Wednesday, August 15, 2012

സ്വാതന്ത്ര്യദിന ആഘോഷം നടത്തി.


പിറവം എം.കെ.എം ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു പതാക ഉയര്‍ത്തി.പി ടി എ പ്രസിഡണ്ട്‌ ശ്രീ.സാജു കുറ്റിവേലില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.എന്‍ സി സി ,സ്കൌട്ട് & ഗൈഡ്, റെഡ് ക്രോസ് എന്നിവയുടെ മാര്‍ച്ച്‌ ഫാസ്റ്റ് ഉണ്ടായിരുന്നു.പ്രിന്‍സിപ്പാള്‍ ശ്രീ എ.എ ഒനാന്‍കുഞ്ഞു സല്യുട്ട് സ്വീകരിച്ചു.എന്‍ സി സി ഓഫീസര്‍ എബിന്‍ കുര്യാക്കോസ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Tuesday, August 14, 2012


കുട്ടികള്‍ക്ക് ഓണസമ്മാനം: ക്ലാസില്‍ 'അടി' നിരോധിച്ച് ഉത്തരവ്


ക്ലാസ് റൂമിലെ 'അടിശിക്ഷ' നിരോധിച്ചുകൊണ്ട് സ്‌കൂള്‍കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം. മോണിറ്റര്‍, ലീഡര്‍ സമ്പ്രദായത്തിലൂടെ ക്ലാസില്‍ സംസാരിക്കുന്ന കുട്ടികളുടെ ലിസ്റ്റ് തയാറാക്കി ശിക്ഷിക്കുന്ന രീതി നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ക്ലാസ് മുറികളില്‍ അധ്യാപകനില്ലാത്ത അവസ്ഥ ഒരിക്കലുമുണ്ടാകരുതെന്നും ഡയറക്ടറുടെ ഉത്തരവ് എല്ലാ പ്രഥമാധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

കുട്ടനാട് മുട്ടാര്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി കൊലചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ 'മധുരം ബാല്യം' എന്ന സംഘടനാ പ്രസിഡന്‍റ് ഫിലിപ്പ് എം. പ്രസാദ് വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. അടിശിക്ഷ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. സ്‌കൂളുകളിലെ 'കൂട്ടയടി' നിര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് 'മധുരം ബാല്യ'ത്തിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹങ്ങളും പ്രതിഷേധപരിപാടികളും നടന്നിരുന്നു.

Sunday, August 5, 2012

ചികിത്സാ സഹായ വിതരണം കരളലിയിക്കുന്നതായി


Mathrubhumiപിറവം: വലിയ പള്ളി പാരിഷ്ഹാളില്‍ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ഒരുക്കിയ അവയവദാന ബോധവത്കരണ പരിപാടി പുനര്‍ജനി, കരളലിയിക്കുന്ന കാഴ്ചകള്‍ക്ക് വേദിയായി. സ്വാതിയുടെ മാതൃവിദ്യാലയം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സമാഹരിച്ച പത്ത് ലക്ഷം രൂപ മന്ത്രി അബ്ദുറബ്ബ് സ്വാതിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടിക്ക് കൈമാറി. സ്വാതിയുടെ പേരില്‍ ബാങ്കില്‍ പത്തു ലക്ഷം രൂപ സ്ഥിര നിക്ഷേപമായി ഇട്ടതിന്റെ രേഖകളാണ് വേദിയില്‍ കൈമാറിയത്. എസ്. എസ്. എല്‍. സി.ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സ്വാതിക്ക് പ്ലസ്ടു പഠനത്തിനിടയില്‍ തീര്‍ത്തും അവിചാരിതമായാണ് ഗുരുതരമായ മഞ്ഞപ്പിത്തം പിടിപ്പെട്ടത്. സ്വാതിക്കുള്ള ചികിത്സാ സഹായം ഏറ്റുവാങ്ങുമ്പോള്‍ പിതാവിന്റെ കണ്ഠമിടറി, കണ്ണുകള്‍ നിറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സമാഹരിച്ച 4,85,000 രൂപയും മന്ത്രി അബ്ദുറബ്ബ് കൃഷ്ണന്‍കുട്ടിക്ക് നല്‍കി. കൃഷ്ണന്‍കുട്ടി, വേദിയില്‍ വച്ചുതന്നെ ഈ തുക സ്വാതിക്ക് കരള്‍ പകുത്തുനല്‍കിയ ഇളയമ്മ റെയ്‌നിക്ക് കൈമാറുകയായിരുന്നു.
എം.കെ.എമ്മില്‍ നിന്ന് നേരത്തെ സ്വാതിയുടെ ശസ്ത്രക്രിയയുടെ ദിവസം ആറ് ലക്ഷം രൂപ നല്‍കിയിരുന്നു. കരള്‍ നല്‍കിയ റെയ്‌നിക്കും സ്‌കൂള്‍ രണ്ടരലക്ഷം രൂപ നല്‍കി.
സ്വാതിയുടെ ചികിത്സയ്ക്കായി ആകെ 19 ലക്ഷം രൂപ സമാഹരിച്ച് നല്‍കിയ സ്‌കൂളും മാതൃകയായി മാറിയിരിക്കുകയാണ്.
സ്വാതി കൃഷ്ണയുടെ പഠനം മുടങ്ങുകയില്ല -മന്ത്രി
പിറവം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി സ്വാതി കൃഷ്ണയുടെ പഠനം മുടങ്ങാതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വേണ്ടത് ചെയ്യുമെന്ന് മന്ത്രി അബ്ദു റബ്ബ് പറഞ്ഞു. സ്വാതിക്ക് ഏതാനും മാസങ്ങള്‍ കഴിഞ്ഞേ സ്‌കൂളില്‍ വരാനൊക്കൂ എന്ന വിവരം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പഠിത്തം മുടങ്ങാതിരിക്കാന്‍ വേണ്ട നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Saturday, August 4, 2012

അവയവദാനത്തിന്റെ മഹത്വവുമായി 'പുനര്‍ജനി'

'പുനര്‍ജനി' എന്ന് നാമകരണം ചെയ്തിരിക്കുന്ന അവയവദാന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി അനൂപ് ജേക്കബ് സമീപം. 
അവയവദാന സമ്മതപത്രം നല്‍കിയ എന്‍ എസ് എസ്‌ പ്രോഗ്രാം ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റു സ്വീകരിച്ചതിനു ശേഷം വിശിഷ്ട വ്യക്തികള്‍ക്കൊപ്പം വേദിയില്‍.  
പിറവം: പുതിയകാലത്ത് ആരും സുരക്ഷിതരല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം 'പുനര്‍ജനി' എന്ന പദ്ധതിക്ക് തുടക്കമിട്ടത്. അവയവദാനത്തിന്റെ മഹത്വവും ആവശ്യകതയും പ്രചരിപ്പിക്കാന്‍ അധ്യാപകര്‍തന്നെ മുന്നിട്ടിറങ്ങിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും അത് പ്രചോദനമായി. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ അധ്യാപകര്‍, മരണാനന്തരം തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടപ്പോള്‍ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബും അതിനെ പ്രോത്സാഹിപ്പിച്ചു. മാതൃകാപരമായ ഈ കര്‍മം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പിറവം എം.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു, ഹയര്‍ സെക്കന്‍ഡറി നടപ്പിലാക്കുന്ന അവയവദാന ബോധവത്കരണ പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം. മന്ത്രി അബ്ദു റബ്ബ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷനായി. രോഗം ബാധിച്ച് കരള്‍ മാറ്റിവയേ്ക്കണ്ടി വന്ന എന്‍.എസ്.എസ്. കുടുംബാംഗവും എം.കെ.എം. സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ സ്വാതി കൃഷ്ണയ്ക്കും ബന്ധുക്കള്‍ക്കും കരള്‍മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ടി വന്ന ദുരിതത്തിന്റെ വെളിച്ചത്തിലാണ് നാഷണല്‍ സര്‍വീസ് സ്‌കീം അവയവദാന ബോധവത്കരണം ഒരു ദൗത്യമായി ഏറ്റെടുത്തത്.
മരണാനന്തരം തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായതിനെ തുടര്‍ന്ന് അധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രിമാര്‍ വിതരണം ചെയ്തു. സ്വാതി കൃഷ്ണയുടെ ചികിത്സയ്ക്കായി ഹയര്‍ സെക്കന്‍ഡറി വിഭാഗം സമാഹരിച്ച തുക ഡയറക്ടര്‍ മുഹമ്മദ് സാഗിര്‍ സ്വാതിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടിക്ക് കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി സ്റ്റീഫന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ്, സൈമണ്‍ ചെള്ളിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ജൂലി സാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ഡോമി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രദീപ് കൃഷ്ണന്‍കുട്ടി, ഐഷ മാധവന്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.പി. സലിം, ഗ്രാമപഞ്ചായത്തംഗം ബിജു റെജി, സെബന്നിസ ബീവി, മാനേജര്‍ പി.സി. ചിന്നക്കുട്ടി, എന്‍.എസ്.എസ്. റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സന്തോഷ്‌കുമാര്‍, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എന്‍. ശിവരാമന്‍, വലിയപള്ളി ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.വി. സാബു, എം.ഒ. വര്‍ഗീസ്, പ്രോഗ്രാം ഓഫീസര്‍ ഷാജി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. അവയവമാറ്റ സൊസൈറ്റി ജോയിന്റ് സെക്രട്ടറി വസന്ത ഷേണായി സമ്മതപത്രങ്ങള്‍ ഏറ്റുവാങ്ങി.
അവയവദാനത്തിലൂടെ സമൂഹത്തിന് മാതൃക കാണിച്ച റെയ്‌നി ജോയി, സി.എം. ഷാജി, ഗോഡ്‌വിന്‍ ജോസഫ്, ഷീജ സോമന്‍ എന്നിവരെ ആദരിച്ചു.
എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ ടി.എന്‍. വിനോദ് സ്വാഗതവും എം.കെ.എം. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം.എ. ഓനാന്‍കുഞ്ഞ് നന്ദിയും പറഞ്ഞു.

Friday, August 3, 2012

'പുനര്‍ജനി' ഉദ്ഘാടനം നാളെ


അവയവദാന സന്ദേശവുമായി ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്
പിറവം: അവയവദാനത്തിന്റെ മഹത്വവും പ്രാധാന്യവും ബോധ്യപ്പെടുത്താന്‍ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം പദ്ധതി ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വിഭാഗം 'പുനര്‍ജനി' എന്ന് നാമകരണം ചെയ്തിരിക്കുന്ന അവയവദാന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച പിറവത്ത് നടക്കും. എന്‍.എസ്.എസ്. കുടുംബാംഗവും പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയുമായ സ്വാതികൃഷ്ണയുടെ അനുഭവത്തില്‍ നിന്നും ഊര്‍ജം പകര്‍ന്നാണ് ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാനവ്യാപകമായി അവയവദാന സന്ദേശം പ്രചരിപ്പിക്കാന്‍ 'പുനര്‍ജനി' ആവിഷ്‌കരിച്ചിരിക്കുന്നത്.
എം.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശനിയാഴ്ച 2 ന് നടക്കുന്ന 'പുനര്‍ജനി' പരിപാടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. മന്ത്രി അനൂപ് ജേക്കബ് യോഗത്തില്‍ അധ്യക്ഷനാകും. ജോസ് കെ.മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും. സ്വാതിയുടെ ചികിത്സയ്ക്കായി ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സമാഹരിച്ച തുക ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ മുഹമ്മദ് സാഗീര്‍, സ്വാതിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടിക്ക് കൈമാറും. അവയവദാന സൊസൈറ്റി ജോയിന്റ് സെക്രട്ടറി എ.വസന്ത ഷേണായി, അവയവദാന സമ്മതപത്രം ഏറ്റുവാങ്ങും.
അവയവദാനത്തിലൂടെ സമൂഹത്തിന് മാതൃകയായ റെയ്‌നി ജോയി, സി.എം.ഷാജി, ഗോഡ്‌വിന്‍ ജോസഫ്, ഷീജ സോമന്‍ എന്നിവരെ അനുമോദിക്കും.

Wednesday, August 1, 2012

ആസ്‌പത്രിയുടെ പടിയിറങ്ങി സ്വാതി പുതുജീവിതത്തിലേക്ക്

Newspaper Edition
കൊച്ചി: പുള്ളിക്കുത്തും പൂക്കളുമടങ്ങിയ ഉടുപ്പണിഞ്ഞ് വീല്‍ചെയറില്‍ അമൃത ആസ്​പത്രിയില്‍ നിന്ന് പുറത്തേക്ക് സ്വാതി കൃഷ്ണ വന്നത് തന്റെ രണ്ടാം ജന്മത്തിലേക്കായിരുന്നു. സ്വാതിയുടെ മുഖത്തെ പാതി മറച്ച മാസ്‌കിനപ്പുറം, തിളങ്ങി നിന്ന കണ്ണുകള്‍ ആ പുതു ജീവന്റെ പ്രസരിപ്പും, തുടിപ്പും വ്യക്തമാക്കി. കരള്‍ മാറ്റി വെച്ച ശസ്ത്രക്രിയയുടെ തുടര്‍ ചികിത്സയുള്ളതിനാല്‍ ആസ്​പത്രിക്കടുത്തുള്ള പുതിയ വാടക വീട്ടിലേക്കായിരുന്നു യാത്ര. ഡിസ്ചാര്‍ജാകുമെന്നറിഞ്ഞ് തന്നെ കാണാന്‍ ആസ്​പത്രിയില്‍ എത്തിയ അദ്ധ്യാപകരുടെ കാറില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ സ്വാതി വാടക വീട്ടിലേക്ക് ബന്ധുക്കള്‍ക്കൊപ്പം യാത്രയായി. പ്രാര്‍ത്ഥനയുടേയും, കാരുണ്യത്തിന്‍േറയും കരുത്തില്‍ വിധി മാറ്റിയെഴുതിയ സന്തോഷത്തോടെ... 
പുതുജീവിതത്തില്‍ കടപ്പാട് അറിയിക്കാനുള്ളത് നിരവധി പേരോടാണ്. ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിച്ച, അതിനായി സഹായിച്ച ഒരു പാട് ആളുകളുണ്ട്. എന്റെ പ്രിയപ്പെട്ട അമ്മയും അച്ഛനും, കരള്‍ പകുത്തു നല്‍കിയ ഇളയമ്മ, ഡോക്ടര്‍മാര്‍, സഹായിച്ച സുമനസ്സുകള്‍ അങ്ങനെ നിരവധി പേരോട്... ഇനിയും ഉറയ്ക്കാത്ത ശബ്ദത്തില്‍ നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതെ സ്വാതി വിഷമിച്ചു. 
മൂന്നു മാസത്തെ വിശ്രമമാണ് വേണ്ടത്. ആസ്​പത്രിയില്‍ കഴിഞ്ഞതു പോലെ തന്നെ വീട്ടിലും കഴിയണം. ഇടയ്ക്കിടെ ഉണ്ടാകുന്ന പരിശോധനകള്‍ എളുപ്പത്തിലാക്കുന്നതിനാണ് ആസ്​പത്രിക്ക് സമീപം വാടക വീട് എടുത്തത്. അണു ബാധയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണമുണ്ടാകും. സന്ദര്‍ശകരെ അനുവദിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിശ്രമവേള പഠനത്തിനും, കവിത എഴുത്തിനുമായി മാറ്റി വെയ്ക്കാനാണ് സ്വാതിയുടെ തീരുമാനം. സ്‌കൂള്‍ പഠനം മുടങ്ങാതിരിക്കാന്‍ വീട്ടില്‍ വന്ന് പഠിപ്പിക്കാമെന്ന് അദ്ധ്യാപകരും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആഗസ്ത് ആറിന് ഇനി പരിശോധനയ്ക്കായി സ്വാതി ആസ്​പത്രിയില്‍ എത്തണം. 
കുഞ്ഞുപെങ്ങളെ സഹായിക്കുന്നതിനായി ചേച്ചി ശ്രുതി കൃഷ്ണയും ഒരാഴ്ചയ്ക്കകം ഇടപ്പള്ളിയിലെ വീട്ടിലെത്തും. കോട്ടയത്ത് പഠിക്കുന്ന ശ്രുതി പരീക്ഷാ തിരക്കിലാണ് . 
സ്വാതിക്ക് കരള്‍ പകുത്തു നല്‍കിയ ഇളയമ്മ റെയ്‌നിയെ നേരത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആസ്​പത്രിയുടെ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന അവരും ചൊവ്വാഴ്ച ഗസ്റ്റ് ഹൗസ് വിട്ടു. നേരെ സ്വാതി താമസിക്കുന്ന വാടക വീട്ടിലേക്കാണ് ഇളയമ്മയെത്തിയത്. ഒരു ദിവസം സ്വാതിക്ക് ഒപ്പം താമസിച്ച ശേഷം ബുധനാഴ്ച തൊടുപുഴയിലെ വീട്ടിലേക്ക് മടങ്ങും. 
എടയ്ക്കാട്ട് വയല്‍ കൈപ്പട്ടൂര്‍ വട്ടപ്പാറ മാങ്ങാടത്ത് മുഴിയില്‍ കൃഷ്ണന്‍കുട്ടിയുടെയും രാജിയുടെയും രണ്ട് പെണ്‍മക്കളില്‍ ഇളയ ആളാണ് സ്വാതി കൃഷ്ണ.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌