കൊച്ചി: കരള്‍മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ് സുഖംപ്രാപിച്ചുവരുന്ന സ്വാതികൃഷ്‌ണ ഇന്ന് ആശുപത്രിവിടും. തുടര്‍ ചികിത്സയുടെ സൗകര്യാര്‍ഥം മൂന്നുമാസത്തോളം ആശുപത്രിക്കു സമീപം തന്നെ വാടകക്കെടുത്ത വീട്ടിലായിരിക്കും താമസം. എങ്കിലും ആശുപത്രിയിലേതുപോലെ കഴിയണമെന്നതാണ് ഡോക്‌ടര്‍മാരുടെ നിര്‍ദേശം. അണുബാധയുണ്ടാകാതെ സൂക്ഷിക്കണം.അധികം സന്ദര്‍ശകര്‍ പാടില്ല. പ്രത്യേക മുറിയില്‍ പ്രത്യേകമായി തയാറാക്കുന്ന ഭക്ഷണ സാധനങ്ങള്‍ മാത്രമേ കഴിക്കാവൂ.
ഇന്നലെ വരെ ആശുപത്രിയില്‍ തയാര്‍ ചെയ്‌ത ഭക്ഷണം മാത്രമാണ് കൊടുത്തത്. പച്ചക്കറികളും പയര്‍വര്‍ഗങ്ങളും കൂടുതലായി കൊടുക്കണം. പാലും പഴവും ആരോഗ്യം വീണ്ടെടുക്കാന്‍ അത്യാവശ്യമാണ്. അണുവിമുക്‌തമായ വസ്‌ത്രങ്ങളാണ് വീട്ടിലും ഉപയോഗിക്കേണ്ടത്. വളരെവേഗമാണ് സ്വാതിയുടെ ആരോഗ്യനില പുരോഗമിക്കുന്നതെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നത്.
പ്രതിമാസം പതിനായിരം രൂപയ്‌ക്കാണ് ആശുപത്രിയുടെ സമീപത്തുതന്നെ സ്വാതിക്കുതാമസിക്കാന്‍ വീടുലഭിച്ചത്. പ്രതിമാസം ചികിത്സ ചെലവിന് ഇനിയും നല്ല ചെലവുവരും. ഇന്ന് ആശുപത്രിവിട്ടാലും, 6ന് വീണ്ടും ആശുപത്രിയിലെത്തെണം. പ്രത്യേക പരിശോധനകളും പുരോഗതിയും വിലയിരുത്താനാണിത്. ഇതുപോലെ മൂന്നുമാസവും നിശ്‌ചിത ദിവസം ആശുപത്രിയിലെത്തി പരിശോധനകള്‍ക്ക് വിധേയയാകണം. കഴിഞ്ഞ 8-നാണ് മഞ്ഞപിത്തം കടുത്ത് കരള്‍ പ്രവര്‍ത്തനരഹിതമായി സ്വാതിയെ അമൃതയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്‌ചയോളം അബോധാവസ്‌ഥയില്‍ കിടന്നു. 13ന് കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞു.
ജൂണ്‍ 25-നാണ് സ്വാതി കൃഷ്‌ണയ്‌ക്ക് പനിയും മഞ്ഞപിത്ത ലക്ഷണവും കണ്ടത്. കൈപ്പട്ടൂര്‍ ഹെല്‍ത്ത് സെന്ററിലാണ് ആദ്യം ചികിത്സ തേടിയത്. പിന്നീട് പച്ചമരുന്ന് ചികിത്സ ഉള്‍പ്പെടെ നിരവധി ആശുപത്രികളില്‍ വ്യത്യസ്‌ത മരുന്നുകള്‍ കഴിച്ചു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.