Sunday, December 12, 2010

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി

മൂവാറ്റുപുഴ: എറണാകുളം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം മൂവാറ്റുപുഴയില്‍ തുടങ്ങി. ശനിയാഴ്ച രാവിലെ മൂവാറ്റുപുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.കെ. ദേവി പതാക ഉയര്‍ത്തി.
നഗരസഭാ ഉപസമിതി ചെയര്‍മാന്‍മാരായ കെ.ജി. അനില്‍കുമാര്‍, നിസ്സ അഷറഫ്, കെ.എം. കബീര്‍ കൗണ്‍സിലര്‍മാരായ ആര്യ സജി, ബീന വിനയന്‍, മിനി രാജന്‍, പ്രതിപക്ഷ നേതാവ് പി.എസ്. സലിം ഹാജി, എസ്. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറിയിലെ 15 വേദികളിലാണ് ശനിയാഴ്ച മത്സരങ്ങള്‍ നടന്നത്. രചനാമത്സരങ്ങള്‍ ഇതോടെ പൂര്‍ത്തിയായി.

മോഡല്‍ ഹയര്‍ സെക്കന്‍ഡറി മൈതാനിയില്‍ ബാന്‍ഡ് മേളം മത്സരം നടന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പെരുമാനൂര്‍ സിസിപിഎല്‍എം സ്‌കൂള്‍ ഒന്നാം സമ്മാനം നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തൃക്കാക്കര മേരിമാതാ എച്ച്.എസ്.എസ്. ടീം മാത്രമാണ് മത്സരത്തിനെത്തിയത്. മറ്റ് ടീമുകളില്ലാതിരുന്നെങ്കിലും മികച്ച പ്രകടനമാണ് മേരിമാത നടത്തിയത്.
ഞായറാഴ്ച മത്സരങ്ങളില്ല. കലോത്സവത്തിന്റെ ഭക്ഷണശാലയും ഒരു പ്രധാന വേദിയും പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറിയിലെ പാചകശാലയില്‍ ഞായറാഴ്ച വൈകീട്ട് 3.30ന് പാല്‍കാച്ചല്‍ നടക്കും. പായസ വിതരണവും ഉണ്ടാകുമെന്ന് ഫുഡ് കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.
തിങ്കളാഴ്ച മുതല്‍ മത്സരരംഗം ഉഷാറാകും. മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാള്‍, മേള ഓഡിറ്റോറിയം, നിര്‍മല സ്‌കൂള്‍, സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളിലെ പ്രധാന വേദികളില്‍ നൃത്തമത്സരങ്ങള്‍ രാവിലെ തന്നെ തുടങ്ങും.
കലോത്സവത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണീയതയായ ഘോഷയാത്രയും തിങ്കളാഴ്ച വൈകീട്ടാണ്. മോഡല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ നിന്ന് ടൗണ്‍ഹാളിലേക്കാണ് ഘോഷയാത്ര. തുടര്‍ന്ന് കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി എം. വിജയകുമാര്‍ ടൗണ്‍ഹാള്‍ മൈതാനിയില്‍ നടത്തും.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌