Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Thursday, September 20, 2012

എം കെ എം ഹൈസ്കൂളില്‍ മനോരമ വായനക്കളരി

പിറവം .  എം കെ എം ഹൈസ്കൂളില്‍ മനോരമ വായനക്കളരി ആരംഭിച്ചു. തൈക്കൂടം ഹെല്‍സ ഇലക്ട്രിക്കല്‍സിന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം വിദ്യാര്‍ഥി പ്രതിനിധികളായ  ദെയ്വ ലാല്‍, എലിസബത്ത് വില്‍സണ്‍ എന്നിവര്‍ക്ക് മനോരമ പത്രം കൈമാറി ഹെല്‍സ ഇലക്ട്രിക്കല്‍സ് എം ഡി  കെ.ജെ.സാജു  നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ പി.സി.ചിന്നക്കുട്ടി, പ്രധാന അധ്യാപകന്‍ കെ.വി.ബാബു, പിടിഎ പ്രസിഡന്റ് സാജു കുറ്റിവേലില്‍, അധ്യാപകരായ ബിനു ഇടക്കുഴി,  ജാന്‍സി ജോണ്‍ പ്രസംഗിച്ചു.  

Tuesday, August 14, 2012


കുട്ടികള്‍ക്ക് ഓണസമ്മാനം: ക്ലാസില്‍ 'അടി' നിരോധിച്ച് ഉത്തരവ്


ക്ലാസ് റൂമിലെ 'അടിശിക്ഷ' നിരോധിച്ചുകൊണ്ട് സ്‌കൂള്‍കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം. മോണിറ്റര്‍, ലീഡര്‍ സമ്പ്രദായത്തിലൂടെ ക്ലാസില്‍ സംസാരിക്കുന്ന കുട്ടികളുടെ ലിസ്റ്റ് തയാറാക്കി ശിക്ഷിക്കുന്ന രീതി നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ക്ലാസ് മുറികളില്‍ അധ്യാപകനില്ലാത്ത അവസ്ഥ ഒരിക്കലുമുണ്ടാകരുതെന്നും ഡയറക്ടറുടെ ഉത്തരവ് എല്ലാ പ്രഥമാധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

കുട്ടനാട് മുട്ടാര്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി കൊലചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ 'മധുരം ബാല്യം' എന്ന സംഘടനാ പ്രസിഡന്‍റ് ഫിലിപ്പ് എം. പ്രസാദ് വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. അടിശിക്ഷ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. സ്‌കൂളുകളിലെ 'കൂട്ടയടി' നിര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് 'മധുരം ബാല്യ'ത്തിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹങ്ങളും പ്രതിഷേധപരിപാടികളും നടന്നിരുന്നു.

Sunday, June 3, 2012

പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗവ. ഗേള്‍സില്‍


കൊച്ചി: പുതിയ അദ്ധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രാവിലെ ഒമ്പതിന് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നിന്ന് ഗവ. ഗേള്‍സ് സ്‌കളിലേക്ക് നടക്കുന്ന ഘോഷയാത്രയോടെ പ്രവേശനോത്സവത്തിന് തുടക്കമാകുമെന്ന് എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എം.ഡി. മുരളി പത്രസമ്മേളനത്തില്‍ പറഞ്ഞു. വാദ്യമേളങ്ങളുടെയും വര്‍ണക്കുടകളുടെയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് ഫ്‌ളാഗ്ഓഫ് ചെയ്യും. 
സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എ. സമര്‍പ്പിക്കുന്ന 'പഠിക്കുക പരിരക്ഷിക്കുക' എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കറിന് നല്‍കി നിര്‍വഹിക്കും. നവാഗതരായ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി അനൂപ് ജേക്കബ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. പാനല്‍ പ്രകാശനം മന്ത്രി കെ. ബാബു നിര്‍വഹിക്കും. 
പത്രസമ്മേളനത്തില്‍ ഹൈബി ഈഡന്‍ എം.എല്‍.എ, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ.എം.അലിയാര്‍, ടി.ജെ.മാത്യു, കെ.കെ.പ്രദീപ്, എന്‍. എക്‌സ്. അന്‍സലാം, കെ.എം.യൂസഫ് എന്നിവര്‍ പങ്കെടുത്തു.

Monday, March 19, 2012

പെന്‍ഷന്‍ പ്രായം 56 ആക്കി


തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സാക്കി. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എം.മാണിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. പെന്‍ഷന്‍ പ്രായം ഏകീകരണം പിന്‍വലിക്കുമെന്നും വ്യക്തമാക്കി. ഇത് പ്രതിപക്ഷ ബഹളത്തിന് കാരണമായി.
അടിസ്ഥാനസൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കുന്നതാണ് സംസ്ഥാന ബജറ്റ്. ചുരുങ്ങിയകാലം കൊണ്ട് ഈ രംഗത്ത് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു.

Tuesday, November 29, 2011

സേവ് മുല്ലപ്പെരിയാര്‍ റാലി നടത്തി.

പിറവം:അപകടാവസ്ഥയിലായ മുല്ലപ്പെരിയാര്‍ ഡാം പുതുക്കി നിര്‍മിക്കണ മേന്നാവശ്യപെട്ടു "സേവ് മുല്ലപ്പെരിയാര്‍" മുദ്രാവാക്യം മുഴക്കി കൊണ്ട് എം കെ എം ഹൈ സ്കൂളിലെ വിദ്യാര്‍ഥികള്‍ പിറവത്ത് വമ്പിച്ച റാലി നടത്തി. "അണ പൊട്ടുന്ന ആശങ്ക"യുമായി ഞങ്ങളുടെ ജീവന്‍ രക്ഷിക്കുക തുടങ്ങിയ പ്ലാകാര്‍ഡുകള്‍ ഉയര്‍ത്തികൊണ്ടു വിദ്യാര്‍ഥികള്‍ മുദ്രാവാക്യത്തോടെ ടൌണില്‍ പ്രകടനം നടത്തി. സ്കൂളില്‍ നിന്നും ആരംഭിച്ച റാലിയ്ക്ക് പി.ടി.എ പ്രസിഡണ്ട്‌ എം.ഒ.വര്‍ഗീസ്‌ മദേഴ്സ് ഫോറം പ്രസിഡന്റും ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പറുമായ ഐഷാ മാധവ്, പ്രിന്‍സിപ്പാള്‍ എ എ ഓനാന്‍കുഞ്ഞു , ഹെഡ് മാസ്റ്റര്‍ കെ വി ബാബു, അധ്യാപകരായ ഫാ.ജെയ്സണ്‍ വര്‍ഗീസ്‌,പി ടി രാജു,എബിന്‍ കുര്യാക്കോസ്,ബിനു ഇ പി,ബിജു എം പോള്‍, ഷാജി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. 

Monday, September 5, 2011

എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌

തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ്‍ എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്. എങ്ങനെയായിരിക്കണം തന്റെ വിദ്യാര്‍ത്ഥി വളരേണ്ടത് എന്നതിനുള്ള വലിയ ഉത്തരം കവിത തുളുമ്പുന്ന ഈ ചെറിയ കത്തില്‍ കാണാം. കത്തിന്റെ ഇംഗ്ലീഷ് രൂപവും താഴെ കൊടുക്കുന്നു.
''എല്ലാവരും നീതിമാന്മാരല്ലെന്നും സത്യസന്ധല്ലെന്നും അവന് പഠിക്കേണ്ടിവരും,എനിക്കറിയാം. പക്ഷേ ഓരോ തെമ്മാടിക്കും പകരമൊരു നായകനുണ്ടെന്നും ഓരോ കപടരാഷ്ട്രീയക്കാരനും പകരം അര്‍പ്പണബോധമുള്ള ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം. എല്ലാ ശത്രുക്കള്‍ക്കുമപ്പുറം ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക.അസൂയയില്‍ നിന്നവനെ അകറ്റി നിര്‍ത്തുക, നിങ്ങള്‍ക്കാവുമെങ്കില്‍ നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂല്യമവനെ പഠിപ്പിക്കുക.വഴക്കാളികളെയാണ് തോല്പിക്കാനെളുപ്പമെന്ന് ആദ്യമേയവന്‍ പഠിക്കട്ടെ. പുസ്തകങ്ങള്‍ കൊണ്ട് അല്‍ഭുതം സൃഷ്ടിക്കാനാവുമെന്ന് അവന്റെ കാതുകളിലോതുക.പക്ഷേ അവന്റെ മാത്രമായ ലോകം അവന് നല്കണം. ശാന്തിയില്‍ മുങ്ങിയൊരു ലോകം. അവിടെയിരുന്ന് ആകാശത്തിലെ പക്ഷികളുടേയും പച്ചക്കുന്നിന്‍ ചെരിവുകളിലെ പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും അവന്‍ ചിന്തിക്കട്ടെ.സ്‌കൂളില്‍ തോല്‍ക്കുന്നതാണ് ചതിച്ച് നേടുന്നതിനേക്കാള്‍ മാന്യമാണെന്നവനെ പഠിപ്പിക്കുക. എല്ലാവരും തെറ്റാണെന്ന് തള്ളിപ്പറഞ്ഞാലും സ്വന്തം ആശയങ്ങളില്‍ വിശ്വസിക്കാനവനെ പഠിപ്പിക്കുക. മൃദുലരായ മനുഷ്യരോട് മൃദുലമാകാനും കഠിനരായവരോട് കഠിനമാകാനും പഠിപ്പിക്കുക.നാടോടുമ്പോള്‍നടുവേ ഓടാതിരിക്കാനുള്ള കരുത്ത് എന്റെ മകനേകുക.എല്ലാവരും പറയുന്നത് ശ്രദ്ധിക്കാനവനെ പഠിപ്പിക്കുക, പക്ഷേ നന്മയെ മാത്രം സ്വീകരിക്കാന്‍ പഠിപ്പിക്കുക.നിങ്ങള്‍ക്കാവുമെങ്കില്‍ ദു:ഖിതനായിരിക്കുമ്പോള്‍ പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന്നവനെ പഠിപ്പിക്കുക. കണ്ണീരില്‍ ലജ്ജിക്കാനൊന്നുമില്ലെന്നും അവനെ പഠിപ്പിക്കുക. ദോഷൈകദൃക്കുകളെ ആട്ടിയകറ്റാനും അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക. സ്വന്തം ബുദ്ധിയും ശക്തിയും ഏറ്റവും വില പറയുന്നവന് വില്ക്കാന്‍ അവനെ പഠിപ്പിക്കുക., പക്ഷേ സ്വന്തം ആത്മാവിനും ഹൃദയത്തിനും വിലയിടാതിരിക്കാനും.ആര്‍ത്തലയക്കുന്ന ആള്‍ക്കൂട്ടത്തിന് നേരെ ചെവിയടച്ച് വെച്ച് തനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യത്തില്‍ ഉറച്ച് വിശ്വസിക്കാനും അതിന് വേണ്ടി നിലകൊള്ളാനും പോരാടാനും അവനെ പഠിപ്പിക്കുക. അവനോട് മാന്യതയോടെ പെരുമാറുക, പക്ഷേ അവനെ താലോലിക്കരുത്, അഗ്നിപരീക്ഷയില്‍ നിന്നേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.അക്ഷമനായിരിക്കാനുള്ള ധൈര്യമവന് നല്കുക.ധൈര്യവാനായിരിക്കാനുള്ള ക്ഷമയവന് നല്കുക. തന്നെക്കുറിച്ച് വലിയ രീതിയില്‍ സ്വയംവിശ്വസിക്കാനാവനെ പഠിപ്പിക്കുക, എന്നാല്‍ മാത്രമേ മനുഷ്യരില്‍ വലുതായ വിശ്വാസമുണ്ടാവൂ.ഇത് വലിയൊരാവശ്യമാണ്,നിങ്ങള്‍ക്കെന്ത് ചെയ്യാനാവുമെന്ന് നോക്കൂ കാരണം എന്റെ മകനൊരു കൊച്ചു മിടുക്കനാണ് ഞാന്‍ അവനെ ഏറെ സ്‌നേഹിക്കുന്നു.''


സെപ് - 5 . അദ്ധ്യാപക ദിനം.

മാതൃഭൂമിയുടെ അധ്യാപകദിനം സ്പെഷ്യല്‍ പേജ് . (ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
മനുഷ്യനെ സമൂഹ ജീവിയായി വളര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്ക് അവന്‍റെ അദ്ധ്യാപകര്‍ക്കാണ്. ആദ്യം അക്ഷരങ്ങള്‍ പിന്നെ വാക്കുകര്‍, വാക്യങ്ങള്‍ അങ്ങനെയങ്ങനെ അറിവിന്‍റെ പുതിയ ചക്രവാളങ്ങളിലേക്ക് മനുഷ്യന് നടന്നടുക്കണമെങ്കില്‍ നല്ല അദ്ധ്യാപകരുടെ ശിക്ഷണം കൂടിയേ തീരു.
ഒക്ടോബര്‍ അഞ്ചിനാണ് യുനെസ്കൊ ഔദ്യോഗികമായി അദ്ധ്യാപക ദിനം ആചരിക്കുന്നത്. പുതു തലമുറയെ അദ്ധ്യാപനത്തിന്‍റെ മഹത്വം അറിയിക്കാനായാണ് ഇങ്ങനെ ഒരു ദിനം യുനെസ്കോ ആചരിക്കുന്നത്. 1994 ലാണ് യുനെസ്കൊ ഒക്ടോബര്‍ അഞ്ച് അദ്ധ്യാപക ദിനമായി പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസത്തിനും അതിലൂടെയുള്ള സമൂഹ്യ പുരോഗതിക്കും അദ്ധ്യാപകര്‍ നല്‍കുന്ന സംഭാവനയെ മനസിലാക്കാനും അതിനെ അംഗീകരിക്കാനും ഈ ദിവസം ഉപയോഗപ്പെടുത്താം. അദ്ധ്യാപകരുടെ അവകാശങ്ങളെ സംരക്ഷിക്കാനുള്ള അവസരം കൂടിയാണിത്.
അദ്ധ്യാപക ദിനത്തിന് ഇത്രയധികം പ്രാധാന്യം കിട്ടുന്നതില്‍ എഡ്യൂക്കേഷന്‍ ഇന്‍റര്‍നാഷണല്‍ എന്ന സംഘടന വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഈ സംഘടന അദ്ധ്യാപനത്തിന്‍റെ പ്രാധാന്യവും മഹത്വവും പ്രചരിപ്പിക്കുന്നതിനായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
യുനെസ്കൊ ഒക്ടോബര്‍ അഞ്ചിനാണ് അദ്ധ്യാപക ദിനം ആചരിക്കുന്നതെങ്കിലും മിക്ക രാജ്യങ്ങളിലും അദ്ധ്യാപക ദിനം വ്യത്യസ്ത ദിനങ്ങളിലാണ്. ഓരോ രാജ്യത്തിന്‍റേയും ചരിത്രപരമായ കാരണങ്ങള്‍ ഈ ദിനവുമായി ബന്ധപ്പെട്ട് കിടക്കുന്നതു കാണം.
ഭാരതത്തിന്‍റെ രണ്ടാമത്തെ പ്രസിഡന്‍റും മികച്ച അദ്ധ്യാപകനുമായിരുന്ന സര്‍വേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമായ സെപ്തംബര്‍ 5 നാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനം ആചരിക്കുന്നത്. ഈ ദിവസം രാജ്യത്ത് പ്രവൃത്തി ദിനം തന്നെയാണ്. അന്നേ ദിവസം വിദ്യാലയങ്ങളില്‍ നടത്തുന്ന പ്രത്യേക പരിപാടികള്‍ അദ്ധ്യാപക വിദ്ധ്യാര്‍ത്ഥി ബന്ധത്തിന് ശക്തി പകരുന്നു
‘മാതാ പിതാ ഗുരുര്‍ ദൈവം’ എന്ന ഭാരതീയ വാക്യം തന്നെ ഭാരതത്തില്‍ ഗുരുനാഥന്‍‌മാര്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നു എന്നതിന് തെളിവാണ്. പഴയ കാലത്ത് നല്‍കി വന്നിരുന്ന ബഹുമാനം ഇന്ന് അദ്ധ്യാപകര്‍ക്ക് ലഭിക്കുന്നില്ല എന്നത് തന്നെയാണ് സത്യം.
സമൂഹികവും സാംസ്ക്കാരികവുമായി വന്ന മാറ്റങ്ങള്‍, അങ്ങനെ പലതുമാവാം ഈ സ്ഥിതിക്ക് കാരണം. അതുകൊണ്ട് ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരം ദിനാചരണങ്ങള്‍ ആ പഴയ നന്‍‌മകളെ തിരിച്ചു കൊണ്ടുവരാനുള്ള അവസരങ്ങളായി നമ്മുക്ക് ഉപയോഗിക്കാം.

Wednesday, August 10, 2011

യുദ്ധവിരുദ്ധ റാലി

പിറവം: പിറവം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ റാലി നടത്തി. റാലിയായെത്തിയ കുട്ടികളെ യുദ്ധസ്മാരകത്തില്‍ വിമുക്തഭടന്മാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചനയെത്തുടര്‍ന്ന് കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. പിറവം ഗ്രേഡ് എസ്‌ഐ പി.കെ. സത്യന്‍ കുട്ടികള്‍ക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പല്‍ എ.എ. ഓനാന്‍കുഞ്ഞ്, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.വി. ബാബു, പിടിഎ പ്രസിഡന്റ് എം.ഒ. വര്‍ഗീസ്, വിമുക്തഭടന്‍ എം.സി. വര്‍ഗീസ്, എക്‌സ്-സര്‍വീസ്‌മെന്‍ യൂണിറ്റ് പ്രസിഡന്റ് പി.കെ. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

Monday, August 8, 2011

യുദ്ധ വിരുദ്ധ റാലി

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
നാഗാസാക്കി ദിനത്തോടനുബന്ധിച്ചു നാളെ എം.കെ.എം സ്കൂളില്‍ നിന്നും പിറവത്തെ യുദ്ധ സ്മാരകത്തിലേയ്ക്ക് യുദ്ധ വിരുദ്ധറാലി നടത്തുന്നു.

Wednesday, June 1, 2011

പ്രവേശനോത്സവം 2011

പ്രവേശനോല്സവത്തിനോടനുബന്ധിച്ച് പുതിയതായി അഡ്മിഷന്‍ നേടിയ കുട്ടികള്‍ സ്കൂള്‍ മുറ്റത്ത്
എം കെ എം സ്കൂളിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു.കെ.ജേക്കബ്‌ ഉദ്ഘാടനം ചെയ്തു.മാനേജര്‍ ശ്രീ പി സി ചിന്നക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.പിറവം വലിയ പള്ളി വികാരി വന്ധ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ അനുഗ്രഹപ്രഭാഷണം നടത്തി.തുടര്‍ന്ന് പുതിയതായി ചേര്‍ന്ന കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചു ആനയിച്ചു.എല്ലാവര്ക്കും മധുരം നല്‍കി. ഹെഡ് മാസ്റ്റര്‍ ശ്രീ കെ.വി.ബാബു കൃതഞ്ജത അര്‍പ്പിച്ചു.

പള്ളിക്കൂടങ്ങള്‍ ഇന്നുതുറക്കും

ഒന്നിലേക്ക് നാലരലക്ഷം കുഞ്ഞുങ്ങള്‍
രണ്ടുമാസത്തെ അവധിക്ക് വിട. പള്ളിക്കൂടങ്ങള്‍ ബുധനാഴ്ച തുറക്കും. ഒന്നാംക്ലാസില്‍ ഇക്കുറിയെത്തുന്നത് നാലരലക്ഷം കുട്ടികളാണ്.

Tuesday, May 31, 2011

പ്ലസ് ടു ഫലത്തില്‍ വ്യാപകമായ പിശക് .പിഴവ് ഗ്രേസ് മാര്‍ക്ക് ചേര്‍ത്തതില്‍

Mathrubhumi
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലത്തില്‍ വ്യാപകമായ രീതിയില്‍ പിശക് വന്നു. ഇതേത്തുടര്‍ന്ന് ഫലം പ്രസിദ്ധീകരിച്ചിരുന്ന സൈറ്റില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് അത് പിന്‍വലിച്ചു. 6388 വിദ്യാര്‍ഥികളുടെ മാര്‍ക്കുകള്‍ക്ക് നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്ന് മാറ്റം വന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഏറെയും സയന്‍സ് വിഷയങ്ങളിലുള്ളവരുടെ മാര്‍ക്കുകള്‍ക്കാണ് വ്യത്യാസം. സന്ധ്യയോടെ തകരാര്‍ പരിഹരിച്ചു. ഇവര്‍ക്ക് മുമ്പ് അറിയിച്ചിരുന്ന മാര്‍ക്കുതന്നെ നല്‍കി.

ഗ്രേസ് മാര്‍ക്കും മോഡറേഷനും നല്‍കിയതിലെ പിഴവാണ് മറ്റ് കുട്ടികളുടെയും മാര്‍ക്കുകളില്‍ മാറ്റം വരാന്‍ കാരണമെന്നാണ് കരുതുന്നത്. ഗ്രേസ് മാര്‍ക്കും മോഡറേഷനും തെറ്റായി നല്‍കിയതും അവ നല്‍കിയപ്പോള്‍ സാങ്കേതിക പിഴവുമൂലം മറ്റ് കുട്ടികളുടെ മാര്‍ക്കുകളിലും മാറ്റം വന്നതുമാണ് പ്രശ്‌നമായത്. സ്‌പോര്‍ട്‌സ്, കലാമികവ്, എന്‍.സി.സി. തുടങ്ങിയ നിരവധി പാഠ്യേതര കാര്യങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാറുണ്ട്.
ബയോളജി ഗ്രൂപ്പ് പഠിച്ചവരില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ള 2165 പേരാണുള്ളത്. ഇവര്‍ക്ക് സുവോളജി, ബോട്ടണി വിഷയങ്ങള്‍ക്കായാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇതിനായി കമ്പ്യൂട്ടറില്‍ നല്‍കിയ നിര്‍ദേശത്തില്‍ വന്ന പിഴവ് വിനയായി. മറ്റ് കുട്ടികളുടെ മാര്‍ക്കുകളിലും മാര്‍ക്ക് കൂടാന്‍ ഇതിടയാക്കി. ആയിരത്തോളം കുട്ടികളുടെ ഫലം തടഞ്ഞുവെച്ചിരുന്നു. അവയും പരിഷ്‌കരിച്ച് പ്രസിദ്ധീകരിക്കും. മോഡറേഷനായി ഒമ്പത് മാര്‍ക്ക് വിജയിക്കാനായി നല്‍കിയിരുന്നു. ഇത് നല്‍കിയതിലും തെറ്റുകള്‍ വന്നെന്നാണ് നിഗമനം.
മോഡറേഷനിലും ഗ്രേസ് മാര്‍ക്കിലും വന്ന മാറ്റം തിരുത്താന്‍ ശ്രമിക്കുമ്പോഴാണ് കൂടുതല്‍ പിഴവ് വന്നത്. ജയിച്ച പല കുട്ടികളും തോറ്റതായി സൈറ്റില്‍ വന്നത് ആകെ ആശയക്കുഴപ്പത്തിനിടയാക്കി. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ www.dhsekerala.gov.in എന്ന സൈറ്റില്‍ റിസള്‍ട്ട് മോഡിഫൈഡ് എന്ന ശീര്‍ഷകത്തിലാണ് ഫലം മാറിയ വിവരം പ്രസിദ്ധീകരിച്ചത്. സൈറ്റ് നോക്കിയപ്പോള്‍ പലരും മാര്‍ക്ക് കുറഞ്ഞതുകണ്ട് അങ്കലാപ്പിലായി. എന്തുകാരണംകൊണ്ടാണ് മാര്‍ക്ക് കുറഞ്ഞതെന്ന് വിശദീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
ഫോണ്‍ വിളികള്‍ കൂടിയതോടെ അധികൃതര്‍ സൈറ്റില്‍ നിന്ന് ഫലം പിന്‍വലിച്ചു. മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ട് ചൊവ്വാഴ്ച ഉച്ചയ്ക്കകം തകരാര്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡി.പി.ഐയോട് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്‍.ഐ.സിയെയാണ് ഹയര്‍സെക്കന്‍ഡറിയുടെ ഫലം കമ്പ്യൂട്ടര്‍വത്കരിച്ച് പ്രസിദ്ധപ്പെടുത്താന്‍ ചുമതലപ്പെടുത്തിയിരുന്നത്.

Wednesday, October 20, 2010

കേരള സര്‍ക്കാരിന്റെ  സ്കൂള്‍ കുട്ടികള്‍ക്കുള്ള പാല്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ കെ വി ബാബു നിര്‍വ്വഹിക്കുന്നു 

Wednesday, October 6, 2010

റേഡിയോ എം കെ എം

പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി MKM HSS ലെ  കുട്ടികള്‍ റേഡിയോ  സംപ്രേഷണം തുടങ്ങുന്നു. കുട്ടികളുടെ റേഡിയോ നിലയത്തിന്റെ ട്രയല്‍ സംപ്രേഷണം തുടങ്ങി കഴിഞ്ഞു.റേഡിയോ എം കെ എം എന്ന പേരിലായിരിക്കും സംപ്രേഷണം തുടങ്ങുക. കുട്ടികള്‍ക്ക് സ്റ്റുഡിയോയിലെത്തി ലൈവ് പ്രോഗ്രാമുകളിലും റെക്കോര്‍ഡിംഗ് പ്രോഗ്രമ്മുകളിലും നേരിട്ട് പങ്കെടുക്കാം.

Monday, October 4, 2010

ഉപജില്ല ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായി

2010 - 2011 വര്‍ഷത്തെ പിറവം ഉപജില്ല ക്രിക്കറ്റ്  മത്സരത്തില്‍ പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികളായ ടീം അംഗങ്ങള്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു, ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു, കയികാദ്ധ്യപകന്‍ ശ്രീ എം സി തങ്കച്ചന്‍, അദ്ധ്യപകനായ ശ്രീ അഭിലാഷ് എന്നിവര്‍ക്കൊപ്പം.

Saturday, October 2, 2010

ഗാന്ധിജയന്തി സ്മൃതി


Tags: K.L.Mohanavarma, Mahatma Gandhi, Economic, India  
 940കളുടെ തുടക്കത്തിലാണ്. എന്റെ ഒരു വലിയമ്മാവനുണ്ടായിരുന്നു., ഗ്രാമങ്ങളില്‍ വൈദ്യുതിയും ടാര്‍ റോഡും വരുന്നതിനു മുമ്പുള്ള കാലമാണ്. സ്ഥലത്ത് ഒരു പ്രൈമറി സ്‌ക്കൂളും ഒരു കള്ളുകുടിയനും ഒരു യക്ഷിയും ഒരു വായനശാലയും മാത്രമേ ഉള്ളു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വാര്‍ത്തകളും അലയടികളും വായനശാലയില്‍ വരുന്ന പത്രങ്ങളിലൂടെ ഗ്രാമത്തില്‍ സജീവമായിരുന്നു. ഗാന്ധിജിയെ പത്രം വായിക്കാത്തവര്‍ക്കും അറിയാം. വലിയമ്മാവന്‍ പറയും.ഞാനും ഗാന്ധിയും ഒരു പോലാണ്. 

Thursday, September 23, 2010

കലോത്സവത്തിന് തിരി തെളിഞ്ഞു ...

എം കെ എം സ്കൂളിലെ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവം ടി പ്രസിഡണ്ട്‌ ശ്രീ എം വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്യുന്നു.അദ്ധ്യപകരായ ശ്രീ പി ടി രാജു,ശ്രീ സൈബി, ശ്രീ ഷാജി ജോര്‍ജ്, ശ്രീമതി പുഷ്പലത, ശ്രീ ബിനു പി എന്നിവര്‍ സമീപം.
പിറവം:വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവം ഇന്ന് രാവിലെ സ്കൂള്‍ ടി പ്രസിഡണ്ട്‌ ശ്രീ എം വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്തു. ശ്രീ പി ടി രാജുസാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യുവജനോത്സവം കണ്‍വീനര്‍ ശ്രീ സൈബിസാര്‍ സ്വാഗതം ആശംസിച്ചു.അദ്ധ്യപകരായ ശ്രീ ഷാജി ജോര്‍ജ് , ശ്രീമതി പുഷ്പലത ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് കലാമത്സരങ്ങള്‍ ആരംഭിച്ചു. ഗ്രീന്‍, ബ്ലൂ, വൈറ്റ്, യെല്ലോ ഹൌസുകളിലായി കുട്ടികള്‍ കലാമത്സരങ്ങളില്‍ പങ്കെടുത്തു. ഭരതനാട്യ മത്സരത്തില്‍ യു പി , ഹൈ സ്കൂള്‍ വിഭാഗത്തിലായി പതിനെട്ടോളം കുട്ടികള്‍ പങ്കെടുത്തു. തുടര്‍ന്ന് മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം, കഥാപ്രസംഗം, ഗ്രൂപ്പ്‌ ഡാന്‍സ്, ലളിതഗാനം, മാപ്പിളപ്പാട്ട്, മിമിക്രി മുതലായ മത്സരങ്ങള്‍ നടന്നു. രണ്ടു വേദികളിലായി നടക്കുന്ന കലോത്സവത്തിന് നാളെ തിരശീല വീഴും.

Friday, September 17, 2010

സയന്‍സ് - ഗണിത - ശാസ്ത്ര പ്രവര്‍ത്തി പരിചയ മേള - 2010

വര്‍ഷത്തെ സയന്‍സ് - ഗണിത ശാസ്ത്ര പ്രവര്‍ത്തി പരിചയ മേള ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു സാര്‍ ഉദ്ഘാടനം ചെയ്യുന്നു.അധ്യാപകരായ ശ്രീമതി സിജി വര്‍ഗീസ്‌, ശ്രീ ഷാജി ജോര്‍ജ്,.ഫാ ജെയ്സണ്‍ വര്‍ഗീസ്‌,ശ്രീ ബിജു എം പോള്‍ എന്നിവര്‍ സമീപം.




അനുമോദിച്ചു



എം ജി സര്‍വകലാശാലയില്‍ നിന്നും Bsc Maths പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ പാര്‍വതിരാമചന്ദ്രനേയും, Msc ഇലക്ട്രോണിക്സ് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ എന്‍ നീതുമോളേയും സ്ക്കൂളില്‍ നടന്ന അസംബ്ലിയില്‍ വച്ച് പുരസ്കാരം നല്‍കി അനുമോദിച്ചു.ഇരുവരും എം കെ എം സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളാണ്.സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു സാര്‍ പുരസ്കാര ദാനം നടത്തി. സ്റ്റാഫ്‌ സെക്രട്ടറിശ്രീമതി നിനി ജോസഫ്‌ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.തുടര്‍ന്ന് റാങ്ക് ജേതാക്കള്‍ മറുപടിപ്രസംഗം നടത്തി.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌