Tuesday, July 17, 2012

തെളിയുന്നു വീണ്ടും സ്വാതിനക്ഷത്രം



കൊച്ചി . ഒരു നാടിന്റെ മുഴുവന്‍ കരളുരുകുന്ന പ്രാര്‍ഥനകള്‍ വെറുതെയാവുന്നില്ല; എട്ടു ദിവസത്തെ അബോധാവസ്ഥയില്‍ നിന്നു പുതിയ കരളിന്റെ തുടിപ്പുമായി സ്വാതി കൃഷ്ണ (16) ബോധത്തിലേക്കു മിഴി തുറന്നു; അമ്മയെയും അച്ഛനെയും വിളിച്ചു, പ്രിയപ്പെട്ട അധ്യാപകനെ അന്വേഷിച്ചു, സംഭാഷണങ്ങളോടു പ്രതികരിച്ചു, ചലനശേഷിയും വീണ്ടുകിട്ടി.
സ്വാതിയുടെ ബോധം തെളിഞ്ഞതോടെ ആശങ്കയുടെ കടമ്പ കടന്ന സന്തോഷത്തിലാണ് ഉറ്റവരും ഡോക്ടര്‍മാരും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ ഇന്നലെ രാവിലെ വെന്റിലേറ്ററില്‍ നിന്നു മാറ്റി. വച്ചുപിടിപ്പിച്ച കരളിലേക്കുള്ള രക്തസഞ്ചാരവും മറ്റു പ്രവര്‍ത്തനങ്ങളും തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചയോടെയാണ് സ്വാതിക്കു ബോധം വീണ്ടുകിട്ടിയത്.  തുടര്‍ന്ന് അമ്മ രാജിയെ വീണ്ടും ഐസിയുവിലെത്തിച്ച് മകളോടു സംസാരിപ്പിച്ചു.
രാജി  പറഞ്ഞതിനോടെല്ലാം സ്വാതി തലയാട്ടി പ്രതികരിച്ചു. സ്കൂളിലെ പ്രിയപ്പെട്ട അധ്യാപകരും  സഹപാഠികളും ആശുപത്രിയില്‍ എത്തിയപ്പോള്‍ ഐസിയുവിലുള്ള സ്പീക്കര്‍ ഫോണിലേക്കു വിളിച്ച് സ്വാതിയോട് സംസാരിച്ചു. അച്ഛന്‍ കൃഷ്ണന്‍കുട്ടിയും വൈകിട്ട് സ്വാതിയെക്കണ്ടു സംസാരിച്ചു. എങ്കിലും മയക്കം പൂര്‍ണമായി വിട്ടുമാറിയിട്ടില്ല. അണുബാധ ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ മരുന്നുകള്‍ നല്‍കുന്നുണ്ട്.
സ്വാതിയുടെ ചികില്‍സാ ചെലവ് കണ്ടെത്താനായി സഹായസമിതിയുടെ നേതൃത്വത്തില്‍ സ്വദേശമായ എടയ്ക്കാട്ടുവയല്‍ പഞ്ചായത്തില്‍ നടത്തിയ ധനശേഖരണത്തില്‍ ഒറ്റ ദിവസം കൊണ്ട് 17 ലക്ഷം രൂപ പിരിഞ്ഞു. ജനസംഖ്യയില്‍ പാതിയും ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ വസിക്കുന്ന ഈ പഞ്ചായത്തിലെ ജനം സ്വാതിയുടെ നൊമ്പരം ഒറ്റക്കെട്ടായി ഏറ്റെടുത്തതോടെ വലിയൊരു തുക പിരിഞ്ഞുകിട്ടുകയായിരുന്നു. പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി ആയിരത്തോളം പേരാണ് സ്ക്വാഡുകളായി തിരിഞ്ഞ് ഞായറാഴ്ച മുഴുവന്‍ സഹായനിധി രൂപീകരിച്ചത്.
സ്വാതിയുടെ സ്കൂളായ പിറവം എംകെഎം എച്ച്എസ്എസിന്റെ നേതൃത്വത്തിലും സഹായധനം സ്വരൂപിക്കുന്നുണ്ട്. ശസ്ത്രക്രിയയ്ക്കു വേണ്ട ആറര ലക്ഷം രൂപ സ്വരൂപിച്ചു നല്‍കിയത് ഈ സ്കൂളാണ്. ഇതിനുപുറമെ, സ്വാതിക്ക് കരള്‍ പകുത്തു നല്‍കിയ ഇളയമ്മ റെയ്നിക്ക് ഇന്നലെ സ്കൂളിന്റെ പാരിതോഷികമായി രണ്ടര ലക്ഷം രൂപ കൈമാറുകയും ചെയ്തു. റെയ്നിയുടെ ത്യാഗമനസ്ഥിതിക്ക് വേറെയും ആദരം പാരിതോഷികമായി തേടിയെത്തുന്നുണ്ട്. തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്ത വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് വൈസ് ചെയര്‍മാന്‍ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി ഇന്നലെ ആശുപത്രിയില്‍ എത്തി റെയ്നിക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് അറിയിച്ചു.
റെയ്നി ആശുപത്രി വിട്ട ശേഷം പൊതുചടങ്ങില്‍ വച്ചാവും ഇത് കൈമാറുക. എടയ്ക്കാട്ടുവയലില്‍ നിന്നു സഹായസമിതി സ്വരൂപിച്ച 17 ലക്ഷം രൂപയില്‍ രണ്ടു ലക്ഷം രൂപയും റെയ്നിക്കു നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇടുക്കി തൊടുപുഴ ചീനിക്കുഴിയില്‍ താമസിക്കുന്ന റെയ്നിയുടെയും നിര്‍ധന കുടുംബമാണ്. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ജോയിയുടെ വരുമാനം മാത്രമാണു കുടുംബത്തിന് ആശ്രയം.  

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌