Wednesday, September 15, 2010

സ്‌കൂളുകളിലെ നിരന്തര മൂല്യനിര്‍ണയ പ്രക്രിയ ശാസ്‌ത്രീയമാക്കുന്നു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ പരിഷ്‌കരണത്തിനു മുന്നോടിയായി സ്‌കൂളുകളില്‍ നടക്കുന്ന നിരന്തര മൂല്യനിര്‍ണയം ശാസ്‌ത്രീയമാക്കുന്നു. മാര്‍ക്ക്‌ നല്‍കുന്ന രീതിയും മാനദണ്ഡങ്ങളും പരിഷ്‌കരിക്കാനാണു തീരുമാനം. ഇക്കൊല്ലം പരീക്ഷണാടിസ്‌ഥാനത്തിലും അടുത്ത വര്‍ഷം മുതല്‍ എസ്‌.സി.ഇ.ആര്‍.ടിയുടെ പഠനോപകരണങ്ങളുടെ സഹായത്തോടെ പുര്‍ണമായും ഇതു നടപ്പാക്കും.

വിദ്യാര്‍ഥികള്‍ തയാറാക്കുന്ന പ്രൊജക്‌ടിനെ അടിസ്‌ഥാനമാക്കി നിരന്തര മൂല്യനിര്‍ണയം നടത്തി മാര്‍ക്ക്‌ നല്‍കുന്ന രീതിയാണു നിലവിലുള്ളത്‌. പ്രൊജക്‌ടിലേക്ക്‌ എത്തിച്ചേരാനും അതു തയാറാക്കാനും വിദ്യാര്‍ഥി നടത്തിയ ശ്രമങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കുന്ന മൂല്യനിര്‍ണയ രീതിയാണു പുതുതായി നടപ്പാക്കുന്നത്‌. പ്രൊജക്‌ടിനെപ്പറ്റി വിദ്യാര്‍ഥിക്കുള്ള അറിവായിരിക്കും പ്രധാനമായും പരിശോധിക്കുക.

ഏതു പ്രൊജക്‌ട് നല്‍കിയാലും അതിനു സഹായകമാകുന്ന നിരവധി ഗൈഡുകളും വസ്‌തുക്കളും വിപണിയില്‍ സുലഭമാണ്‌. ഇവയെ പൂര്‍ണമായും ആശ്രയിച്ചാണു പല വിദ്യാര്‍ഥികളും പ്രൊജക്‌ട് തയാറാക്കുന്നത്‌. പ്രൊജക്‌ടിന്റെ അന്തിമരൂപം മാത്രമാണ്‌അധ്യാപകനു മുന്നിലെത്തുക. അതുമൂലം മികച്ച മാര്‍ക്ക്‌ കിട്ടുകയും ചെയ്യും. രീതി പൂര്‍ണമായും മാറ്റി പ്രൊജക്‌ടിന്റെ ഓരോ ഘട്ടത്തിലും അധ്യാപകന്‍ പരിശോധന നടത്തുകയും മാര്‍ക്കിടുകയും വേണം. നിരന്തര മൂല്യനിര്‍ണയത്തിന്റെ ഭാഗമായ സെമിനാറുകള്‍, വായന, ആസ്വാദനം എന്നിവ അതത്‌ ഘട്ടത്തില്‍ പരിശോധിക്കുകയും സ്‌കോര്‍ രേഖപ്പെടുത്തുകയും ചെയ്യും. നിരന്തരമൂല്യ നിര്‍ണയത്തിന്റെ വിലയിരുത്തല്‍ രീതിയിലും മാറ്റം വരുത്തും. വിദ്യാര്‍ഥി സ്വയമായും സഹപാഠികള്‍ പരസ്‌പരവും വിലയിരുത്തണം. ഇതിനു പുറമെയായിരിക്കും അധ്യാപകന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി ടീച്ചിംഗ്‌ മാന്വല്‍ പരിഷ്‌കരിക്കും. ഏതെങ്കിലും പ്രൊജക്‌ടില്‍ പിശകുണ്ടായാല്‍ അതു വീണ്ടും ചെയ്യാന്‍ നിര്‍ദേശിക്കും. ആദ്യ അവസരത്തില്‍തന്നെ തൃപ്‌തികരമായി പ്രൊജക്‌ട് തയാറാക്കുന്നവര്‍ക്കു മികച്ച മാര്‍ക്ക്‌ നല്‍കും. പ്രൊജക്‌ട് ആവര്‍ത്തിക്കേണ്ടിവന്നാല്‍ അതിനനുസരിച്ച്‌ മാര്‍ക്കില്‍ മാറ്റം വരും. പുതിയ രീതിയില്‍ നിരന്തര മൂല്യനിര്‍ണയം നടത്തുന്നതിനുള്ള പരിശീലനം സെപ്‌റ്റംബര്‍ നാലിനു നടന്ന ക്ലസ്‌റ്റര്‍ മീറ്റിംഗില്‍ അധ്യാപകര്‍ക്കു നല്‍കി. ഇതുപോലെ മൂന്നു ക്ലസ്‌റ്റര്‍ മീറ്റിംഗുകള്‍ കൂടി നടത്തും.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌