Saturday, July 28, 2012

കൂട്ടുകാരെ കാണാന്‍ കൊതിച്ചു സ്വാതി


Newspaper Editionകൊച്ചി: മോളേ. . . സ്‌കൂളിലെ സിജി മാഷ് വിളിക്കുന്നു എന്നു പറഞ്ഞ് അച്ഛന്‍ കൃഷ്ണന്‍കുട്ടി തന്റെ കൈയിലെ ഫോണ്‍ പതിയെ സ്വാതിയുടെ ചെവിയുടെ അടുത്തേയ്ക്ക് അടുപ്പിച്ചു. ഫോണില്‍ മുഖം ചേര്‍ത്തുവെച്ച് പതിഞ്ഞ സ്വരത്തില്‍ സ്വാതി പറഞ്ഞു. ''മാഷേ. . . എനിക്ക് എല്ലാം ഭേദമാകാറായിട്ടോ. . . എനിക്ക് കൂട്ടുകാരെ കാണാന്‍ കൊതിയായി മാഷേ. അതു കൊണ്ട് ഞാന്‍ അടുത്ത മാസമങ്ങു വരും. ഇനിയും വൈകിയാല്‍ പഠിക്കാന്‍ ഏറെ ഉണ്ടാകും''. മകളുടെ ഈ വാക്കുകള്‍ കേട്ട് അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞു. കൈകളില്‍ നിന്ന് വഴുതിപ്പോയ മൊബൈല്‍ താങ്ങി നിര്‍ത്താന്‍ കൃഷ്ണന്‍കുട്ടി ഏറെ പാടുപെട്ടു. 
സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെടുമെന്ന് തോന്നിയ ദിവസങ്ങള്‍. പ്രാര്‍ത്ഥനയ്ക്ക് പോലും ശക്തിയുണ്ടോയെന്ന് സംശയം തോന്നിയ നിമിഷങ്ങള്‍. ആ കാലഘട്ടമെല്ലാം വെറും ഓര്‍മകളാക്കിയ ഒരച്ഛന്റെ പുത്തന്‍ പ്രതീക്ഷയാണിപ്പോള്‍ ഈ മകള്‍. തന്റെ ജീവിതത്തിന്റെ വിലപ്പെട്ട എട്ടു ദിവസങ്ങള്‍ അഗാധ നിദ്രയ്ക്ക് പകുത്തു നല്‍കിയതറിയാതെ, മൂന്നാഴ്ചയോളം നീളുന്ന ആസ്​പത്രി വാസത്തിന് ഒരാഴ്ചയ്ക്കകം വിടപറയാന്‍ തയ്യാറെടുക്കുകയാണ് സ്വാതി. 
ആസ്​പത്രി വിട്ടാലും മാസങ്ങളോളം ചികിത്സ തുടരേണ്ടതിനാല്‍ ആസ്​പത്രിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടെടുത്തു കഴിഞ്ഞു കൃഷ്ണന്‍കുട്ടി. ഇനി അവിടെ താമസിച്ചായിരിക്കും മകളെ തുടര്‍ ചെക്കപ്പുകള്‍ക്കായി കൊണ്ടുപോവുക. പഠിത്തം മുടങ്ങാതിരിക്കാനായി വീട്ടില്‍ വന്നു പഠിപ്പിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. അതിസങ്കീര്‍ണമായ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം ആദ്യമായി സ്വാതിയുടെ ചിത്രം ആസ്​പത്രി അധികൃതര്‍ പുറത്തുവിട്ടു. കണ്ണുകളില്‍ പഴയ കുസൃതിയും തിളക്കവും. ഏറെ സന്തോഷവതിയായാണ് സ്വാതി കാണപ്പെട്ടത്. 
ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. ഭക്ഷണം കഴിക്കുന്നുണ്ട്. സംസാരശേഷിയില്‍ പുരോഗതി വരാനുണ്ട്. കടപ്പാടുകള്‍ പറഞ്ഞാല്‍ തീരില്ലെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു. 
സ്വാതികൃഷ്ണയുടെ ശസ്ത്രക്രിയയ്ക്ക് ഒരു ദിവസം മുമ്പ് അമൃത ആസ്​പത്രി ഗസ്റ്റ് ഹൗസിലെ 725-ാം നമ്പര്‍ മുറിയില്‍ അനിയനോട് കൃഷ്ണന്‍ കുട്ടി ചോദിച്ചു, ''ഇനി നമ്മള്‍ എന്താണ് ചെയ്യുക'' ? പോലീസ് കോണ്‍സ്റ്റബിളായ അനിയന്‍ സന്തോഷ് ഉടനെ തിരുവനന്തപുരത്തിന് പോകാം എന്നു പറഞ്ഞു. നേരെ പോയത് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക്. പിന്നീട് കാര്യങ്ങള്‍ വേഗത്തിലായിരുന്നു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മാധ്യമങ്ങള്‍, കരള്‍ പകുത്തുനല്‍കിയ ഇളയമ്മ റെയ്‌നി. . . ആര്‍ക്കൊക്കെ നന്ദി പറയണമെന്ന് കൃഷ്ണന്‍കുട്ടിക്കറിയില്ല. 
സ്വാതികൃഷ്ണയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സഹായിച്ച വഴികളെ ഓര്‍ത്തെടുക്കുകയാണ് ഈ അച്ഛന്‍. ഒരു നാടിന്റെ കരളലിഞ്ഞ പ്രാര്‍ത്ഥനകളില്‍ ദൈവത്തിന്റെ കരങ്ങള്‍ അവളെ സ്​പര്‍ശിച്ചു. അപ്പോള്‍ ശാസ്ത്രത്തിന് പോലും അത്ഭുതമായി സ്വാതികൃഷ്ണ വീണ്ടും ജീവിതത്തിലേക്ക് പിച്ചവെച്ചു. ''വല്ലാത്ത കടല്‍ നീന്തിക്കടന്ന അവസ്ഥയാണ്'' - കൃഷ്ണന്‍കുട്ടി പറഞ്ഞു. ആറു ദിവസത്തോളം അബോധാവസ്ഥയിലായിരുന്ന സ്വാതിയെ ജൂലായ് 13-നാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. അമ്മ രാജിയും അച്ഛന്‍ കൃഷ്ണന്‍ കുട്ടിയുമാണ് സ്വാതികൃഷ്ണയ്ക്ക് കൂട്ടിരിക്കുന്നത്. കരള്‍ ദാതാവ് റെയ്‌നി ആസ്​പത്രി ഗസ്റ്റ് ഹൗസില്‍ സുഖം പ്രാപിച്ചുവരുന്നു.

1 comment:

  1. could u pls update about the condition of swathy krishna?

    regards,
    sujith

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌