Sunday, July 15, 2012

ചെറിയമ്മയല്ല, റെയ്‌ന ഇനി സ്വാതിയുടെ കരളല്ലയോ...



കൊച്ചി: ആറുദിവസമായി അബോധാവസ്‌ഥയിലായിരുന്ന സ്വാതി കൃഷ്‌ണയുടെ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയം. ശസ്‌ത്രക്രിയ പ്രതീക്ഷ പകരുന്നതായി ഡോക്‌ടര്‍മാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു കരള്‍ പ്രവര്‍ത്തനരഹിതമായ സ്വാതി കൃഷ്‌ണയ്‌ക്ക് ഒമ്പതുമണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണു മാതൃസഹോദരി റെയ്‌നയുടെ കരള്‍ മുറിച്ചുനല്‍കിയത്‌. 
വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് മൂന്നിനു തുടങ്ങിയ ശസ്‌ത്രക്രിയയില്‍ ചെറിയമ്മയുടെ കരള്‍ മുറിച്ചെടുത്ത ഉടന്‍ ലൈവ്‌ ഓപ്പറേഷനിലൂടെ സ്വാതിയുടെ ശരീരത്തില്‍ തുന്നിച്ചേര്‍ത്തു. രാത്രി 11.30-ന്‌ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.
ശസ്‌ത്രക്രിയ കഴിഞ്ഞ്‌ മണിക്കൂറുകള്‍ക്കകം ആശുപത്രിയിലെ ഐ.സി.യുവില്‍ എത്തിയ ഭര്‍ത്താവ്‌ ജോയിയുടെ കരം ചേര്‍ത്തുപിടിച്ച്‌ റെയ്‌ന പറഞ്ഞു: ''എനിക്ക്‌ ഒരു കുഴപ്പവുമില്ല, വീട്ടില്‍ പോയി കുട്ടികളെ സമാധാനിപ്പിക്കണം. അമ്മയും ചേച്ചിയും സുഖമായിരിക്കുന്നതായി അറിയിക്കണം''.
സ്വാതി മഞ്ഞപ്പിത്തം ബാധിച്ച്‌ അബോധാവസ്‌ഥയിലായ ദിവസംതന്നെ റെയ്‌നയും ജോയിയും ആശുപത്രിയിലെത്തിയതാണ്‌. എന്തു വിലകൊടുത്തും കുഞ്ഞിനെ രക്ഷിക്കണമെന്ന ആഗ്രഹവുമായാണ്‌ കൂലിപ്പണിക്കാരായ ഇവര്‍ ഇടുക്കിയില്‍നിന്ന്‌ ഇവിടെ എത്തിയത്‌. റെയ്‌നയ്‌ക്ക് മൂന്നുമാസത്തെ വിശ്രമത്തിനുശേഷം മുമ്പത്തെപ്പോലെ ആരോഗ്യം വീണ്ടെടുക്കാനാകുമെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു. 
ഡോ. സുധീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയകള്‍. ശനിയാഴ്‌ച രാവിലെ മുതല്‍ കരള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടു. അണുബാധയ്‌ക്കുള്ള സാധ്യത തടയുകയാണ്‌ ഇനി വേണ്ടത്‌. 
പ്രതിരോധശേഷി കുറവായതിനാല്‍ മഞ്ഞപ്പിത്തത്തിനുള്ള ചികിത്സ തുടരുകയും വേണം. ന്യൂറോ വിഭാഗം മേധാവി ഡോ. ആനന്ദ്‌കുമാര്‍, ഡോ. അനില്‍കുമാര്‍, ഡോ. ദിനേശ്‌ ബാലകൃഷ്‌ണന്‍, ഡോ. രാമചന്ദ്രന്‍, ഡോ. ബിനോജ്‌, ഡോ. ബിജു, ഡോ. ലക്ഷ്‌മി, ഡോ. രാജേഷ്‌, ഡോ. പ്രിയ എന്നിവര്‍ ശസ്‌ത്രക്രിയയില്‍ പങ്കെടുത്തു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌