Thursday, June 30, 2011

മലയാളം ഒന്നാംഭാഷ: ഉത്തരവായി ഐ.ടിക്ക് സമയം കുറയ്ക്കില്ല

തിരുവനന്തപുരം: ഐ.ടിയുടെ സമയം വെട്ടിക്കുറയ്ക്കാതെതന്നെ മലയാളം ഒന്നാംഭാഷയായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ ഉത്തരവായി. രാവിലെ സ്‌കൂള്‍ തുടങ്ങുന്നതിനു മുമ്പോ ഉച്ചയ്ക്കുള്ള ഇടവേളസമയത്തോ സ്‌കൂള്‍ അടയ്ക്കുന്ന സമയം ദീര്‍ഘിപ്പിച്ചോ മലയാളത്തിന് സമയം കണ്ടെത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം ഇങ്ങനെ കണ്ടെത്തുന്ന അധിക പീരിയഡുകള്‍ തസ്തിക നിര്‍ണയത്തിന് കണക്കാക്കില്ല.
പത്താംക്ലാസ് വരെയാണ് മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കേണ്ടത്. കന്നട, തമിഴ് മാതൃഭാഷയുള്ള ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അവരവരുടെ മാതൃഭാഷ തന്നെ ഒന്നാംഭാഷയായി പഠിക്കാം. അതേസമയം അവര്‍ രണ്ടാംഭാഷയായി മലയാളം പഠിക്കണം. ഓറിയന്‍റല്‍ സ്‌കൂളുകളിലും ഈ സംവിധാനം തുടരാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Tuesday, June 28, 2011

അവാര്‍ഡ്‌ വിതരണവും അവബോധനവും നടത്തി.

   പിറവം എം.കെ.എം. ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ്‌ ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി. സമര്‍ത്ഥരായ 40 വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കി. തദവസരത്തില്‍ പ്ലസ്‌ വണ്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവബോധന ക്ലാസ്സും നടത്തി. വലിയ പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ പിറവം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീ. സാബു കെ. ജേക്കബ്‌  ഉദ്ഘാടനം നിര്‍വ്വഹിച്ചു. വോക്കേഷനല്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ പ്രൊഫ. ജോണി. കെ. ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി. കെ. വേലായുധന്‍ നവാഗതര്‍ക്ക് സന്ദേശം നല്‍കി.
എന്‍.എസ്.എസിന്റെ പ്രകൃതി പഠന ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള അവാര്‍ഡുകളും യോഗത്തില്‍ വിതരണം ചെയ്തു.മലയാള വിഭാഗം കുട്ടികള്‍ തയ്യാറാക്കിയ ഡോക്ക്യുമെന്ററിയുടെ പ്രകാശനം യോഗത്തില്‍ നടന്നു.
വലിയ പള്ളി വികാരി വന്ദ്യ: സൈമണ്‍ ചെള്ളിക്കാട്ടില്‍ കോര്‍ എപ്പിസ് ക്കോപ്പ അധ്യക്ഷനായിരുന്നു. മാനേജര്‍ ശ്രീ. പി.സി. ചിന്നക്കുട്ടി, പ്രിന്‍സിപ്പാള്‍ ശ്രീ. ഓന്നാന്‍കുഞ്ഞ് എ.എ, വലിയ പള്ളി ട്രസ്ടി ശ്രീ. മത്തായി മണപ്പാട്ട്, മുന്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി. പി.ടി. അന്നമ്മ, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. ഷാജി വര്‍ഗീസ്, ശ്രീമതി. മേരി ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

Monday, June 27, 2011

ലഹരി വിരുദ്ധ ദിനാചരണം നടത്തി.

എന്‍ എസ് എസ് യൂണിറ്റിന്‍റെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ ലഹരി വിരുദ്ധ ദിനാചരണം പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു  കെ ജേക്കബ്‌ ഉദ്ഘാടനം ചെയ്യുന്നു .
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ എന്‍ എസ് എസ് യൂണിറ്റിന്‍റെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌ സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു  കെ ജേക്കബ്‌ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ശ്രീ പി സി ചിന്നക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.
മുവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹൈസിന്ത് ആന്റണി,ശ്രീമതി പി പി സുധാദേവി എന്നിവര്‍ ക്ലാസ്സ്‌ എടുത്തു. പ്രിന്‍സിപ്പല്‍ ശ്രീ എ എ ഒനാന്‍കുഞ്ഞു, ബിബിന്‍ ജോസ്, ഹെഡ്മാസ്റ്റര്‍ ശ്രീ കെ വി ബാബു, പി ടി എ പ്രസിഡണ്ട്‌ എം ഓ വര്‍ഗീസ്‌, ജില്‍സ് ജോര്‍ജ്,  ശ്രീ തോമസ്‌ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

Monday, June 6, 2011

പഠനം മെച്ചപ്പെടുത്താന്‍ 15 വഴികള്‍

  1. പഠനരീതി:                                                                                                  കൃത്യമായ ദിനചര്യ, പഠനസമയത്തിന്റെ ക്രമീകരണം എന്നിവ പ്രധാനമാണ്. പാഠ്യവിഷയങ്ങള്‍ അന്നുതന്നെ വായിച്ചുതീര്‍ക്കണം. പ്രയാസമേറിയ വിഷയങ്ങള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കണം. ആവശ്യമെങ്കില്‍ അധികസഹായം ഉറപ്പാക്കുക. പഠനവേളയില്‍ വിശ്രമത്തിന് സമയം കണ്ടെത്തുക. ആഴ്ചതോറും വിഷയങ്ങള്‍ ആവര്‍ത്തിച്ചു പഠിക്കുക.
  2. ഓര്‍മശക്തി:                                                                              ഒന്നിലധികം തവണ വായിക്കുന്നതുവഴി പാഠ്യഭാഗം കൂടുതലായി ഓര്‍ത്തിരിക്കാം. ഓരോ അധ്യായത്തിലും വരുന്ന പ്രധാന വാക്കുകളുടെയും തത്ത്വങ്ങളുടെയും സംക്ഷിപ്തരൂപം പഠനവേളയില്‍ തന്നെ തയ്യാറാക്കുക. നിശ്ചിതഭാഗം വായിച്ചതിനുശേഷം പഠനം അവസാനിപ്പിക്കുന്നതിന് മുമ്പ് പഠനവേളയില്‍ തയ്യാറാക്കിയ നോട്ടിലൂടെ ഒരു നിമിഷം കടന്നുപോകുക. ഇത് കുട്ടിയുടെ ഓര്‍മശക്തിയെ വലിയതോതില്‍ വര്‍ധിപ്പിക്കും. പരീക്ഷാകാലങ്ങളില്‍ അവസാന തയ്യാറെടുപ്പ് നടത്തുമ്പോള്‍ സ്വയം തയ്യാറാക്കിയ ഇത്തരം കുറിപ്പുകള്‍ ഉപയോഗപ്പെടുത്താം.

Sunday, June 5, 2011

പരിസ്ഥിതിയും ഭാരതവും

World Environment Dayലോക പരിസ്ഥിതി ദിനം - ജൂണ്‍ 5
പത്തു പുത്രന്മാര്‍ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്‍ഷഭാരതം നല്കിയത്. അത്രയേറെ പ്രകൃതിയെ അറിഞ്ഞും ആദരിച്ചും ജീവിച്ചവരായിരുന്നു നമ്മുടെ പൂര്‍വികര്‍. ഭാരതത്തിലുണ്ടായ സാഹിത്യകൃതികള്‍ ഇതിന് തെളിവു നല്കുന്നു. ലോകത്തിലെ തന്നെ ആദ്യകാല സാഹിത്യമായ വേദങ്ങളില്‍ പ്രകൃതിക്ക് അതുല്യമായ സ്ഥാനമാണ് കല്പിച്ചിരുന്നത്. പ്രകൃതിശക്തികള്‍ ദേവതകളായി പരിണമിച്ചു. പ്രകൃതിപൂജയിലൂടെ ഭാരതീയര്‍ പരിസ്ഥിതി സംരക്ഷണം നടപ്പാക്കുകയായിരുന്നു. ഭൂമിക്കും ആകാശത്തിനും അന്തരീക്ഷത്തിനും വൃക്ഷങ്ങള്‍ക്കും മംഗളം ഭവിക്കാനുള്ള ഒരു പ്രാര്‍ഥന ശുക്ലയജുര്‍വേദത്തില്‍ കാണാം. ജലത്തെ ദേവിയായും (ദേവിഃ ആപഃ) ജലം, വൃക്ഷം എന്നിവയെ മിത്രങ്ങളായും വ്യത്യസ്ത ഭാവങ്ങളില്‍ ഭാരതീയര്‍ കണക്കാക്കിയിരുന്നു. അവര്‍ ഓഷധികള്‍ക്ക് ദൈവികസ്ഥാനം നല്കി. ഋഗ്വേദവും അഥര്‍വവേദവും ജലത്തെ ഔഷധമായി പരിഗണിച്ചിരുന്നു.
വേദങ്ങളുടെ ഭാഗമായി വരുന്ന ആരണ്യകങ്ങളും ഇതിഹാസങ്ങളും അവയുടെ 'വന'സ്വാധീനം വ്യക്തമാക്കുന്നു. മഹാഭാരതത്തിലെ മൂന്നാമത്തെ പര്‍വം 'വനപര്‍വം' എന്നറിയപ്പെടുന്നു. വാല്മീകി രാമായണത്തിലെ മൂന്നാമത്തെ കാണ്ഡത്തിന് 'ആരണ്യകാണ്ഡം' എന്നാണ് പേര്‍. ഭാരതീയരുടെ ഇഷ്ടദേവതയായ ശ്രീകൃഷ്ണന്റെ ഒരു പര്യായനാമം തന്നെ 'വനമാലി' എന്നാണല്ലോ.
ഇതിഹാസ പുരാണാദികളില്‍ വിവരിക്കുന്ന കഥകളില്‍ പക്ഷിമൃഗാദികള്‍ കഥാപാത്രങ്ങളായി കടന്നുവരുന്നുണ്ട്. വൃക്ഷപരിപാലനത്തെക്കുറിച്ചുള്ള സംസ്‌കൃതഗ്രന്ഥമാണ് വൃക്ഷായുര്‍വേദം. മത്സ്യപുരാണം, ബ്രഹ്മവൈവര്‍ത്തപുരാണം, അഗ്‌നിപുരാണം എന്നിവയില്‍ സസ്യലതാദികളെ സംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. വൃക്ഷൈര്‍ ജീവതി ജീവലോകഃ (വൃക്ഷങ്ങളുടെ സഹായത്താല്‍ ജീവലോകം ജീവിക്കുന്നു) എന്ന സ്‌കന്ദപുരാണത്തിലെ ശ്ലോകം പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഭാരതീയരുടെ അവബോധം വ്യക്തമാക്കുന്നതാണ്.

സംസ്‌കൃത സാഹിത്യം പ്രകൃതിവര്‍ണനകളാല്‍ സമൃദ്ധമാണ്. കാളിദാസനും ബാണഭട്ടനും പ്രകൃതിഭാവങ്ങളെ തങ്ങളുടെ കൃതികളില്‍ സമന്വയിപ്പിച്ചു.

ഭാരതീയ സംസ്‌കൃതിയുടെ ഭാഗമായ കേരളത്തിന്റെ സംസ്‌കാരത്തിലും പരിസ്ഥിതിബോധം കാണാം. 'കാവുതീണ്ടല്ലേ, കുളം വറ്റും' എന്ന പഴമൊഴിയില്‍ തെളിയുന്നത് പരിസ്ഥിതി സന്തുലനത്തെക്കുറിച്ച് കേരളീയര്‍ക്കുണ്ടായിരുന്ന അവബോധമാണ്. കേരളത്തിലെ സര്‍പ്പക്കാവുകള്‍ ജൈവ വൈവിധ്യത്തിന്റെ തുരുത്തുകളായിരുന്നു. പരിസ്ഥിതിയുടെ ശാസ്ത്രവും സംരക്ഷണവും ഭാരതീയര്‍ക്ക് അന്യമായിരുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. 
കടപ്പാട്: മാതൃഭൂമി
 

Wednesday, June 1, 2011

പ്രവേശനോത്സവം 2011

പ്രവേശനോല്സവത്തിനോടനുബന്ധിച്ച് പുതിയതായി അഡ്മിഷന്‍ നേടിയ കുട്ടികള്‍ സ്കൂള്‍ മുറ്റത്ത്
എം കെ എം സ്കൂളിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു.കെ.ജേക്കബ്‌ ഉദ്ഘാടനം ചെയ്തു.മാനേജര്‍ ശ്രീ പി സി ചിന്നക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.പിറവം വലിയ പള്ളി വികാരി വന്ധ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ അനുഗ്രഹപ്രഭാഷണം നടത്തി.തുടര്‍ന്ന് പുതിയതായി ചേര്‍ന്ന കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചു ആനയിച്ചു.എല്ലാവര്ക്കും മധുരം നല്‍കി. ഹെഡ് മാസ്റ്റര്‍ ശ്രീ കെ.വി.ബാബു കൃതഞ്ജത അര്‍പ്പിച്ചു.

പള്ളിക്കൂടങ്ങള്‍ ഇന്നുതുറക്കും

ഒന്നിലേക്ക് നാലരലക്ഷം കുഞ്ഞുങ്ങള്‍
രണ്ടുമാസത്തെ അവധിക്ക് വിട. പള്ളിക്കൂടങ്ങള്‍ ബുധനാഴ്ച തുറക്കും. ഒന്നാംക്ലാസില്‍ ഇക്കുറിയെത്തുന്നത് നാലരലക്ഷം കുട്ടികളാണ്.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌