കൊച്ചി: പുള്ളിക്കുത്തും പൂക്കളുമടങ്ങിയ ഉടുപ്പണിഞ്ഞ് വീല്‍ചെയറില്‍ അമൃത ആസ്പത്രിയില്‍ നിന്ന് പുറത്തേക്ക് സ്വാതി കൃഷ്ണ വന്നത് തന്റെ രണ്ടാം ജന്മത്തിലേക്കായിരുന്നു. സ്വാതിയുടെ മുഖത്തെ പാതി മറച്ച മാസ്‌കിനപ്പുറം, തിളങ്ങി നിന്ന കണ്ണുകള്‍ ആ പുതു ജീവന്റെ പ്രസരിപ്പും, തുടിപ്പും വ്യക്തമാക്കി. കരള്‍ മാറ്റി വെച്ച ശസ്ത്രക്രിയയുടെ തുടര്‍ ചികിത്സയുള്ളതിനാല്‍ ആസ്പത്രിക്കടുത്തുള്ള പുതിയ വാടക വീട്ടിലേക്കായിരുന്നു യാത്ര. ഡിസ്ചാര്‍ജാകുമെന്നറിഞ്ഞ് തന്നെ കാണാന്‍ ആസ്പത്രിയില്‍ എത്തിയ അദ്ധ്യാപകരുടെ കാറില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ സ്വാതി വാടക വീട്ടിലേക്ക് ബന്ധുക്കള്‍ക്കൊപ്പം യാത്രയായി. പ്രാര്‍ത്ഥനയുടേയും, കാരുണ്യത്തിന്‍േറയും കരുത്തില്‍ വിധി മാറ്റിയെഴുതിയ സന്തോഷത്തോടെ...
പുതുജീവിതത്തില്‍ കടപ്പാട് അറിയിക്കാനുള്ളത് നിരവധി പേരോടാണ്. ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിച്ച, അതിനായി സഹായിച്ച ഒരു പാട് ആളുകളുണ്ട്. എന്റെ പ്രിയപ്പെട്ട അമ്മയും അച്ഛനും, കരള്‍ പകുത്തു നല്‍കിയ ഇളയമ്മ, ഡോക്ടര്‍മാര്‍, സഹായിച്ച സുമനസ്സുകള്‍ അങ്ങനെ നിരവധി പേരോട്... ഇനിയും ഉറയ്ക്കാത്ത ശബ്ദത്തില്‍ നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതെ സ്വാതി വിഷമിച്ചു.
മൂന്നു മാസത്തെ വിശ്രമമാണ് വേണ്ടത്. ആസ്പത്രിയില്‍ കഴിഞ്ഞതു പോലെ തന്നെ വീട്ടിലും കഴിയണം. ഇടയ്ക്കിടെ ഉണ്ടാകുന്ന പരിശോധനകള്‍ എളുപ്പത്തിലാക്കുന്നതിനാണ് ആസ്പത്രിക്ക് സമീപം വാടക വീട് എടുത്തത്. അണു ബാധയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണമുണ്ടാകും. സന്ദര്‍ശകരെ അനുവദിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിശ്രമവേള പഠനത്തിനും, കവിത എഴുത്തിനുമായി മാറ്റി വെയ്ക്കാനാണ് സ്വാതിയുടെ തീരുമാനം. സ്‌കൂള്‍ പഠനം മുടങ്ങാതിരിക്കാന്‍ വീട്ടില്‍ വന്ന് പഠിപ്പിക്കാമെന്ന് അദ്ധ്യാപകരും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആഗസ്ത് ആറിന് ഇനി പരിശോധനയ്ക്കായി സ്വാതി ആസ്പത്രിയില്‍ എത്തണം.
കുഞ്ഞുപെങ്ങളെ സഹായിക്കുന്നതിനായി ചേച്ചി ശ്രുതി കൃഷ്ണയും ഒരാഴ്ചയ്ക്കകം ഇടപ്പള്ളിയിലെ വീട്ടിലെത്തും. കോട്ടയത്ത് പഠിക്കുന്ന ശ്രുതി പരീക്ഷാ തിരക്കിലാണ് .
സ്വാതിക്ക് കരള്‍ പകുത്തു നല്‍കിയ ഇളയമ്മ റെയ്‌നിയെ നേരത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആസ്‌പത്രിയുടെ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന അവരും ചൊവ്വാഴ്ച ഗസ്റ്റ് ഹൗസ് വിട്ടു. നേരെ സ്വാതി താമസിക്കുന്ന വാടക വീട്ടിലേക്കാണ് ഇളയമ്മയെത്തിയത്. ഒരു ദിവസം സ്വാതിക്ക് ഒപ്പം താമസിച്ച ശേഷം ബുധനാഴ്ച തൊടുപുഴയിലെ വീട്ടിലേക്ക് മടങ്ങും.
എടയ്ക്കാട്ട് വയല്‍ കൈപ്പട്ടൂര്‍ വട്ടപ്പാറ മാങ്ങാടത്ത് മുഴിയില്‍ കൃഷ്ണന്‍കുട്ടിയുടെയും രാജിയുടെയും രണ്ട് പെണ്‍മക്കളില്‍ ഇളയ ആളാണ് സ്വാതി കൃഷ്ണ.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.