Tuesday, July 17, 2012

സ്വാതി: സുമനസ്സുകളുടെ പ്രാര്‍ഥനയും സഹായവും മാതൃകയാകുന്നു

Newspaper Editionപിറവം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ കൊച്ചു കവയിത്രി സ്വാതികൃഷ്ണയ്ക്കായി നാട്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിനുതന്നെ മാതൃകയാകുന്നു.

സുമനസ്സുകളുടെ പ്രാര്‍ഥനയും സഹായപ്രവാഹവുമാണ് സ്വാതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. രോഗം മൂര്‍ഛിച്ച് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സ്വാതിയെ ആസ്​പത്രിയിലാക്കിയതുമുതല്‍ ചികിത്സാച്ചെലവുകള്‍ കണ്ടെത്തിയത് എടയ്ക്കാട്ടുവയല്‍ ഗ്രാമമാണ്. ചികിത്സാസഹായ സമിതിയംഗങ്ങള്‍ സ്വന്തം പോക്കറ്റില്‍നിന്നും, തികയാത്തത് വായ്പ വാങ്ങിയുമാണ് ആദ്യദിവസം ചെലവുകള്‍ നടത്തിയത്.
സ്വാതി പഠിക്കുന്ന പിറവം എംകെഎം സ്‌കൂളിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് സമാഹരിച്ച ആറരലക്ഷം രൂപ ശസ്ത്രക്രിയ നടന്ന അന്നുതന്നെ കിട്ടിയത് വലിയ പ്രയോജനംചെയ്തു. എടയ്ക്കാട്ടുവയലിലെ, സ്വാതികൃഷ്ണ ചികിത്സാ സഹായസമിതി ഞായറാഴ്ച ഒറ്റദിവസംകൊണ്ട് പഞ്ചായത്തില്‍നിന്നും 17ലക്ഷമാണ് സമാഹരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജയകുമാര്‍ രക്ഷാധികാരിയായുള്ള സമിതി തിങ്കളാഴ്ച രാവിലെ ആ പണം ബാങ്കിലടച്ചു.
നില മെച്ചപ്പെട്ട സ്വാതി, എംകെഎമ്മിലെ തന്റെ ചില അധ്യാപകരെ തിരക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ ഏതാനും അധ്യാപകരും കുട്ടികളും ആസ്​പത്രിയിലെത്തി. അധ്യാപകരായ സിജി എബ്രഹാം, മേരി ജോസഫ്, ബെന്നി വി. വര്‍ഗീസ് എന്നിവരും സ്വാതിയുടെ ചികിത്സയ്ക്ക് പണം സമാഹരിക്കാന്‍ മുന്നിട്ടിറങ്ങിയ ചങ്ങാതിമാരായ ഷാന ഷാജി, ബേസില്‍ സണ്ണി എന്നിവരുമാണ് ആസ്​പത്രിയിലെത്തിയത്. ഇവരില്‍ സ്വാതിയെ പഠിപ്പിക്കുന്ന സിജി എബ്രഹാമിന്റെയും മേരി ജോസഫിന്റെയും ശബ്ദം ഐസിയുവിലെ ഇന്റര്‍കോമിലൂടെ സ്വാതി കേട്ടു. ശബ്ദം തിരിച്ചറിഞ്ഞ സ്വാതി ആശാവഹമായ രീതിയില്‍ പ്രതികരിച്ചുവെന്ന് അധ്യാപകന്‍ ബെന്നി വി. വര്‍ഗീസ് പറഞ്ഞു.
അതിനിടെ, എംകെഎമ്മില്‍നിന്നുള്ള രണ്ടാംഗഡു, രണ്ടരലക്ഷം രൂപ സ്വാതിക്ക് കരള്‍ പകുത്തുനല്‍കി മാതൃക കാണിച്ച ഇളയമ്മ റെയ്‌നി ജോയിക്ക് കൈമാറി. ആസ്​പത്രി ഐസിയുവില്‍വച്ചാണ് തുകയ്ക്കുള്ള ചെക്ക് റെയ്‌നിക്ക് നല്‍കിയത്.
ഏഴുദിവസം, മെഡിക്കല്‍ ഭാഷയില്‍ പറഞ്ഞാല്‍ 'ഡീപ്പ് കോമ' എന്ന അവസ്ഥയിലായിരുന്ന സ്വാതി വളരെവേഗം ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നും മൂന്നാഴ്ചകൊണ്ട് ഡിസ്ചാര്‍ജ്‌ചെയ്യാവുന്ന നിലയിലാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ബെന്നി വി. വര്‍ഗീസ് പറഞ്ഞു. ഡിസ്ചാര്‍ജ്‌ചെയ്താലും ഒന്നിടവിട്ട ദിവസങ്ങളില്‍ പരിശോധന വേണ്ടിവരുമെന്നതിനാല്‍ ആസ്​പത്രിപ്പരിസരത്തുതന്നെ താമസിക്കണം. നാലുമാസമെങ്കിലും കഴിഞ്ഞേ സ്‌കൂളില്‍ വരാന്‍ കഴിയൂ. മാസം എണ്ണായിരം രൂപവരുന്ന മരുന്നുകള്‍ ഏഴു കൊല്ലം വേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.
നാലുമാസം ക്ലാസില്‍ വരാന്‍ കഴിഞ്ഞില്ലെങ്കിലും സ്വാതിയെ വീട്ടില്‍പ്പോയി പഠിപ്പിച്ചിട്ടായാലും പരീക്ഷയെഴുതിക്കാനുള്ള സന്നദ്ധതയിലാണ് അധ്യാപകര്‍.
അതിനിടെ, സ്വാതിയുടെ ചികിത്സയ്ക്കുവേണ്ടിയുള്ള സഹായങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്നും പ്രവഹിക്കുകയാണ്. പിറവം, മുളന്തുരുത്തി, കൂത്താട്ടുകുളം, ചോറ്റാനിക്കര പോലീസ്‌സ്റ്റേഷനിലെ പോലീസുകാര്‍ ചേര്‍ന്ന് 25,000 രൂപ സമാഹരിച്ചു. പിറവം സ്റ്റേഷനില്‍ സിഐ ഇമ്മാനുവല്‍ പോള്‍, തുക സമിതി രക്ഷാധികാരി കെ.ആര്‍. ജയകുമാറിന് കൈമാറി. പിറവം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആദ്യഗഡുവായി പതിനായിരം രൂപ ചികിത്സാസഹായം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് എം.ടി. പൗലോസ് തുക കൈമാറി.
സ്വാതി പത്താം ക്ലാസ് വരെ പഠിച്ച വെളിയനാട് സെന്റ് പോള്‍സ് ഹൈസ്‌കൂളില്‍ എഴുപതിനായിരം രൂപ സമാഹരിച്ചു. ചൊവ്വാഴ്ച അമൃത ആസ്​പത്രിയില്‍ സ്വാതിയുടെ അച്ഛന് തുക കൈമാറുമെന്ന് പ്രധാനാധ്യാപകന്‍ ടി.എ. മാത്യുവും സ്റ്റാഫ് പ്രതിനിധി കെ.പി. ശ്രീകുമാറും അറിയിച്ചു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌