Sunday, July 15, 2012

സ്വാതിയുടെ കരള്‍ പ്രവര്‍ത്തിച്ചുതുടങ്ങി



കൊച്ചി: കരളുരുകിക്കഴിഞ്ഞ അച്ഛന്റെയും അമ്മയുടെയും, കരള്‍ പകുത്തു നല്‍കിയ ഇളയമ്മയുടെയും ഒരു ഗ്രാമത്തിന്റെയും പ്രാര്‍ത്ഥന ദൈവം കേട്ടു. മാസങ്ങളായി പ്രാര്‍ത്ഥനകള്‍ ഒരു മാലയായി ദൈവത്തിന് മുന്നിലെത്തിയപ്പോള്‍ സ്വാതിയുടെ കാലുകള്‍ അനങ്ങി, കണ്ണുകള്‍ ചിമ്മി. എട്ട് മണിക്കൂറോളം ആകാംക്ഷ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയ്ക്ക് ശേഷവും അമൃത ആസ്പത്രയിലെ കരള്‍ മാറ്റിവയ്ക്കല്‍ ഐ.സി.യു. വില്‍ ജീവിതത്തിലേക്ക് തിരിച്ചുവരവിന് മുമ്പുള്ള ചെറിയ മയക്കത്തിലാണ് സ്വാതി കൃഷ്ണ.

വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് ശസ്ത്രക്രിയ അവസാനിച്ചത്. അബോധാവസ്ഥയിലായിരുന്ന സ്വാതിയില്‍ കരള്‍ മാറ്റിവച്ചതിന്റെ സങ്കീര്‍ണതകള്‍ നിലനില്‍ക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് കരള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ലക്ഷണം കണ്ടുതുടങ്ങിയത്. 48 മണിക്കൂര്‍ കടുത്ത നിരീക്ഷണത്തിലാണ് സ്വാതിയെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ വിദഗ്ധ ഡോക്ടര്‍മാരിലൊരാളായ ഡോ. ദിനേശ് ബാലകൃഷ്ണന്‍ പറഞ്ഞു. പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിനിയായ സ്വാതിയെ ഞായറാഴ്ചയാണ് അമൃത ആസ്പത്രിയിലാക്കിയത്.
പലതരത്തിലുള്ള അണുബാധകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ ഒരു നഴ്‌സ് മാത്രമുള്ള ഐ.സി.യു. വിലാണ് സ്വാതി കഴിയുന്നത്. പുതിയ കരള്‍ ആയതിനാല്‍ ശരീരത്തില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ബുദ്ധിമുട്ടുണ്ട്. പ്രതിരോധശേഷി വളരെ കുറവായിരിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാണെന്ന് പറയാന്‍ ബോധം വീഴണമെന്നും ഡോക്ടര്‍ വ്യക്തമാക്കി. ന്യൂറോളജി വിദഗ്ധര്‍ സ്വാതിയെ സന്ദര്‍ശിച്ചപ്പോള്‍ പ്രതീക്ഷയുണ്ടെന്നാണ് വ്യക്തമാക്കിയത്. മഞ്ഞപ്പിത്തത്തിനുള്ള ചികിത്സ തുടരും. ശരീരത്തിന് ചെറിയ ചില ചലനങ്ങള്‍ കണ്ടുതുടങ്ങിയതാണ് ശുഭപ്രതീക്ഷ. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതിയുടെ കാര്യത്തില്‍ ഓരോ ദിവസവും നിര്‍ണായകമാണ്. മഞ്ഞപ്പിത്തം പുതിയ കരളിനെ ബാധിക്കാന്‍ സാധ്യതയില്ല. കരള്‍ കൊടുത്ത സ്വാതിയുടെ ഇളയമ്മയുടെ അവസ്ഥ സാധാരണ നിലയിലാണ്. രണ്ട് ദിവസം ഐ.സി.യു. വില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. രാമചന്ദ്രന്‍, ഡോ. ബിനോജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കടുത്ത മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് കരള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ അമ്മയുടെ കരള്‍ ഉപയോഗിച്ച് ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍, ഫാറ്റി ലിവറും ആരോഗ്യ പ്രശ്‌നങ്ങളും മൂലം ശസ്ത്രക്രിയ നടന്നില്ല. പിന്നീട് ഇളയമ്മ അവയവദാനം ചെയ്യാന്‍ മുന്നോട്ട് വന്നു. മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും മാത്രമേ മുന്‍കൂട്ടി സര്‍ക്കാര്‍ അനുമതിയില്ലാതെ അവയവങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ. ആരോഗ്യവകുപ്പ് സെക്രട്ടറി ഒപ്പിട്ട പേപ്പര്‍ എത്താന്‍ കാത്തിരിക്കുകയായിരുന്നു. നിയമത്തിന്റെ കുരുക്കുകള്‍ അഴിഞ്ഞ് വ്യാഴാഴ്ച 2.30 ഓടെ ശസ്ത്രക്രിയ ആരംഭിക്കുകയായിരുന്നു.
എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ വട്ടപ്പാറ മാങ്ങാടത്ത് മുഴിയില്‍ കൃഷ്ണന്‍കുട്ടിയുടെയും രാജിയുടെയും രണ്ട് പെണ്‍മക്കളില്‍ ഇളയ ആള്‍. പനിയായിരുന്നു തുടക്കം. പിന്നീടത് മഞ്ഞപ്പിത്തമായി. പച്ചമരുന്നുകളും അലോപ്പതിയുമായി രണ്ടാഴ്ച പിന്നിട്ടതോടെ സ്ഥിതി വഷളാവുകയായിരുന്നു. അവയവം ദാനം ചെയ്യുന്നത് മാതാപിതാക്കളല്ലാത്ത മൂന്നാമതൊരാള്‍ ആകുമ്പോള്‍ അതിന് മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി വേണമായിരുന്നു. അമ്മയുടെ സഹോദരി റെയ്‌നി താമസിക്കുന്നത് തൊടുപുഴയിലും സ്വാതി കൃഷ്ണ എറണാകുളം സ്വദേശിയുമാണ്. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇരു കളക്ടര്‍മാരുടെയും അനുമതി ആവശ്യമായിരുന്നു. വെള്ളിയാഴ്ച മെഡിക്കല്‍ ബോര്‍ഡ് അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു.
ഡോ. സുധീന്ദ്രന്റെ നേതൃത്വത്തില്‍ ഡോ. ദിനേശ് ബാലകൃഷ്ണന്‍, ഡോ. രാമചന്ദ്രന്‍, ഡോ. ബിനോജ്, ഡോ. ബിജു, അനസ്‌തേഷ്യേളജിസ്റ്റുമായ ഡോ. ലക്ഷ്മി, ഡോ. രാജേഷ്, ഡോ. ജ്യോതി, ഡോ. പ്രിയ എന്നിവരും പാരാ മെഡിക്കല്‍ ജീവനക്കാരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സ്വാതിയുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ആസ്പത്രിയില്‍ എത്തിയിരുന്നു. മന്ത്രി അനൂപ് ജേക്കബ് ശസ്ത്രക്രിയ സമയത്ത് ആസ്പത്രിയില്‍ എത്തിയിരുന്നു. ആരോഗ്യ മന്ത്രി സ്വാതിയുടെ വിവരങ്ങള്‍ തിരക്കുന്നുണ്ടെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു.

1 comment:

  1. ഒത്തിരിയൊത്തിരി സന്തോഷം തോന്നുന്നു...എല്ലാ പ്രാര്‍ഥനകളും എപ്പഴും ...............

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌