Monday, July 16, 2012

'കുഞ്ഞി'യെന്ന് അമ്മ വിളിച്ചു; സ്വാതി കണ്ണു തുറന്നു

കൊച്ചി .കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ സ്വാതി കൃഷ്ണയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. ഒരാഴ്ചയായി പൂര്‍ണ അബോധാവസ്ഥയില്‍ കഴിയുന്ന സ്വാതിയുടെ ബോധം വീണ്ടുകിട്ടുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 
ഇന്നലെ അമ്മ രാജിയെ ട്രാന്‍സ്പ്ളാന്റ് ഐസിയുവില്‍ കയറ്റി സ്വാതിയെ വിളിപ്പിച്ചു. അബോധാവസ്ഥയിലും അമ്മയുടെ ശബ്ദം കേട്ടു സ്വാതി കണ്ണു തുറന്നുനോക്കി. ഇതു ശരീരത്തിന്റെ പ്രതികരണശേഷിയും ബോധവും വീണ്ടുകിട്ടുന്നതിന്റെ സൂചനയായാണു വിലയിരുത്തുന്നത്. 
വച്ചുപിടിപ്പിച്ച കരളിന്റെ സ്കാനിങ്ങില്‍ പ്രശ്നങ്ങളില്ല. കുട്ടിയുടെ രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയിലാണ്. നെഞ്ചിന്റെ എക്സ്റേയും തൃപ്തികരം. ഇന്നലെ രാവിലെ മുതല്‍ ശബ്ദങ്ങളോടു സ്വാതി ചെറുതായി പ്രതികരിച്ചു തുടങ്ങി. തുടര്‍ന്നാണ് ഏറ്റവും പരിചിതമായ അമ്മയുടെ ശബ്ദം കേള്‍പ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ചെല്ലപ്പേരായ 'കുഞ്ഞിയെന്ന് അമ്മ വിളിച്ചതും സ്വാതി കണ്ണു തുറന്നടച്ചു. 
അമ്മ സ്വാതിയുടെ കൈകളില്‍ പിടിച്ചപ്പോഴും പ്രതികരണം വ്യക്തമായിരുന്നു. കുട്ടിയുടെ ഓര്‍മശക്തിയും ബോധവും മടങ്ങിവരുകയാണെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇന്നലെ വൈകുന്നേരത്തോടെ സ്ഥിതി കുറച്ചുകൂടി മെച്ചപ്പെട്ടു. വെന്റിലേറ്ററിന്റെ സഹായം ഇല്ലാതെതന്നെ സ്വാതി ശ്വസിച്ചു തുടങ്ങിയിട്ടുണ്ട്. സ്വാതി കൃഷ്ണയുടെ കുടുംബത്തിനു മാതാ അമൃതാനന്ദമയി മഠം നാലു ലക്ഷം രൂപ സഹായം നല്‍കും. 
വിദേശ പര്യടനം നടത്തുന്ന മാതാ അമൃതാനന്ദമയിയുടെ നിര്‍ദേശപ്രകാരമാണിതെന്നു മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരി അറിയിച്ചു. ശസ്ത്രക്രിയയ്ക്കായി മാത്രം അമൃത ആശുപത്രിയില്‍ 14 ലക്ഷം രൂപയാണു കെട്ടിവച്ചത്. സ്വാതി പഠിക്കുന്ന പിറവം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്വരൂപിച്ച തുക കൊണ്ടാണു സ്വാതിയുടെ നിര്‍ധന കുടുംബം ഭാരിച്ച ചെലവു നിര്‍വഹിച്ചത്. 
ഫേസ് ബുക്കിലൂടെയും മറ്റും നടത്തിയ പ്രചാരണത്തിലൂടെയും വിദ്യാര്‍ഥികളില്‍നിന്നുമായി ശേഖരിച്ച 6.5 ലക്ഷം രൂപ സ്കൂള്‍ അധികൃതര്‍ കൈമാറി. സ്കൂളിന്റെ മേല്‍നോട്ടത്തില്‍ എസ്ബിടി പിറവം ശാഖയില്‍ 57025993917 നമ്പറില്‍ അക്കൌണ്ട് ആരംഭിച്ചു. സ്വാതിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടി ആറു ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട്. എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ വീടുകള്‍ സന്ദര്‍ശിച്ചു സഹായനിധി ശേഖരിച്ചു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌