Saturday, August 4, 2012

അവയവദാനത്തിന്റെ മഹത്വവുമായി 'പുനര്‍ജനി'

'പുനര്‍ജനി' എന്ന് നാമകരണം ചെയ്തിരിക്കുന്ന അവയവദാന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി അനൂപ് ജേക്കബ് സമീപം. 
അവയവദാന സമ്മതപത്രം നല്‍കിയ എന്‍ എസ് എസ്‌ പ്രോഗ്രാം ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റു സ്വീകരിച്ചതിനു ശേഷം വിശിഷ്ട വ്യക്തികള്‍ക്കൊപ്പം വേദിയില്‍.  
പിറവം: പുതിയകാലത്ത് ആരും സുരക്ഷിതരല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം 'പുനര്‍ജനി' എന്ന പദ്ധതിക്ക് തുടക്കമിട്ടത്. അവയവദാനത്തിന്റെ മഹത്വവും ആവശ്യകതയും പ്രചരിപ്പിക്കാന്‍ അധ്യാപകര്‍തന്നെ മുന്നിട്ടിറങ്ങിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും അത് പ്രചോദനമായി. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ അധ്യാപകര്‍, മരണാനന്തരം തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടപ്പോള്‍ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബും അതിനെ പ്രോത്സാഹിപ്പിച്ചു. മാതൃകാപരമായ ഈ കര്‍മം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പിറവം എം.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു, ഹയര്‍ സെക്കന്‍ഡറി നടപ്പിലാക്കുന്ന അവയവദാന ബോധവത്കരണ പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം. മന്ത്രി അബ്ദു റബ്ബ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷനായി. രോഗം ബാധിച്ച് കരള്‍ മാറ്റിവയേ്ക്കണ്ടി വന്ന എന്‍.എസ്.എസ്. കുടുംബാംഗവും എം.കെ.എം. സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ സ്വാതി കൃഷ്ണയ്ക്കും ബന്ധുക്കള്‍ക്കും കരള്‍മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ടി വന്ന ദുരിതത്തിന്റെ വെളിച്ചത്തിലാണ് നാഷണല്‍ സര്‍വീസ് സ്‌കീം അവയവദാന ബോധവത്കരണം ഒരു ദൗത്യമായി ഏറ്റെടുത്തത്.
മരണാനന്തരം തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായതിനെ തുടര്‍ന്ന് അധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രിമാര്‍ വിതരണം ചെയ്തു. സ്വാതി കൃഷ്ണയുടെ ചികിത്സയ്ക്കായി ഹയര്‍ സെക്കന്‍ഡറി വിഭാഗം സമാഹരിച്ച തുക ഡയറക്ടര്‍ മുഹമ്മദ് സാഗിര്‍ സ്വാതിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടിക്ക് കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി സ്റ്റീഫന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ്, സൈമണ്‍ ചെള്ളിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ജൂലി സാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ഡോമി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രദീപ് കൃഷ്ണന്‍കുട്ടി, ഐഷ മാധവന്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.പി. സലിം, ഗ്രാമപഞ്ചായത്തംഗം ബിജു റെജി, സെബന്നിസ ബീവി, മാനേജര്‍ പി.സി. ചിന്നക്കുട്ടി, എന്‍.എസ്.എസ്. റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സന്തോഷ്‌കുമാര്‍, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എന്‍. ശിവരാമന്‍, വലിയപള്ളി ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.വി. സാബു, എം.ഒ. വര്‍ഗീസ്, പ്രോഗ്രാം ഓഫീസര്‍ ഷാജി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. അവയവമാറ്റ സൊസൈറ്റി ജോയിന്റ് സെക്രട്ടറി വസന്ത ഷേണായി സമ്മതപത്രങ്ങള്‍ ഏറ്റുവാങ്ങി.
അവയവദാനത്തിലൂടെ സമൂഹത്തിന് മാതൃക കാണിച്ച റെയ്‌നി ജോയി, സി.എം. ഷാജി, ഗോഡ്‌വിന്‍ ജോസഫ്, ഷീജ സോമന്‍ എന്നിവരെ ആദരിച്ചു.
എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ ടി.എന്‍. വിനോദ് സ്വാഗതവും എം.കെ.എം. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം.എ. ഓനാന്‍കുഞ്ഞ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌