Saturday, July 14, 2012

സ്വാതിക്ക് ശസ്ത്രക്രിയ; മനമുരുകി പ്രാര്‍ത്ഥനയോടെ നാട്


പിറവം: ആസ്പത്രിയിലെ ശസ്ത്രക്രിയാമേശയ്ക്കുമേല്‍ സ്വാതി തളര്‍ന്നുകിടക്കുമ്പോള്‍ മനമുരുകുന്ന പ്രാര്‍ത്ഥനകളിലായിരുന്നു സ്വന്തം നാട്.ഉറവവറ്റാത്ത കാരുണ്യത്തിന്റെ ചെറുതും വലുതുമായ സഹായങ്ങള്‍ക്കൊടുവിലാണ് ശസ്ത്രക്രിയയ്ക്ക് മുന്നിലുള്ള കടമ്പകള്‍ നീങ്ങിയത്. തുടര്‍ന്ന് എറണാകുളത്ത് ശസ്ത്രക്രിയ നടന്നു. ശസ്ത്രക്രിയ വിജയകരമായോ എന്നതുസംബന്ധിച്ച വിവരങ്ങള്‍ ശനിയാഴ്ചയേ അറിയാനാകൂ.
അവയവദാനം സംബന്ധിച്ച നിയമ സങ്കീര്‍ണതകള്‍ മൂലം ശസ്ത്രക്രിയ വൈകിയ സ്വാതിയുടെ അവസ്ഥ വെള്ളിയാഴ്ച മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഇടപെട്ടാണ് ശസ്ത്രക്രിയയ്ക്ക് വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കൂടിയ അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കി.
സ്വാതിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടി, കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറായ ഇളയമ്മ റെയ്‌നി, അവരുടെ ഭര്‍ത്താവ് ജോയി, കൃഷ്ണന്‍കുട്ടിയുടെ അനിയന്‍ സന്തോഷ്, അളിയന്‍ മുരളി എന്നിവര്‍ രാവിലെ തന്നെ എറണാകുളത്തുനിന്നും കോട്ടയത്തെത്തിയിരുന്നു. രാവിലെ 10ന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കി. രേഖകളുമായി ഉച്ചയ്ക്ക് ഒന്നര മണിയോടെ അവര്‍ അമൃത ആസ്പത്രിയിലെത്തി. തുടര്‍ന്ന് രണ്ടരയ്ക് ശസ്ത്രക്രിയ ആരംഭിച്ചു. കേരളത്തില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ സീനിയര്‍ ഡോക്ടര്‍ സുധീന്ദ്രന്റെ നേതൃത്വത്തില്‍ ഇരുപതോളം ഡേക്ടര്‍മാരുടെ സംഘമാണ് ഓപ്പറേഷന്‍ നടത്തിയത്. ഇളയമ്മ റെയ്‌നിയുടെ കരളിന്റെ ഒരു ഭാഗം പകുത്തെടുത്ത് സ്വാതിക്ക് പിടിപ്പിക്കുന്ന യത്‌നം രാത്രിയും തുടരുകയാണ്. ശനിയാഴ്ച രാവിലെ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. 

സ്വാതിയുടെ ജീവനുവേണ്ടി നാടൊടുക്കം പ്രാര്‍ത്ഥനകള്‍ ഉയരുകയാണ്. സ്വാതി പഠിക്കുന്ന പിറവം എം. കെ. എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും എസ്. എസ്. എല്‍. സി വരെ പഠിച്ച വെളിയനാട് സെന്‍റ് പോള്‍സ് ഹൈസ്‌കൂളും ഒന്നടങ്കം പ്രാര്‍ത്ഥനയുടെ ലോകത്താണ്. എം. കെ. എമ്മിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് സമാഹരിച്ച 6,50,000 രൂപ വെള്ളിയാഴ്ച ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. 

സാമ്പത്തികമായി വളരെ പിന്നാക്കമാണ് സ്വാതിയുടെ കുടുംബം. വട്ടപ്പാറയില്‍ 10 സെന്‍റ് സ്ഥലവും അതിലെ ചെറിയ വീടുമാണ് ആകെയുള്ള സമ്പാദ്യം. അച്ഛന്‍ കൃഷ്ണന്‍കുട്ടിക്ക് മരപ്പണിയിലൂടെ കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. ചികിത്സയ്ക്കായി ഇപ്പോള്‍ തന്നെ വലിയതുക ചെലവായിക്കഴിഞ്ഞു. വെള്ളിയാഴ്ചത്തെ മാതൃഭൂമി വാര്‍ത്തകണ്ട് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്വേഷണങ്ങളുണ്ടായി. സാമ്പത്തികസഹായം അയയ്‌ക്കേണ്ട അക്കൗണ്ട് നമ്പര്‍ അന്വേഷിച്ച് പത്രം ഓഫീസിലേക്ക് നിരന്തരം കോളുകള്‍ വന്നുകൊണ്ടിരുന്നു. 
സ്വാതിയുടെ ചികിത്സയ്ക്കായി പണം സമാഹരിക്കാന്‍ നാട്ടുകാരുടെ സമിതി ആരക്കുന്നം കനറാ ബാങ്ക് ശാഖയില്‍ തുറന്ന അക്കൗണ്ട് നമ്പര്‍ 0703101056910 ആണ്. സ്വാതി പഠിക്കുന്ന എം. കെ. എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ എസ്.ബി.ടി. യുടെ പിറവം ശാഖയിലും അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ 57025993917. 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌