരിച്ച്, പെയിന്റ് അടിച്ചു പുത്തനാക്കിയ വീടിന്റെ പടികള്‍ സ്വാതി ചുറുചുറുക്കോടെ ഓടിക്കയറി.
തൊട്ടടുത്ത പറമ്പില്‍ കാണാനായി മറഞ്ഞിരുന്ന കുട്ടികളെ കൈവീശി കാണിക്കാനും മറന്നില്ല. വീട്ടില്‍നിന്നു പോകുമ്പോള്‍ പൊടിപിടിച്ചിരുന്ന മുറിയില്‍ എസിയും പുതിയ ഫാനുമെല്ലാം കണ്ടപ്പോള്‍ സ്വാതിയുടെ മുഖത്ത് അമ്പരപ്പ്. ഉടനെ അച്ഛന്‍ ലാപ്ടോപ്പ് മേശയില്‍ വച്ചു. ഇനി കുറേക്കാലത്തേക്ക് സ്വാതിയുടെ ക്ളാസ് മുറിയും ഇതുതന്നെ. ഇന്റര്‍നെറ്റ് വഴി ക്ളാസിലെ ശബ്ദവും പാഠവുമെല്ലാം ഇവിടേക്കെത്തും. പുതുജീവിതത്തിന്റെ ഗന്ധവുമായി ആരോഗ്യവതിയായി സ്വാതി ഇനി പഴയ പഠന നാളുകളിലേക്ക്...
Can anyone please tel me the Facebook id of Swathi Krishna.......
ReplyDeleteit's a request..........