Friday, September 21, 2012

ആരോഗ്യം വീണ്ടെടുത്ത സ്വാതി പരീക്ഷയെഴുതാന്‍ വിദ്യാലയത്തില്‍

പിറവം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്ത കൊച്ചുകവയിത്രി സ്വാതികൃഷ്ണ മൂന്ന് മാസത്തെ ഇടവേളയ്ക്കുശേഷം മാതൃവിദ്യാലയത്തിലെത്തി. ആരോഗ്യം മെച്ചപ്പെടുത്തിയ സ്വാതി പ്ലസ്ടു ഒന്നാം വര്‍ഷ പരീക്ഷയുടെ മാര്‍ക്ക് മെച്ചപ്പെടുത്തല്‍ പരീക്ഷ എഴുതാനാണ് പിറവം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയത്. പ്ലസ് വണ്‍ പരീക്ഷയില്‍ ഇക്കണോമിക്‌സിന് മൂന്ന് മാര്‍ക്കിന്റെ കുറവിലാണ് സ്വാതിക്ക് എ പ്ലസ് നഷ്ടമായത്. അത് കൂടി നേടി എല്ലാവിഷയത്തിനും എ പ്ലസ് നേടുകയാണ് ലക്ഷ്യം. അച്ഛന്‍ കൃഷ്ണന്‍കുട്ടിയും അമ്മ രാജിയും ചേച്ചി ശ്രുതിയുമൊത്ത് സ്വാതി വരുന്നതുകാണാന്‍ സ്‌കൂള്‍ ഒന്നടങ്കം കാത്തിരുന്നു. എംകെഎമ്മിന്റെ യൂണിഫോമായ നീല പാന്റ്‌സും വെള്ളയില്‍ നീലവരകളുള്ള മുഴുക്കൈയന്‍ ഷര്‍ട്ടും ഓവര്‍കോട്ടുമണിഞ്ഞ് എത്തിയ സ്വാതി രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി മാസ്‌ക്കും ധരിച്ചിരുന്നു. 

ഇടപ്പള്ളിയിലെ വാടകവീട്ടില്‍ നിന്ന് കാറിലെത്തിയ സ്വാതിയെയും മാതാപിതാക്കളെയും പ്രിന്‍സിപ്പല്‍ എ.എ.ഓനാന്‍കുഞ്ഞും മറ്റ് അധ്യാപകരും മാനേജരും ചേര്‍ന്ന് സ്വീകരിച്ചു. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് പ്രത്യേകം സജ്ജീകരിച്ച മുറിയിലിരുന്ന് പരീക്ഷ എഴുതിയ സ്വാതി 4.45ന് അവസാന ബെല്ലും മുഴങ്ങിയശേഷമാണ് പുറത്തുവന്നത്. ക്ലാസ് ടീച്ചര്‍ മേരി ജോസഫും മറ്റ് അധ്യപകരായ ഷാജി വര്‍ഗീസ്, സിജി എബ്രാഹം, ജെസി പി. മാത്യു എന്നിവരും അടുത്ത കൂട്ടുകാരികളുമെല്ലാം അപ്പോഴും സ്വാതിയെ കാത്ത് നില്‍ക്കുകയായിരുന്നു. പരീക്ഷ എങ്ങനെയിരുന്നു? എല്ലാവര്‍ക്കും ഒരേ ചോദ്യം. ഇത്തവണ എ പ്ലസ് കിട്ടും - സ്വാതിയുടെ മറുപടി. കൂട്ടുകാരികള്‍ക്കൊപ്പം ചിരിച്ച് കളിച്ച് പാമ്പാറ്റയെപ്പോലെ സ്വാതി വീണ്ടുമെത്തിയപ്പോള്‍ ചുറ്റും നിറഞ്ഞ ആഹ്ലാദം. ജൂണ്‍ 22നാണ് സ്വാതി ഒടുവില്‍ ക്ലാസില്‍ വന്നത്. പിറ്റേന്ന് മുതല്‍ പനി തുടങ്ങിയിരുന്നു. രണ്ടാഴ്ചയോളം സാധാരണ ചികിത്സകളുമായി കടന്നുപോയി. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് കരളിനെ ബാധിച്ചുവെന്നറിഞ്ഞത് എറണാകുളത്തെ ആസ്പത്രിയിലെത്തിയപ്പോഴാണ്. നടുക്കുന്ന ഓര്‍മകള്‍ സ്വാതിയുടെ അമ്മ രാജി ഒരിക്കല്‍ കൂടി അനുസ്മരിച്ചു. ചികിത്സയ്ക്കുള്ള പണം സമാഹരിച്ചതും ജൂലായ് 13ന് അമൃത ആസ്പത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നതുമെല്ലാം സ്വപ്നം പോലെ തോന്നുന്ന സംഭവങ്ങളാണ്.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌