ഒരൊറ്റ സര്‍ക്കാര്‍ ഉത്തരവിന്റെ കാരുണ്യം കാത്ത് ഒരു പെണ്‍കുട്ടിയുടെ ജീവന്‍. കരളിന്റെ പ്രവര്‍ത്തനം നിലച്ച് പൂര്‍ണ അബോധാവസ്ഥയിലായ എറണാകുളം സ്വദേശി സ്വാതി കൃഷ്ണയുടെ ജീവനാണ് കരള്‍ മാറ്റിവയ്ക്കാനുളള സര്‍ക്കാരനുവാദത്തിന് കാത്തിരിക്കുന്നത്.
മകള്‍ ജീവിച്ചുകാണാനുളള ഒരച്ഛന്റെ അടങ്ങാത്ത മോഹം. പതിനാറുകാരിയായ സ്വാതിയുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. കരള്‍ മാറ്റിവെയ്ക്കുക മാത്രമാണൊരു പരിഹാരം. അതിന് പക്ഷെ, സര്‍ക്കാരിന്റെ കരളലിയണം. അമ്മയുടെ കരള്‍ ചേരും. അമ്മ ആരോഗ്യവതിയല്ലാത്തതിനാല്‍ അത് പ്രായോഗികമല്ല. പിന്നെ ചേരുന്നത് അമ്മയുടെ സഹോദരിയുടെ കരള്‍. ഡോക്ടര്‍മാര്‍ തയാറാണ്. അമ്മയുടെ സഹോദരിയും. പക്ഷെ, നിയമം അനുവദിക്കുന്നില്ല. നിമിഷങ്ങളെണ്ണി കഴിയുന്ന സ്വാതിക്ക് കരള്‍ മാറ്റിവെയ്ക്കണമെങ്കില്‍ ഈ മാസം അവസാനം ചേരുന്ന ആലപ്പുഴ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് അനുവദിക്കണം. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം കാത്തിരുന്നാല്‍ സ്വാതി മരണത്തിലേക്ക് നടന്നുപോയെന്നിരിക്കാം. സ്വാതിയുടെ അച്ഛനും ബന്ധുക്കളും മുട്ടാത്ത വാതിലുകളില്ല. കരളിന്റെ പ്രവര്‍ത്തനം നിലച്ചതോടെ അവയവങ്ങളോരോന്നായി കടുത്ത രോഗാവസ്ഥയിലേക്ക് നീങ്ങി. തലച്ചോറില്‍ നീര് കെട്ടി. മൂന്ന് ദിവസമായി അബോധാവസ്ഥയില്‍. ശ്വാസോച്ഛ്വാസം വെന്റിലേറ്റിലൂടെ.
അധികൃതരുടെ കരളലിഞ്ഞാല്‍ സ്വാതി ജീവിതത്തിലേക്ക് തിരിച്ചുവരും. അതുണ്ടാവാനുളള പ്രാര്‍ഥനയിലാണ് ബന്ധുക്കള്‍ക്കൊപ്പം, ഒരു നാടും, ഡോക്ടര്‍മാരും.
Whole Kerala Pray for Her Life
ReplyDelete