കൊച്ചി : വെന്റിലേറ്ററില്‍ കഴിയുന്ന പ്ലസ്‌ടു വിദ്യാര്‍ഥിനി സ്വാതി കൃഷ്‌ണയ്‌ക്ക് കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം തീരുമാനമെടുക്കും.
അനുമതി കിട്ടിയില്ലെങ്കില്‍ സ്വാതിയുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്‌ടര്‍മാര്‍ സൂചിപ്പിച്ചു. പതിവ് ബോര്‍ഡ് യോഗം ഈമാസം അവസാനമാണെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഇന്നു രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ ബോര്‍ഡ് യോഗം ചേരും. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. റംലാ ബീവിയാണ് ബോര്‍ഡ് അധ്യക്ഷ.
ഇന്നലെ 'മംഗളം' സ്വാതിയുടെ അവസ്‌ഥ പ്രസിദ്ധീകരിച്ചിരുന്നു് തുടര്‍ന്ന് നാട്ടില്‍നിന്നും വിദേശത്തു നിന്നും നിരവധിപേര്‍ കുട്ടിയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. രാമലിംഗം, ഹൈക്കോടതി അഭിഭാഷകന്‍ മനു പ്രഭു എന്നിവര്‍ നിയമസഹായം നല്‍കി. തുടര്‍ന്നു കരള്‍ നല്‍കാന്‍ തയ്യാറായ സ്വാതിയുടെ അമ്മ രാജിയുടെ അനുജത്തി റോണി ജോയ് എറണാകുളം രണ്ടാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ ഇന്നലെ രാത്രിയെത്തി സത്യവാങ്‌മൂലം നല്‍കി. തന്റെ കരള്‍ സ്വമേധയാ ദാനം ചെയ്യുന്നുവെന്നാണ് എഴുതിനല്‍കിയത്. മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തിയ സത്യവാങ്‌മൂലം ബോര്‍ഡിനു സമര്‍പ്പിക്കും.
ഇന്ന് അനുമതി ലഭിച്ചാല്‍ ഉച്ചയോടെ അടിയന്തര ശസ്‌ത്രക്രിയ നടത്താനാണ് ഇടപ്പള്ളി അമൃത ആശുപത്രിയിലെ ഡോക്‌ടര്‍മാരുടെ തീരുമാനം. വെന്റിലേറ്ററില്‍ കഴിയുന്ന സ്വാതിയുടെ തലച്ചോറിനു നീര്‍വീക്കമുള്ളതിനാല്‍ ഇടയ്‌ക്ക് ബോധക്ഷയം ഉണ്ടാകുന്നുണ്ട്.
മറ്റ് അവയവങ്ങളുടെ അവസ്‌ഥയും മോശമായിവരുന്നതിനാല്‍ ശസ്‌ത്രക്രിയ ഇന്നുതന്നെ നടത്തണമെന്നു ഡോക്‌ടര്‍മാരും മെഡിക്കല്‍ ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. കരള്‍ മാറ്റിവച്ചാല്‍ 80 ശതമാനം സാധ്യതയാണ് ഡോക്‌ടര്‍മാര്‍ നല്‍കുന്നത്. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം മറിച്ചായാല്‍ ഹൈക്കോടതിയെ സമീപിക്കാനാണു നീക്കം.
അനുമതിക്കുവേണ്ട നാല്‍പതിലേറെ രേഖകള്‍ ഇന്നലെ വിവിധ ഓഫീസുകളില്‍നിന്നു ലഭിച്ചു. ഏതാനും ദിവസമായി രേഖകള്‍ക്കായി സ്വാതിയുടെ ബന്ധുക്കള്‍ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തൊടുപുഴ ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ നിന്ന് മാതാപിതാക്കളുടെ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് , വിവാഹ സര്‍ട്ടിഫിക്കറ്റ്, ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ബോര്‍ഡിന് നേരിട്ടു ഫാക്‌സ് ചെയ്‌തു.
സ്വാതിക്കുവേണ്ടി പിറവം മോര്‍ കൂറിലോസ് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ഇന്നലെ പ്രത്യേക കൂട്ടപ്രാര്‍ഥന നടത്തി. സ്വാതി മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. എടയ്‌ക്കാട്ടുവയല്‍ വട്ടപ്പാറ മങ്കടത്തുമൂഴിയില്‍ കൃഷ്‌ണന്‍കുട്ടിയുടെ മകളായ സ്വാതി എല്ലാ വിഷയത്തിലും ഫുള്‍ എ പ്ലസ് നേടിയാണ് എസ്.എസ്.എല്‍.സി. വിജയിച്ചത്.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.