കൊച്ചി: ചെറിയമ്മ പകുത്തുനല്‍കിയ കരളുമായി സ്വാതിമോള്‍ കണ്ണുതുറക്കുന്നതും കാത്തിരിക്കുകയാണ് എല്ലാവരും.
മഞ്ഞപ്പിത്തം ബാധിച്ച് കരള്‍ പ്രവര്‍ത്തനരഹിതമായ സ്വാതി കൃഷ്‌ണയ്‌ക്ക് കരള്‍ മാറ്റിവയ്‌ക്കാന്‍ ഇന്നലെ രാവിലെ മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കി. മെഡിക്കല്‍ ബോര്‍ഡ് ശിപാര്‍ശയ്‌ക്ക് ആരോഗ്യവകുപ്പ് സെക്രട്ടറി അംഗീകാരം നല്‍കിയതോടെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ശസ്‌ത്രക്രിയ ആരംഭിച്ചു. 12 മണിക്കൂര്‍ നീളുന്ന ശസ്‌ത്രക്രിയ ഇന്നു പുലര്‍ച്ചെവരെയുണ്ടാകും. ഉദരരോഗ വിഭാഗം മേധാവി ഡോ. സുധീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഡോ. ബാലഗോപാല മേനോന്‍, ഡോ. ദിനേശ് എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തുന്നത്. സ്വാതിയുടെ മാതാവ് രാജിയുടെ സഹോദരി റീനി ജോയിയുടെ കരളിന്റെ ഭാഗമാണ് സ്വാതിക്കു മാറ്റിവയ്‌ക്കുന്നത്.
കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാതെ നാലുദിവസമായി വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന സ്വാതിയുടെ അവസ്‌ഥ വ്യാഴാഴ്‌ച 'മംഗളം' പ്രസിദ്ധീകരിച്ചിരുന്നു. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ നിര്‍ദേശപ്രകാരം ബോര്‍ഡ് അധ്യക്ഷ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. റംലാ ബീവിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാവിലെതന്നെ അടിയന്തര ബോര്‍ഡ് യോഗം ചേര്‍ന്നു. അരമണിക്കൂറിനുള്ളില്‍ ബോര്‍ഡിന്റെ തീരുമാനംവന്നു.
റോണിയുടെ കരള്‍ ഭാഗം മുറിച്ചെടുക്കുന്ന സമയത്തുതന്നെ മറ്റൊരു സംഘം ഡോക്‌ടര്‍മാര്‍ സ്വാതിയുടെ ശ്വാസകോശം തുറന്നുവച്ചു. കരള്‍ എടുത്തയുടന്‍തന്നെ മറ്റൊരാള്‍ക്കു വച്ചുപിടിപ്പിക്കുന്ന ദുഷ്‌കരമായ 'ലൈവ് ഓപ്പറേഷന്‍'. രാത്രി ഒമ്പതുമണിയോടെ റോണിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. സ്വാതിയെ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ മാറ്റാനാകും. തുന്നിച്ചേര്‍ത്ത കരളിന്റെ ഭാഗം ശരീരം സ്വീകരിക്കാനായി ഏതാനുംദിവസത്തേക്കുകൂടി യന്ത്രസഹായമുണ്ടാകും. പിന്നെ വച്ചുപിടിപ്പിച്ച കരള്‍ സ്വയം പ്രവര്‍ത്തനം തുടങ്ങണം. ഇത്രയുമായാല്‍ ഓപ്പറേഷന്‍ സക്‌സസ്!
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.