Sunday, July 22, 2012

സ്വാതി ചിരിച്ചു, കൈപൊക്കി റ്റാറ്റ പറഞ്ഞു

മോഹന്‍ലാല്‍ സ്വതിയ്ക്ക് കരള്‍ പകുത്തു നല്‍കിയ റെയിനിയെ അനുമോദിക്കുന്നു.   
പിറവം: ഒരു മാസത്തോളം നീണ്ട ഇരുണ്ട നാളുകള്‍ക്കൊടുവില്‍ പൊന്നുമോള്‍ 'കുഞ്ഞി' ചിരിച്ച് തലയാട്ടിയപ്പോള്‍ അച്ഛന്റെ മനസ്സില്‍ ആശ്വാസം. കരള്‍ മാറ്റിവയ്ക്കല്‍ കഴിഞ്ഞ് അതിവേഗം ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന സ്വാതിയെ ശനിയാഴ്ചയാണ് അച്ഛന്‍ കൃഷ്ണന്‍കുട്ടി അടുത്തു ചെന്ന് കണ്ടത്.

രാവിലെ 11മണിയോടെയാണ് അമൃത ആസ്​പത്രിയിലെ തീവ്രപരിചരണവിഭാഗത്തിന്റെ ഒറ്റപ്പെട്ട മുറിയിലേയ്ക്ക് വിളിച്ച് മകളെ കാണിച്ചത്. അച്ഛന്റെ വിളി കേട്ട് കണ്ണ്തുറന്ന സ്വാതി ചിരിച്ചു. മറുപടിയായി തലയനക്കി, ചുണ്ടനക്കി, നേര്‍ത്ത ശബ്ദത്തില്‍, വായിക്കാന്‍ എന്തെങ്കിലും വേണമെന്നാവശ്യപ്പെട്ടു. മിനിറ്റുകള്‍ മാത്രം നീണ്ട കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ അച്ഛന്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മകള്‍ കൈപൊക്കി റ്റാറ്റ നല്‍കി.

സ്വാതിക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം കുറഞ്ഞ അളവില്‍ കൊടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ചെറിയ കഷണം ദോശയും കഴിച്ചുവെന്ന് അച്ഛന്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലെ നേഴ്‌സുമാര്‍ സ്വാതിയെ കൊണ്ട് കൈകാലുകള്‍ അനക്കിക്കുന്നുണ്ട്. ശനിയാഴ്ച ഏതാനും അടി നടത്തിക്കുകയും ചെയ്തു.

അതിനിടെ സ്വാതിക്ക് കരള്‍ പകുത്ത് നല്‍കിയ ഇളയമ്മ റെയ്‌നിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും അവര്‍ നാട്ടിലേയ്ക്ക് ഉടനെ മടങ്ങുന്നില്ല. ആസ്​പത്രി ഗസ്റ്റ്ഹൗസില്‍ താമസിക്കുന്ന റെയ്‌നി ആഗസ്ത് മൂന്നിന് അടുത്ത ചെക്ക്അപ്പ് കൂടി കഴിഞ്ഞിട്ടേ നാട്ടിലേയ്ക്ക് മടങ്ങുന്നുള്ളൂ. ഇടുക്കി തൊടുപുഴ ചെപ്പുകുളത്താണ് റെയ്‌നിയുടെ വീട്. ചെപ്പുകുളത്തെ വീട്ടിലേയ്ക്കുള്ള യാത്ര ദുഷ്‌കരമാണ്. ആസ്​പത്രിയില്‍ ചേച്ചിയും സ്വാതിയുടെ അമ്മയുമായ രാജിയാണ് റെയ്‌നിക്ക് കൂട്ട്.

ഗസ്റ്റ് ഹൗസിലേക്ക് മാറിയ റെയ്‌നിയെ കാണാന്‍ ശനിയാഴ്ച മക്കളെത്തിയിരുന്നു. പത്തില്‍ പഠിക്കുന്ന മകള്‍ രേഷ്മയും, ആറില്‍ പഠിക്കുന്ന മകന്‍ ബേസിലും അമ്മയെ കണ്ടിട്ട് പത്ത് ദിവസത്തോളമായിരുന്നു.

മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനിലയും ശനിയാഴ്ച റെയ്‌നിയെ കാണാനെത്തിയിരുന്നു. റെയ്‌നിയെയും സ്വാതിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടിയേയും കണ്ട് അവര്‍ വിവരങ്ങള്‍ തിരക്കി.

അവയവദാനത്തിന് സന്നദ്ധനെന്ന് മോഹന്‍ലാല്‍.

കൊച്ചി: അവയവദാനത്തിന് സന്നദ്ധനാണെന്ന് നടന്‍ മോഹന്‍ലാല്‍. കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന അവയവദാന ബോധവല്‍ക്കരണ ഡോക്യുമെന്ററിയുടെ പ്രകാശനത്തിനിടെയാണ് മോഹന്‍ലാല്‍ അവയവദാന സന്നദ്ധത അറിയിച്ചത്.അവയവദാനത്തിന്റെ പ്രാധാന്യം സാധാരണക്കാരിലെത്തിക്കുകയാണ് ഒരു കനിവിന്റെ ഓര്‍മയ്ക്കായ് എന്ന ഡോക്യുമെന്ററിയുടെ ലക്ഷ്യം. മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവം ദാനം ചെയ്ത അരുണ്‍ ജോര്‍ജിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഡോക്യുമെന്ററി നിര്‍മിച്ചത്.സ്വാതീകൃഷ്ണയുടെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ.സുധീന്ദ്രനെയും സ്വാതിക്ക് കരള്‍ ദാനം ചെയ്ത ഇളയമ്മയെയും ചടങ്ങില്‍ ആദരിച്ചു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌